Quantcast
MediaOne Logo

ആമി അബി

Published: 29 March 2024 3:00 PM GMT

ടോറസ് ലോറിയുടെ സൗന്ദര്യം

| കഥ

ടോറസ് ലോറിയുടെ സൗന്ദര്യം
X

ശാന്തിനഗര്‍ ഹൗസിംഗ് കോളനിയിലെ സന്ധ്യാ ജയരാമന്‍ മൂന്ന് തവണ വീടിന്റെ മുകള്‍ നിലയിലെ മുറിയിലേക്ക് വന്നപ്പോഴും കൂനല്ലൂര്‍ കുന്നിലേക്ക് ടോറസ് ലോറികള്‍ കയറ്റം കയറി പോകുന്നത് കണ്ടു.

മകന്‍ ആര്യന്റെ കേടായ സൈക്കിള്‍ താഴെ സ്ഥലം മുടക്കി കിടക്കുന്നത് കണ്ട് മുകള്‍ നിലയിലെ ഉപയോഗിക്കാത്ത ബെഡ്‌റൂമില്‍ കൊണ്ടുവെക്കാന്‍ രാവിലെ ഒരു 10 മണിക്ക് ചെന്നപ്പോഴായിരുന്നു ആദ്യത്തെ ലോറി പോയത്.

പിന്നീട് ജോലിക്കാരി രമ വന്നപ്പോള്‍ മുകള്‍ നിലയിലെ ഗോവണി സൈഡിലെ ജനല്‍ കമ്പിയിലെ തുരുമ്പ് കാണിച്ച് കൊടുക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് രണ്ടാമത്തെ ലോറി ഏങ്ങിയേങ്ങി കയറ്റം കയറുന്നത് കണ്ടത്.

രമ തുടച്ച ജനാലക്കമ്പികളില്‍ തുരുമ്പ് അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ വൈകീട്ട് ചെന്നപ്പോഴാണ് മൂന്നാമത്തെ ലോറി കണ്ടത്.

സന്ധ്യാ ജയരാമന്‍ മുകളിലേക്ക് കയറാത്ത അനേകം മണിക്കൂറുകളില്‍ എത്രയെത്ര ലോറികള്‍ പോയെന്ന് സന്ധ്യാ ജയരാമന് അറിയില്ല. എന്നാലും വൈകീട്ട് റസിഡന്‍സ് ഫിറ്റ്‌നസ്സ് ക്ലബ്ബില്‍ വെച്ച് കണ്ടപ്പോള്‍ ആരതി ദിവ്യദര്‍ശനോട് അവര്‍ പറഞ്ഞത് ആറേഴ് തവണ ലോറി കൂനല്ലൂര്‍ കുന്നിലേക്ക് പോകുന്നത് അവരുടെ സ്വന്തം കണ്ണ് കൊണ്ട് കണ്ടെന്നാണ്.

ദിവ്യദര്‍ശന്‍ ബാങ്കില്‍ നിന്ന് വന്നപ്പോള്‍ ആരതി കുഞ്ഞിന് കുറുക്ക് തയ്യാറാക്കികൊണ്ട് നില്‍ക്കുകയായിരുന്നു. സന്ധ്യാ ജയരാമന്‍ കണ്ട ആറേഴ് ടോറസുകള്‍ക്ക് പുറമേ സന്ധ്യാ ജയരാമന്‍ കാണാത്ത ടോറസ്‌കളെ കൂടി കണക്കിലെടുത്ത് കണ്ടതും, കാണാത്തതുമായതിന്റെ ഒരു ശരാശരി കണക്കാണ് M.com കാരിയായ ആരതി, ദിവ്യദര്‍ശനോട് പറഞ്ഞത്.

' ദിവ്യേ... ഇന്ന് മാത്രം 14 ടോറസ് ലോറികള്‍ കൂനല്ലൂര്‍ കുന്നിലേക്ക് പോയത്രെ.... '

ഭൂമിശാസ്ത്രപരമായി കൂനല്ലൂര്‍ കുന്നിന്റെ തെക്കുംഭാഗത്തും വടക്കുഭാഗത്തുമായിട്ട് കിടക്കുന്ന പ്രദേശങ്ങളാണ് ശാന്തിനഗര്‍ റസിഡന്‍സ് കോളനി സ്ഥിതി ചെയ്യുന്ന വടക്കേ കൂനല്ലൂരും, ലക്ഷം വീട് കോളനി സ്ഥിതി ചെയ്യുന്ന തെക്കേ കൂനല്ലൂരും.

തന്റെ പാന്റ് മാറ്റി VIP ജെട്ടിയില്‍ മുണ്ട് തിരഞ്ഞ് മുറിക്കാകമാനം നടക്കുന്നതിനിടയില്‍ ദിവ്യദര്‍ശന്‍ ആരതി പറഞ്ഞ ലോറികളുടെ എണ്ണം കൃത്യമായി കേട്ടില്ല. എന്നാലും കൂനല്ലൂര്‍ റോഡിലേക്ക് കയറുന്ന ഭാഗത്ത് പന്തല്‍ കെട്ടി കുന്നിന് താഴെ തെക്കുള്ള ലക്ഷംവീട് കോളനിക്കാര്‍ സമരം തുടങ്ങിയ കാര്യം ദിവ്യദര്‍ശന്‍ ആരതിയോട് പറഞ്ഞു. അപ്പോഴും ദിവ്യദര്‍ശന് മുണ്ട് കിട്ടിയിരുന്നില്ല.

എന്തായാലും റസിഡന്‍സ് അസോസിയേഷന്‍ മീറ്റിംഗ് കൂടാന്‍ പിറ്റേന്ന് തന്നെ തീരുമാനമായി. ലക്ഷം വീട് കോളനിക്കാരുടെ സമരത്തിനൊപ്പം ചേരാതെ പ്രത്യേകം സമരപ്പന്തല്‍ കെട്ടാനും, സ്ഥലം എം.പി, എം.എല്‍.എ എന്നിവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരാതി നല്‍കാനും തീരുമാനമായി. അതും നേരിട്ട് കണ്ട് തന്നെ!

ഭൂമിശാസ്ത്രപരമായി കൂനല്ലൂര്‍ കുന്നിന്റെ തെക്കുംഭാഗത്തും വടക്കുഭാഗത്തുമായിട്ട് കിടക്കുന്ന പ്രദേശങ്ങളാണ് ശാന്തിനഗര്‍ റസിഡന്‍സ് കോളനി സ്ഥിതി ചെയ്യുന്ന വടക്കേ കൂനല്ലൂരും, ലക്ഷം വീട് കോളനി സ്ഥിതി ചെയ്യുന്ന തെക്കേ കൂനല്ലൂരും.

കൂനല്ലൂര്‍ കുന്നില്‍ മുന്‍പ് ഒരു റബ്ബര്‍ ലാറ്റക്‌സ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. കൂനല്ലൂര്‍ കുന്ന് എന്ന് കേള്‍ക്കുമ്പോള്‍ അതൊരു വലിയ കുന്നോ, മലയോ, ആണെന്ന് തോന്നുമെങ്കിലും അതത്ര ഉയരത്തിലുള്ള പ്രദേശമൊന്നുമല്ല.

പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയ പ്രത്യേകിച്ച് കുടിവെള്ളത്തിന്റെ നിറവും രുചിയും വ്യത്യാസപ്പെടുത്തിയ റബ്ബര്‍ ഫാക്ടറി നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ അടച്ച് പൂട്ടുകയായിരുന്നു.


രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് സുദര്‍ശന്‍ വക്കീലാണ് കൂനല്ലൂരില്‍ മറ്റെന്തോ പ്രോജക്ട് വരുന്നുണ്ട് എന്ന സൂചന അസോസിയേഷനില്‍ അറിയിച്ചത്. തന്റെ സീനിയറിന്റെ നിര്‍ദേശപ്രകാരം ഒരു കേസിന്റെ വിശദാംശങ്ങള്‍ക്ക് വേണ്ടി മുനിസിപ്പാലിറ്റിയില്‍ നിന്നും ചില വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ രഹസ്യമായി ചോര്‍ന്ന് കിട്ടിയ വിവരമായിരുന്നു അത്.

പിന്നീട് അതേക്കുറിച്ച് ഒന്നും കേള്‍ക്കാത്തതിനാല്‍ അസോസിയേഷന്‍ മീറ്റിംഗില്‍ ആളാവാന്‍ വേണ്ടി വക്കീല്‍ പറഞ്ഞ ഒരു കളവാണെന്നാണ് ശാന്തിനഗറിലെ എല്ലാവരും കരുതിയത്.

കലക്ട്രേറ്റിലെ ഉദ്യോഗസ്ഥനായ സുരേഷ്ബാബുവിന്റെ ഭാര്യ സുചിത്ര കുട്ടികളെ സ്‌കൂള്‍ ബസില്‍ വിടാന്‍ വന്നപ്പോള്‍ സജിനി രമേശനോട്

' കൂനല്ലൂരില്‍ വലിയൊരു പന്നിഫാമാണ് വരുന്നതെന്ന് സുരേഷേട്ടന്‍ പറഞ്ഞു...'

ആ വാര്‍ത്ത കൂടി അറിഞ്ഞതോടെ വക്കീല്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ശാന്തിനഗറുകാര്‍ക്ക് മനസ്സിലായി. വക്കീലും, രമേശനും അന്ന് രാത്രി സുരേഷ് ബാബു ജോലി കഴിഞ്ഞെത്തിയ ഉടനെ അയാളുടെ വീടിന്റെ കോളിംഗ് ബെല്ലമര്‍ത്തി. വക്കീല്‍ വിവരം അറിഞ്ഞ ഉടനെ സുരേഷ്ബാബുവിനെ വിളിച്ചെങ്കിലും ബാബു എന്‍ഗേജ്ഡ് ആയിരുന്നു.

ബാര്‍ അസോസിയേഷനിലെ സുഭദ്രാ നമ്പ്യാര്‍ എങ്ങാനും വിളിച്ചാല്‍ തന്റെ ഫോണ്‍ എന്‍ഗേജ്ഡ് ആവുന്നതില്‍ പരിഭവിക്കുമോ എന്ന ആശങ്കയും സുരേഷ് ബാബുവിനെ നേരില്‍ കാണുന്നതിന് മുന്‍തൂക്കം നല്‍കി.

വക്കീല്‍ പ്രതീക്ഷിച്ചതു പോലെ ബാബുവുമായി സംസാരിച്ച് നില്‍ക്കെ സുഭദ്രാ നമ്പ്യാരുടെ കാള്‍ വരികയും ചെയ്തു. വിശദമായ ചര്‍ച്ചക്ക് ഒരു ദിവസം നിശ്ചയിക്കാന്‍ രമേശനേയും, ബാബുവിനേയും ചുമതലപ്പെടുത്തി വക്കീല്‍ അവിടെ നിന്ന് പതുക്കെ നടന്ന് സജിനി രമേശന്‍ അരുമയായി പരിപാലിക്കുന്ന ബോഗണ്‍ വില്ലകള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന മതിലില്‍ ചാരി നിന്ന് ഫോണ്‍ സംഭാഷണം തുടങ്ങി.

കൂനല്ലൂര്‍ തെക്കുഭാഗക്കാരും, വടക്കുഭാഗക്കാരും വെവ്വേറെയായി സമരം ആരംഭിച്ചു. തെക്കേ കൂനല്ലൂരുകാരുടെ സമരത്തിന് ചില ആക്ടിവിസ്റ്റുകള്‍ ഒഴികെ മറ്റാരും പിന്തുണയര്‍പ്പിച്ചിരുന്നില്ല. എന്നാല്‍, വടക്കു ഭാഗക്കാര്‍ സമരം തുടങ്ങിയതോടെ മാധ്യമ ശ്രദ്ധ കിട്ടിത്തുടങ്ങി.

തീയ്യതി നിശ്ചയിച്ചത് ബാബുവും രമേശനും കൂടിയാണെങ്കിലും മീറ്റിംഗില്‍ മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് വക്കീല്‍ വിശദമായ ഒരു പ്രസംഗം തന്നെ നടത്തി. പന്നിഫാം വന്നാല്‍ പ്രത്യേകിച്ച് മഴക്കാലം കൂടിയായാല്‍ പിന്നെ എന്തായിരിക്കും നമ്മുടെ നാടിന്റെ അവസ്ഥ എന്ന് വക്കീല്‍ ആകുലപ്പെട്ടത് ഓരോരത്തുരുടെയും നെഞ്ചില്‍ കൊണ്ടു.

രോഗഭീതി, ജല മലിനീകരണം, കുട്ടികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. ജന്തുജന്യ രോഗങ്ങള്‍ തുടങ്ങി എല്ലാ വിഷയങ്ങളും പ്രതിപാദിക്കുന്ന നല്ലൊരു പ്രസംഗമായിരുന്നു വക്കീലിന്റേത്. പ്രസംഗം കഴിഞ്ഞതും എല്ലാവരും വക്കീലിനെ അഭിനന്ദിച്ചു.

അതേ തുടര്‍ന്ന് എല്ലാ വീട്ടിലും ഓരോ ദിവസവും പന്നികള്‍ അത്താഴ സമയത്തെ ചര്‍ച്ചാ വിഷയമായി. കൂട്ടുകാര്‍ക്കൊപ്പം ഇടക്കെല്ലാം പോര്‍ക്ക് വരട്ടിയത് കൂട്ടി മദ്യപിക്കാറുള്ള രവീന്ദ്രന്റെ വീട്ടില്‍ മാത്രം പന്നിഫാം അധികം ചര്‍ച്ചയില്‍ വന്നില്ലെങ്കിലും, അയാളുടെ ഭാര്യ താരാ രവീന്ദ്രന്‍ മഴക്കാലത്ത് കൂനല്ലൂര്‍ കുന്നിലെ 10 ഏക്കര്‍ പന്നിഫാമില്‍ നിന്നും ഒഴുകി വരുന്ന മലിനജലത്തെ കുറിച്ച് രാത്രി മുഴുവന്‍ വേവലാതിപ്പെട്ടു കൊണ്ട് കിടന്നു.

കൂനല്ലൂര്‍ തെക്കുഭാഗക്കാരും, വടക്കുഭാഗക്കാരും വെവ്വേറെയായി സമരം ആരംഭിച്ചു. തെക്കേ കൂനല്ലൂരുകാരുടെ സമരത്തിന് ചില ആക്ടിവിസ്റ്റുകള്‍ ഒഴികെ മറ്റാരും പിന്തുണയര്‍പ്പിച്ചിരുന്നില്ല. എന്നാല്‍, വടക്കു ഭാഗക്കാര്‍ സമരം തുടങ്ങിയതോടെ മാധ്യമ ശ്രദ്ധ കിട്ടിത്തുടങ്ങി. പ്രകൃതി സംരക്ഷകയായ അഗതാദേവി അമ്മയുടെ പ്രകൃതിയുടേയും, കിളികളുടെയും നോവിന്റെ കരളലിയിപ്പിക്കുന്ന കവിത വടക്കും ഭാഗത്തെ സമര പന്തലിനെ കണ്ണീരിലാഴ്ത്തി.

പന്നിഫാമില്‍ ജൈവ മാലിന്യങ്ങള്‍ മാത്രമാണ് ഉണ്ടാവുക എന്നതിനാല്‍ പ്രകൃതിയും, കിളിയും എന്തിന് നൊമ്പരപ്പെടണം എന്ന് തെക്കും ഭാഗത്തെ സമരത്തിനിടക്ക് ബോറടിച്ച് കൂനല്ലൂര്‍ ഗ്രൗണ്ടിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ പോയ സുനിലിന് മനസ്സിലായില്ല.

മലയാള പാഠപുസ്തകത്തില്‍ അഗതാ ദേവി അമ്മയുടെ കവിത പഠിക്കാത്തതിന് ഒമ്പതാം ക്ലാസില്‍ വെച്ച് രുഗ്മിണി ടീച്ചര്‍ തല്ലിയതിന്റെ ദേഷ്യം സുനിലിന് കവയിത്രിയോട് ആദ്യമേ ഉള്ളതിനാല്‍ സുനിലിന്റെ സംശയം കൂടെയുള്ള പീറ്ററിന് വേണ്ടത്ര ന്യായമുള്ളതായി തോന്നിയില്ല.

സമരങ്ങള്‍ പതിയെ പതിയെ വലുതായികൊണ്ടിരുന്നു. അപ്പോഴും ഇടക്കിടെ കൂനല്ലൂരിലേക്ക് ടോറസുകള്‍ പൊയ്‌ക്കൊണ്ടിരുന്നു. അതിനിടയില്‍ പലവട്ടം കൂനല്ലൂരില്‍ വരാന്‍ പോകുന്ന പദ്ധതി എന്താണെന്ന കാര്യത്തില്‍ പലതരത്തില്‍ പ്രചരണങ്ങളുണ്ടായി.

മാലിന്യ പ്ലാന്റ് ആണെന്നും, അതല്ല പ്ലാസ്റ്റിക്ക് റിസൈക്ലിഗ് ആണെന്നും, ഇതൊന്നുമല്ല അടച്ചുപൂട്ടിയ റബ്ബര്‍ ലാറ്റക്‌സ് കമ്പനി വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടിയതാണെന്നും സംസാരങ്ങളുണ്ടായി.

എം.എല്‍.എ, എം.പിമാര്‍ ഒന്നും നിവേദനങ്ങളില്‍ വേണ്ടത്ര താല്‍പര്യമെടുത്തില്ല. തങ്ങളുടെ കുടുംബത്തിന്റെ സ്വസ്ഥ ജീവിതവും, വായുവും വെള്ളവും നശിപ്പിക്കുന്ന എന്ത് തന്നെയായാലും അതിനെ ഒറ്റക്കെട്ടായി നേരിടാന്‍ തെക്കേ കൂനല്ലൂരുകാരും, വടക്കേ കൂനല്ലൂരുകാരും മുന്‍സിപ്പാലിറ്റിയിലേക്കും, തുടര്‍ന്ന് കലക്ട്രേറ്റിലേക്ക് സംയുക്തമായി ഒരു വലിയ മാര്‍ച്ച് നടത്തി.

കലക്ട്രേറ്റ് മാര്‍ച്ച് അല്‍പം അക്രമാസക്തമായിരുന്നെങ്കിലും സമരക്കാരെ അഭിസംബോധന ചെയ്യാന്‍ ആദ്യമായി സര്‍ക്കാര്‍ പ്രതിനിധികള്‍ തയ്യാറായി.

സമരക്കാര്‍ കലക്ട്രേറേറ്റ് പടിക്കല്‍ കുത്തിയിരുന്നു. ഒടുവില്‍ സമരക്കാര്‍ക്ക് മുന്‍പില്‍ കലക്ടര്‍ പ്രത്യക്ഷപ്പെട്ടു.

'പ്രിയപ്പെട്ട കൂനല്ലൂര്‍ നിവാസികളെ. നിങ്ങളുടെ സൈ്വരജീവിതത്തെ തകര്‍ക്കുന്ന യാതൊരു പ്രോജക്ടും കൂനല്ലൂര്‍ കുന്നില്‍ വരില്ല എന്ന് ഞാനിതാ ഉറപ്പ് നല്‍കുകയാണ്. നിങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ച് തിരികെ പോകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്....'

അതുവരെ മുദ്രാവാക്യം വിളി നിര്‍ത്തി കലക്റ്ററുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട സമരക്കാര്‍ വീണ്ടും മുദ്രാവാക്യം വിളി ആരംഭിച്ചു.

അവിടെ എന്ത് നിര്‍മാണ പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയണം. സമരക്കാര്‍ ഒന്നടങ്കം പറഞ്ഞു.

കലക്ടര്‍ അല്‍പ നേരം മൗനം പാലിച്ചു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു തുടങ്ങി.

'പുതിയ പൗരത്വ പട്ടിക വരാന്‍ പോകുന്ന വിവരം നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാമല്ലോ. പൗരത്വ പട്ടികയില്‍ നിന്ന് പുറത്താവുകയും, പൗരത്വം പുതുക്കാന്‍ സാധിക്കാത്തവരുമായ മത വിഭാഗത്തില്‍ പെട്ട മനുഷ്യരെ പാര്‍പ്പിക്കാനുള്ള ഡിറ്റെന്‍ഷന്‍ സെന്ററുകളാണ് അവിടെ പണിത് കൊണ്ടിരിക്കുന്നത്...'

സമരക്കാര്‍ക്കിടയില്‍ ഒരു നിശബ്ദത കനത്തു. സമരക്കാര്‍ പരസ്പരം നോക്കി. സന്ധ്യാ ജയരാമന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി തെളിഞ്ഞു.

'ഇതൊന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കില്‍ ഇത്രയും നാള്‍ തങ്ങള്‍ സമരം ചെയ്ത് കഷ്ടപ്പെടേണ്ടതുണ്ടായിരുന്നോ സാര്‍.....'

കോളജ് അധ്യാപകനായ ജയകുമാര്‍ ഉറക്കെ ചോദിച്ചു.

സമരക്കാര്‍ ഓരോരുത്തരായി ആശ്വാസ നിശ്വാസങ്ങളോടെ നിലത്ത് നിന്നെഴുനേറ്റു. എത്രയോ മാസങ്ങളായി തങ്ങളുടെ സ്വസ്ഥത തകര്‍ത്തതിനും, സമയവും, പണവും പാഴാക്കേണ്ടി വന്നതിനും പലരും സര്‍ക്കാര്‍ പ്രതിനിധികളോട് കയര്‍ത്തു.

സമരം വിജയിച്ചതില്‍ വടക്കും ഭാഗത്തുള്ളവരെല്ലാം പരസ്പരം കൈകൊടുത്തും, പൊട്ടിച്ചിരിച്ചും സന്തോഷം രേഖപ്പെടുത്തി. പിന്നീട് ഓരോരുത്തരായി പിരിഞ്ഞ് താന്താങ്ങളുടെ വാഹനങ്ങളില്‍ കയറി ആശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങി.

തെക്കുംഭാഗത്തുകാരും തങ്ങള്‍ വന്ന ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പതുക്കെ നടന്നു. തെക്കുംഭാഗത്തെ സമരക്കാരില്‍ രാജേഷിനും, വേലു ചേട്ടനും ബസില്‍ ഒരു സീറ്റിലാണിരുന്നത്. രണ്ട് പേരും എന്തുകൊണ്ടോ അസ്വസ്ഥരായിരുന്നു.

അന്ന് രാത്രി സന്ധ്യാ ജയരാമന്‍ കൂനന്‍ കുന്നിലേക്ക് പോകുന്ന ടോറസ് ലോറികള്‍ നോക്കി ആനന്ദത്തോടെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ നിന്നു. കുത്തനെ റോഡില്‍ വീഴുന്ന ലോറിയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം തീര്‍ക്കുന്ന രാത്രിയുടെ സൗന്ദര്യം സന്ധ്യാ ജയരാമനില്‍ ഒരു സൗന്ദര്യാസ്വാദകയെ കൂടി സൃഷ്ടിച്ചു.

പിറ്റേന്ന് ദിവ്യദര്‍ശന്‍ ഓഫീസിലേക്ക് പോകുമ്പോള്‍ തെക്കുംഭാഗത്തെ സമര പന്തലില്‍ രണ്ട് മൂന്ന് പേര്‍ മാത്രം ഇരിക്കുന്നത് കണ്ടു. ഈ മണ്ടന്‍മാര്‍ ഇനിയും എന്തിനാണ് സമരപ്പന്തലിരിക്കുന്നതെന്ന് ആശ്ചര്യപ്പെട്ട് ദിവ്യദര്‍ശന്‍ തന്റെ സ്‌ക്കൂട്ടറിന്റെ വേഗത കൂട്ടി.




TAGS :