Quantcast
MediaOne Logo

ശരണ്യ രാജന്‍

Published: 23 Dec 2023 12:47 PM GMT

താരങ്ങളോടുള്ള അ'നീതി'

രാജ്യത്തിന്റെ അഭിമാനമായ താരങ്ങളെ അവഗണിച്ച് കുറ്റം ചെയ്തവര്‍ക്കായി സംരക്ഷണ വലയം തീര്‍ക്കുന്ന സര്‍ക്കാരുള്ളിടത്തോളം ഇനിയും നിരവധി അനീതികള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരും.

ഗുസ്തി താരങ്ങളുടെ സമരം, സാക്ഷിമാലിക്, പത്മശ്രീ തിരികെ നല്‍കി ബജ്രംഗ് പൂനിയ
X

ലോക വേദികളില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് സ്വന്തം രാജ്യത്തിനു വേണ്ടി അഭിമാനനേട്ടങ്ങള്‍ കൈവരിച്ച കായിക താരങ്ങളാണിന്ന് അതേ രാജ്യത്തിനു മുന്നില്‍ നിറകണ്ണുകളോടെ നീതിക്കുവേണ്ടി പോരാടുന്നത്. മാസങ്ങളായി തലസ്ഥാന നഗരിയിലെ പൊതുനിരത്തുകളില്‍ ഉയര്‍ന്നുകേട്ട ഗുസ്തി താരങ്ങളുടെ നീതിക്കു വേണ്ടിയുള്ള ശബ്ദം നമ്മുടെയൊക്കെ ഉള്ളുപൊള്ളിക്കുന്ന കാഴ്ചയായിരുന്നു. 'ജബ് ജബ് മോദി ദര്‍താ ഹേ, പുലീസ് കോ ആഗെ കര്‍ത്താ ഹേ' (മോദിക്ക് ഭയപ്പാടിളകുമ്പോള്‍ പൊലീസിനുപിന്നില്‍ ഒളിക്കുന്നു) എന്ന ഉശിരന്‍ മുദ്രാവാക്യം രാജ്യ തലസ്ഥാനത്ത് മാസങ്ങളോളം മുഴങ്ങിക്കേട്ടു. പിന്നീട് താരങ്ങളെ ചര്‍ച്ചക്ക് വിളിച്ച് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഫലം കാണാതെ വന്നതോടെ സമരം തുടരുകയായിരുന്നു.

2023 ജനുവരി 19ന് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷനും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും, തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നുമുള്ള ആരോപണവുമായി വിനേഷ് ഫോഗട്ട് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഗുസ്തി താരങ്ങള്‍ സമരമുഖത്തേക്ക് ഇറങ്ങുന്നത്. 12 വര്‍ഷത്തോളം ദേശീയ ഗുസ്തി ഫെഡറേഷന്‍ അടക്കി ഭരിക്കുകയും ലൈംഗികാരോപണം നേരിടുകയും ചെയ്ത ബ്രിജ് ബുഷനെയും അനുയായികളെയും ഫെഡറേഷനില്‍ നിന്ന് പുറത്താക്കുക എന്നതായിരുന്നു ഗുസ്തി താരങ്ങള്‍ ആദ്യം മുതല്‍ക്കേ ഉന്നയിച്ച ആവശ്യം. എന്നാല്‍, മാസങ്ങള്‍ക്കിപ്പുറം ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന്റെ വിശ്വസ്തനും ബിസ്സിനസ്സ് പങ്കാളിയുമായ സഞ്ജയ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഗുസ്തി താരം സാക്ഷി മാലിക് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

'ഈ രക്ഷാബന്ധന്‍ ദിനത്തില്‍, ഇന്ത്യയുടെ പുത്രി സാക്ഷി മാലിക് ഒരു വെങ്കലം നേടുകയും നമ്മെയെല്ലാം അഭിമാനം കൊള്ളിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ അവള്‍ നിരവധി കായിക താരങ്ങള്‍ക്ക് പ്രചോദനമാകും' 2016 റിയോ ഒളിമ്പിക്സില്‍ സാക്ഷി മാലിക് വെങ്കല മെഡല്‍ നേടിയ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെയാണ് പ്രതികരിച്ചത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സാക്ഷി തീരുമാനം രാജ്യത്തോട് വിളിച്ചു പറയുകയും തന്റെ ഷൂസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഗുസ്തി താരം ബജ് രംഗ് പൂനിയ പ്രധാനമന്ത്രിയുടെ വാസതിക്ക് മുന്നിലെ നടപ്പാതയില്‍ തന്റെ പദ്മശ്രീ പുരസ്‌കാരം വെക്കുകയും താനിത് തിരിച്ചു നല്‍കുകയാണെന്ന് പ്രഖ്യപിക്കുകയും ചെയ്തു.താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങും പത്മശ്രീ തിരികെ നല്‍കുമെന്ന് അറിയിച്ചു.

2023 ജനുവരിയില്‍ ആരംഭിച്ച സമരം,കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ്താക്കൂര്‍ നല്‍കിയ ഉറപ്പുകളെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ പിന്‍വലിച്ചുവെങ്കിലും ഉറപ്പുകള്‍ പാലിക്കപ്പെടാതായതോടെ വീണ്ടും സമരത്തിലേക്ക്കടക്കുകയായിരുന്നു താരങ്ങള്‍. ഇതിനിടെ രാജ്യത്തിനായി നേടിയ മെഡലുകള്‍ താരങ്ങള്‍ ഗംഗയില്‍ ഒഴുക്കിക്കളയാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അന്നത് കര്‍ഷക നേതാക്കള്‍ ഇടപെട്ട്തടയുകയായിരുന്നു. 'ഈ രക്ഷാബന്ധന്‍ ദിനത്തില്‍, ഇന്ത്യയുടെ പുത്രി സാക്ഷി മാലിക് ഒരു വെങ്കലം നേടുകയും നമ്മെയെല്ലാം അഭിമാനം കൊള്ളിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ അവള്‍ നിരവധി കായിക താരങ്ങള്‍ക്ക് പ്രചോദനമാകും' 2016 റിയോ ഒളിമ്പിക്സില്‍ സാക്ഷി മാലിക് വെങ്കല മെഡല്‍ നേടിയ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെയാണ് പ്രതികരിച്ചത്. ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന ചരിത്രം കൂടി രചിക്കുകയായിരുന്നു അന്ന് ഹരിയാന സ്വദേശിയായ സാക്ഷി മാലിക്. ഭാവി താരങ്ങള്‍ക്ക് ഇവരൊക്കെയും പ്രചോദനമാണെങ്കിലും അതിനുള്ള വിശാലവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കി നല്‍കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാധിക്കുന്നില്ല എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ അരങ്ങേറുന്ന സംഭവങ്ങള്‍. ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അതിവൈകാരികമായാണ് താരങ്ങള്‍ പ്രതികരിച്ചത്.


'രാജ്യത്തിനായി മെഡലുകള്‍ വാങ്ങി നെഞ്ചോടു ചേര്‍ത്തുപിടിച്ചപ്പോഴെല്ലാം വലിയ അഭിമാനം തോന്നിയിരുന്നു. രാജ്യം ഒപ്പമുണ്ടെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ നടക്കുന്നതെല്ലാം ആ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്' എന്ന് ഗുസ്തി താരങ്ങള്‍ സമരവഴികളിലുടനീളം പറയുന്നുണ്ടായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനംചെയ്ത അതേദിവസം സമരം ചെയുന്ന താരങ്ങളെയൊക്കെ പൊതുനിരത്തിലൂടെ വലിച്ചിഴയ്ക്കുന്ന കാഴ്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു.

ഉറപ്പുകള്‍ പാലിച്ചില്ല

ലൈംഗികാരോപണത്തിന് വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ കുടുംബത്തെയും അടുത്ത സഹായികളെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് താരങ്ങള്‍ കുറ്റപ്പെടുത്തി. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. ഒരു സ്ത്രീ ആയിരുന്നു പ്രസിഡന്റ് എങ്കില്‍ താരങ്ങള്‍ ചൂഷണം നേരിടേണ്ടി വരില്ലായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു. 'രാജ്യത്തെ കായികമേഖലയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിവരുന്ന പോരാട്ടം വിഫലമായിരിക്കുന്നു. ഞങ്ങള്‍ തോറ്റു, ഞങ്ങളെ ചേര്‍ത്തുപിടിച്ചവര്‍ക്ക് നന്ദി' ഇന്ത്യയുടെ അഭിമാന താരം സാക്ഷിമാലിക് ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ രാജ്യം തലകുനിക്കുകയാണ്.

പ്രായോഗിക രാഷ്ട്രീയത്തിന്റെ ഗോദയില്‍സ്ത്രീപക്ഷവും നീതിയുമൊക്കെ വെറും നോക്കുകുത്തികളാവുന്ന കാഴ്ചയ്ക്ക് മുന്‍പില്‍ ലജ്ജയോടെയല്ലാതെ നമുക്ക് നോക്കി നില്‍ക്കാനാകില്ല. രാജ്യത്തിന്റെ അഭിമാനമായ താരങ്ങളെ അവഗണിച്ച് കുറ്റം ചെയ്തവര്‍ക്കായി സംരക്ഷണ വലയം തീര്‍ക്കുന്ന ഒരു സര്‍ക്കാരുള്ളിടത്തോളം ഇനിയും നിരവധി അനീതികള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരും.


എഴുത്തിലും, വായനയിലും, കലയിലും, തുടങ്ങി സകല മേഖലകളിലും ഫാഷിസം കടന്നുകയറുമ്പോള്‍, തങ്ങളുടെ ആത്മാഭിമാനം പണയം വെയ്ക്കാതെ നീതിക്കുവേണ്ടി ഉയര്‍ത്തുന്ന ശബ്ദം അതിലുമുറക്കെ രാജ്യത്തോട് സംവദിക്കും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവങ്ങള്‍. മൗനം വെടിഞ്ഞു താരങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നാണ് ഇനി രാജ്യം ഉറ്റുനോക്കുന്നത്.

പ്രതിഷേധത്തിന്റെ നാള്‍വഴി

2023 ജനുവരി 19:ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷനും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് രംഗത്ത്.

ജനുവരി 22: ബ്രിജ്ഭൂഷനും ചില കോച്ചുമാര്‍ക്കുമെതിരെ ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി ദേശീയ ഗുസ്തി ഫെഡറേഷന്‍ കായിക മന്ത്രാലയത്തിനു പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.

ജനുവരി 23: ഗുസ്തി ഭരണം പ്രത്യേക സമിതിക്ക്. ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ ചുമതലകളില്‍നിന്നു മാറി നില്‍ക്കാന്‍ തീരുമാനം,

ജനുവരി 23:ദേശീയ ഗുസ്തി ഫെഡറേഷന്റെ മേല്‍നോട്ടച്ചുമതല ബോക്‌സിങ് താരം എം.സി മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതിയെ ഏല്‍പിച്ചു. ലൈംഗികാരോപണങ്ങളെക്കുറിച്ചും സമിതി അന്വേഷിക്കാന്‍ തീരുമാനം.

ഏപ്രില്‍ 21: ബ്രിജ്ഭൂഷനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് പേര്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. ആറ് ദിവസം പിന്നിട്ടിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ പ്രതഷേധിച്ച് ജന്തര്‍മന്തറില്‍സമരം ആരംഭിച്ചു.

ഏപ്രില്‍ 25: ലൈംഗികാതിക്ര പരാതിയില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു.

ഏപ്രില്‍ 26: വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടു. വനിത ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ഡല്‍ഹി പൊലീസിനോട് 28നു മുന്‍പു മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.

ഏപ്രില്‍ 29: ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ്ഭൂഷനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു,

മേയ് 11: ബ്രിജ്ഭൂഷനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി കോടതി പൊലീസിനു നിര്‍ദേശം നല്‍കി.

മേയ് 28: പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുസമീപം 'മഹിളാ മഹാപഞ്ചായത്ത്' നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങളെ ഡല്‍ഹി പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചു. സമരപ്പന്തല്‍ പൊളിച്ചുനീക്കി.

മേയ് 30: രാജ്യത്തിന് നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കന്‍ താരങ്ങള്‍ ഹരിദ്വാറില്‍. കര്‍ഷകര്‍ അനുനയിപ്പിച്ച് ഒഴുക്കുന്നത് തടഞ്ഞു.

ജൂണ്‍ 03: ആഭ്യന്തര മന്ത്രി അമിത് ഷായുമായി രാത്രി ചര്‍ച്ച. തുടര്‍ന്ന് താരങ്ങള്‍ റെയില്‍വേയിലെ ജോലിയില്‍ തിരികെ പ്രവേശിക്കുന്നു. സമരം തുടരുമെന്നും അറിയിച്ചു.

ജൂണ്‍ 08: കായിക മന്ത്രി അനുരാഗ് താക്കൂറുമായി ആറ് മണിക്കൂര്‍ ചര്‍ച്ച; 15ന് അകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ്. സമരം അതുവരെ നിര്‍ത്തി.

ഡിസംബര്‍ 21: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ തെരഞ്ഞടുപ്പില്‍ ബ്രിജ്ഭൂഷന്റെ അനുയായിക്ക് ജയം .പ്രതിഷേധിച്ച് ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി മാലിക്ക്. പിന്നാലെ പത്മശ്രീ തിരികെ നല്‍കി ബജ്രംഗ് പൂനിയ.

'ഈ രക്ഷാബന്ധന്‍ ദിനത്തില്‍, ഇന്ത്യയുടെ പുത്രി സാക്ഷി മാലിക് ഒരു വെങ്കലം നേടുകയും നമ്മെയെല്ലാം അഭിമാനം കൊള്ളിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ അവള്‍ നിരവധി കായിക താരങ്ങള്‍ക്ക് പ്രചോദനമാകും' 2016 റിയോ ഒളിമ്പിക്സില്‍ സാക്ഷി മാലിക് വെങ്കല മെഡല്‍ നേടിയ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെയാണ് പ്രതികരിച്ചത്.