Quantcast
MediaOne Logo

റുഷ്ദ സൈനബ്

Published: 30 Dec 2023 3:12 PM GMT

ഇന്ത്യയിലും കേരളത്തിലും നിലനില്‍ക്കുന്നത് ഒലിഗാര്‍ക്കി ഭരണം - സുദേഷ് എം. രഘു

'വീണ്ടും മണ്ഡല്‍ v/s കമണ്ഡല്‍? - ജാതി സര്‍വേ ഇന്ത്യയുടെ ഗതി മാറ്റുമോ?' എന്ന തലക്കെട്ടില്‍ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍, ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുദേഷ് എം. രഘു സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം. | റിപ്പോര്‍ട്ട്: റുഷ്ദ സൈനബ്

കേരളത്തില്‍ ജാതി സെന്‍സസ്,
X

ഭരണത്തിന്റെ വിവിധ മേഖലകളില്‍ വിവിധ സമുദായങ്ങളുടെ (കമ്യൂണിറ്റികളുടെ) പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് അഫര്‍മേറ്റീവ് ആക്ഷനി [affirmative action] ലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഈ ഉദ്ദേശ്യത്തില്‍ തന്നെയാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണത്തിനായുള്ള വ്യവസ്ഥകള്‍ കൊണ്ടുവന്നതും. ഭരണഘടനാ രൂപവത്കരണത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോള്‍ തമിഴ്നാട്ടില്‍നിന്നുള്ള ദലിത് പ്രതിനിധികള്‍ നാഗപ്പയും മുനിസ്വാമിപിള്ളെയും തങ്ങളുടെ ആശങ്ക ഭരണഘടനാ നിര്‍മാണ സഭയില്‍ത്തന്നെ ഉന്നയിച്ചിരുന്നു. തങ്ങള്‍ അറിവില്ലാത്തവരാണെങ്കിലും നിഷ്‌കളങ്കരാണെങ്കിലും ഊമകളാണെങ്കിലും തങ്ങള്‍ക്ക് അര്‍ഹമായ, മതിയായ പ്രാതിനിധ്യം (due and adequate share) അധികാരത്തില്‍ ലഭിക്കണം എന്ന് വളരെ സ്പഷ്ടമായി നാഗപ്പ ആവശ്യപ്പെട്ടിരുന്നു.

അത്തരം ആശങ്കകള്‍ പരിഹരിക്കാനായാണ് ഡോ. ബാബാസാഹിബ് അംബേഡ്കര്‍, ഇന്ത്യന്‍ ഭരണഘടനയില്‍ ചില വകുപ്പുകള്‍ എഴുതിച്ചേര്‍ത്തത്. സ്റ്റേറ്റിന്റെ അഭിപ്രായത്തില്‍ ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭ്യമാകുന്നില്ലെങ്കില്‍ അവര്‍ക്കു വേണ്ടി പ്രത്യേക വ്യവസ്ഥകള്‍ കൊണ്ടുവരുന്നതില്‍ സ്റ്റേറ്റിനെ തടയുന്നില്ലെന്ന, സുപ്രസിദ്ധമായ അനുഛേദം 16(4) ഒക്കെ ഭരണഘടനയില്‍ വരുന്നത് അങ്ങനെയാണ്. ഈ വ്യവസ്ഥ പ്രകാരം വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിനുള്ള ഉപകരണം (tool) മാത്രമാണ് സംവരണം.

സര്‍വെ എന്നാല്‍ ആളുകളുടെ സമുദായത്തെപ്പറ്റിയും വിദ്യാഭ്യാസ- സാമ്പത്തിക നിലയെപ്പറ്റിയെല്ലാമുള്ള വിപുലമായ പഠനമാണ്. ഇതില്‍ എല്ലാ മതവിഭാഗങ്ങളുടെയും കണക്കുകള്‍ ഉള്‍പ്പെടും. എന്നാല്‍, ഓരോ മതവിഭാഗങ്ങളിലെയും മുന്നാക്കവിഭാഗമെന്നു വിശേഷിപ്പിക്കുന്നവരുടെയോ പിന്നാക്ക വിഭാഗമെന്നു വിശേഷിപ്പിക്കുന്നവരുടെയോ കണക്കെടുക്കുന്നില്ല എന്നതാണു വിചിത്രമായ യാഥാര്‍ഥ്യം. സെന്‍സസിന്റെ പ്രധാന പ്രശ്നമായി ഉന്നയിക്കുന്നത് ഇതു തന്നെയാണ്. കമ്യൂണിറ്റി ഹെഡ് കൗണ്ട് സര്‍വെയിലേക്ക് മാറണം എന്നു പറയുന്നതിന്റെ കാരണം ഇതാണ്.

സംവരണം നടപ്പാക്കുമ്പോള്‍ സമുദായത്തിന്റെ പ്രതിനിധികളായിരിക്കാനുള്ള യോഗ്യത ആ സമുദായത്തിലെ വ്യക്തികള്‍ക്കുണ്ട്. ഭരണസംവിധാനത്തിന്റെ പ്രധാനപ്പെട്ട മേഖലയായ ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് തുടങ്ങിയവയിലെ പ്രാതിനിധ്യത്തിന്റെ ലഭ്യമായ കണക്കുകള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ഈ പ്രാതിനിധ്യം വ്യത്യസ്ത സമുദായങ്ങള്‍ക്ക് അര്‍ഹമായ രീതിയില്‍ ലഭിച്ചിട്ടില്ല എന്നു കാണാം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍, രാജ്യത്ത് അധികാരം കൈമാറുന്ന സന്ദര്‍ഭത്തില്‍, ഡോ. ബാബാസാഹിബ് അംബേഡ്കര്‍ നല്‍കിയ പ്രധാനപ്പെട്ട മുന്നറിയിപ്പ് ഇതായിരുന്നു: 'നിങ്ങള്‍ ഇവിടെ പ്രാതിനിധ്യ ജനാധിപത്യമല്ല നടപ്പാക്കുന്നതെങ്കില്‍, വ്യത്യസ്ത സമുദായങ്ങളുടെ പ്രാതിനിധ്യം ഭരണാധികാരത്തില്‍ നല്‍കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഇവിടെ ഉണ്ടാവാന്‍ പോകുന്നത് ഒന്നോ രണ്ടോ സമുദായത്തിന്റെ ഒലിഗാര്‍ക്കി ഭരണം ആയിരിക്കും'. വ്യത്യസ്ത പാര്‍ട്ടികള്‍ മാറി മാറി ഭരിക്കുന്ന ഇന്ത്യയിലും കേരളത്തിലും ഒലിഗാര്‍ക്കി ഭരണമാണു നിലനില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള ഭരണത്തെ ഉന്മൂലനം ചെയ്യണമെങ്കില്‍ പ്രാതിനിധ്യ ജനാധിപത്യം നടപ്പാണം. ആനുപാതികമായ അവകാശങ്ങള്‍ ലഭിക്കാനാണ് സംവരണം എന്ന ഉപകരണം പ്രാഥമികമായി നടപ്പാക്കുന്നതെന്നു മനസ്സിലാക്കേണ്ടതുണ്ട്.

സെന്‍സസിലൂടെ കണക്കുകള്‍ പുറത്തു വന്നു കഴിഞ്ഞാല്‍ ജനസംഖ്യയില്‍ വളരെ കുറവുള്ള സമുദായങ്ങള്‍ അമിത പ്രാതിനിധ്യം നേടിയിരിക്കുന്നു എന്ന വസ്തുത ജനങ്ങള്‍ക്ക്, വിശേഷിച്ച് പിന്നാക്ക-ദലിത് ജനതക്കു മനസ്സിലാവും. അതുകൊണ്ടാണ് ഒലിഗാര്‍ക്കി സമുദായക്കാര്‍ക്കു നിര്‍ണായക സ്ഥാനങ്ങളുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ജാതി സെന്‍സസിന് അനുകൂലമായി ശക്തമായി രംഗത്തുവരാന്‍ മടിക്കുന്നത്.

സര്‍വെ എന്നാല്‍ ആളുകളുടെ സമുദായത്തെപ്പറ്റിയും വിദ്യാഭ്യാസ- സാമ്പത്തിക നിലയെപ്പറ്റിയെല്ലാമുള്ള വിപുലമായ പഠനമാണ്. ഇതില്‍ എല്ലാ മതവിഭാഗങ്ങളുടെയും കണക്കുകള്‍ ഉള്‍പ്പെടും. എന്നാല്‍, ഓരോ മതവിഭാഗങ്ങളിലെയും മുന്നാക്കവിഭാഗമെന്നു വിശേഷിപ്പിക്കുന്നവരുടെയോ പിന്നാക്ക വിഭാഗമെന്നു വിശേഷിപ്പിക്കുന്നവരുടെയോ കണക്കെടുക്കുന്നില്ല എന്നതാണു വിചിത്രമായ യാഥാര്‍ഥ്യം. സെന്‍സസിന്റെ പ്രധാന പ്രശ്നമായി ഉന്നയിക്കുന്നത് ഇതു തന്നെയാണ്. കമ്യൂണിറ്റി ഹെഡ് കൗണ്ട് സര്‍വെയിലേക്ക് മാറണം എന്നു പറയുന്നതിന്റെ കാരണം ഇതാണ്. ഇത്തരത്തില്‍ സര്‍വെ നടത്തിയാല്‍ ജാതി കലാപങ്ങള്‍ക്കും ജനങ്ങള്‍ വിഭജിക്കുന്നതിനും മറ്റു വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ഈ സര്‍വേയെ എതിര്‍ക്കുന്നവരും സര്‍ക്കാരും പറയുന്ന ന്യായം. എന്നാല്‍, ഇതുവരെ നടന്ന എല്ലാ സര്‍വേയിലു മതാടിസ്ഥാനത്തില്‍ കണക്കെടുത്തപ്പോഴോ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കണക്കെടുത്തപ്പോഴോ സാമ്പിള്‍ സര്‍വേകളിലൂടെ പിന്നാക്ക-മുന്നാക്ക സമുദായങ്ങളുടെയോ കണക്കെടുക്കുമ്പോഴോ സംഭവിക്കാത്ത കലാപം, മുഴുവന്‍ ജനങ്ങളെയും സമുദായാടിസ്ഥാനത്തില്‍ തലയെണ്ണിയാല്‍ ഉണ്ടാകും എന്നു പറയുന്നതിന് എന്തു ലോജിക്കാണുള്ളത്? 2011ല്‍ നടന്ന സോഷ്യോ ഇക്കണോമിക് സര്‍വേയിലും 1968ല്‍ കേരളത്തില്‍ നടന്ന സമുദായ സര്‍വേയിലും സമുദായങ്ങളുടെ കണക്കെടുത്തത് ഇക്കാരണം പറഞ്ഞാണ് സര്‍ക്കാരുകള്‍ പുറത്തുവിടാത്തത്. ബീഹാറിലെ ജാതി സെന്‍സസ് കണക്ക് പുറത്തുവന്നല്ലോ. എന്തെങ്കിലും കലാപം നാട്ടിലുണ്ടായോ?

2011 ലെ കണക്ക് പ്രകാരം സുപ്രിം കോടതിയില്‍ 34 ജഡ്ജിമാരില്‍ - ഇതില്‍ 15 പേരും ഒരു സമുദായ(ബ്രാഹ്മണ)ത്തില്‍ നിന്നാണ്. ഇതെങ്ങനെയാണ് പ്രാതിനിധ്യമാവുന്നത്? കേരളത്തില്‍ 67 കൊല്ലത്തിനകം 48 ചീഫ് സെക്രട്ടറിമാര്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ 43 പേരും ബ്രാഹ്മണ്‍, ക്രിസ്ത്യന്‍, നായര്‍ എന്നീ മൂന്നു സമുദായത്തില്‍ നിന്ന് മാത്രമായിരുന്നു. സെന്‍സസിലൂടെ കണക്കുകള്‍ പുറത്തു വന്നു കഴിഞ്ഞാല്‍ ജനസംഖ്യയില്‍ വളരെ കുറവുള്ള സമുദായങ്ങള്‍ അമിത പ്രാതിനിധ്യം നേടിയിരിക്കുന്നു എന്ന വസ്തുത ജനങ്ങള്‍ക്ക്, വിശേഷിച്ച് പിന്നാക്ക-ദലിത് ജനതക്കു മനസ്സിലാവും. അതുകൊണ്ടാണ് ഒലിഗാര്‍ക്കി സമുദായക്കാര്‍ക്കു നിര്‍ണായക സ്ഥാനങ്ങളുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ജാതി സെന്‍സസിന് അനുകൂലമായി ശക്തമായി രംഗത്തുവരാന്‍ മടിക്കുന്നത്.





TAGS :