Quantcast
MediaOne Logo

മുഹമ്മദ് ശമീം

Published: 1 April 2024 6:00 PM GMT

നജീബ് ശരിക്കും പ്രവാസിയായത് ഇപ്പോഴാണ്; കാഫ്കയും നജീബും പാവം ആടുകളും

ഇപ്പോഴാണ്, ശരിക്കും ഇപ്പോള്‍ത്തന്നെയാണ് നജീബ് പ്രവാസിയായത്, ഗ്രിഗര്‍ സാംസയായത്. ഗ്രിഗര്‍ സാംസയുടെ പുതിയ രൂപം കണ്ട് പരിഭ്രാന്തരായി അയാളെ ഔട്കാസ്റ്റ് ആയി പരിഗണിച്ചിരുന്ന കുടുംബാംഗങ്ങള്‍ പിന്നീട് സാമ്പത്തികമായ ഉന്നമനത്തിനായി അയാളുടെ പുതിയ സാന്നിധ്യത്തെ ആശ്രയിക്കുന്നുമുണ്ടല്ലോ. നജീബിന്റെ കാര്യത്തില്‍ അത് സ്വന്തം കുടുംബാംഗങ്ങളല്ലെന്ന് മാത്രം.

നജീബ് ശരിക്കും പ്രവാസിയായത് ഇപ്പോഴാണ്;   കാഫ്കയും നജീബും പാവം ആടുകളും
X

ഗ്രിഗര്‍ സാംസയുടെ മെറ്റമോര്‍ഫസിസിനെ പ്രവാസത്തിന്റെ രൂപകമായും എടുക്കാമെന്ന് തോന്നുന്നു. ഒരിക്കലൊരു പ്രഭാതം പുലര്‍ന്നത് സാംസ തന്നെ ഒരു ഭീമന്‍ പ്രാണിയായി രൂപാന്തരപ്പെട്ടു കൊണ്ടാണല്ലോ (Metamorphosis by Franz Kafka). വിചിത്രവും സര്‍റിയലുമായ ഒരു ഭൗതികപരിണാമം തന്നെയെങ്കിലും പ്രവാസജീവിതം നയിക്കുന്ന വ്യക്തികള്‍ അനുഭവിക്കുന്ന അന്യവത്കരണത്തിന്റെയും അകല്‍ച്ചയുടെയും രൂപകമായും ഇതിനെ വ്യാഖ്യാനിക്കാം. അഥവാ അപ്രകാരം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ഒറ്റപ്പെടല്‍ (isolation), സ്ഥാനഭ്രംശം (displacement), സ്വത്വലോപം (loss of identity) എന്നീ തീമുകളിലൂടെ വിശകലനം ചെയ്യുമ്പോള്‍ മെറ്റമോര്‍ഫസിസ് തരുന്ന പല സാധ്യതകളിലൊന്നാണ് പ്രവാസജീവിതവും. പ്രാണിയിലേക്കുള്ള 'വി'പരിണാമം സാംസയെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും വേര്‍പെടുത്തുന്നു. ആരുമായും ആശയവിനിമയം നടത്താനോ ഇടപഴകാനോ അയാള്‍ക്ക് കഴിയുന്നില്ല.

ഈ പൃഥക്കരണബോധം പ്രവാസത്തിന്റെ അനുഭവത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. അവിടെ വ്യക്തികള്‍ അവരുടെ പരിചിതമായ ചുറ്റുപാടുകളില്‍ നിന്ന് വേരോടെ പിഴുതെറിയപ്പെടുകയും തികച്ചും അപരിചിതമായ ഭൂപ്രദേശത്ത് സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

സാംസയുടെ പരിണാമം പലപ്പോഴും പ്രവാസത്തോടൊപ്പമുണ്ടാകുന്ന സ്വത്വലോപത്തിന്റെ രൂപകമായി മാറുന്നുണ്ട്. മനുഷ്യ സ്വത്വത്തില്‍ നിന്ന് കൂടുതല്‍ വിച്ഛേദിക്കപ്പെട്ട തന്റെ സ്വന്തം ശരീരത്തില്‍ സ്വയം അപരിചിതനെപ്പോലെ ജീവിക്കുന്ന അയാള്‍ക്ക് തന്റെ മുന്‍ അസ്തിത്വത്തെ നിലവിലെ അവസ്ഥയുമായി പൊരുത്തപ്പെടുത്താന്‍ ഒട്ടും കഴിയുന്നില്ല. സ്വന്തത്തെക്കുറിച്ച ചോദ്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നു അയാള്‍ക്ക്.

പ്രവാസാനുഭവത്തിന്റെ രൂപകമായി ഗ്രിഗര്‍ സാംസയുടെ പരിണാമത്തെ വ്യാഖ്യാനിക്കുന്നതിലൂടെ, പ്രവാസജീവിതം നയിക്കുന്ന വ്യക്തികള്‍ അഭിമുഖീകരിക്കുന്ന അഗാധമായ മാനസിക, വൈകാരിക വെല്ലുവിളികളെക്കുറിച്ചും ഒറ്റപ്പെടല്‍, സ്ഥാനഭ്രംശം, അസ്തിത്വപരമായ ഉത്കണ്ഠ എന്നിവയുടെ വിശാലമായ തീമുകളെക്കുറിച്ചും നമുക്ക് ഉള്‍ക്കാഴ്ച ലഭിക്കും.

അസംബന്ധതയുടെയും അസ്തിത്വപരമായ ആകുലതകളുടെയും പ്രമേയങ്ങളാണല്ലോ പൊതുവെ കാഫ്ക അവതരിപ്പിക്കാറുള്ളത്. സാംസയുടെ സാഹചര്യത്തിന്റെ അസംബന്ധത്തെ പ്രവാസവുമായി ബന്ധപ്പെടുത്തിയാല്‍, മെറ്റമോര്‍ഫസിസ് പ്രവാസത്തിന്റെ 'അനിയന്ത്രിതവും വിവേകശൂന്യവുമായ' സ്വഭാവത്തെ എടുത്തുകാണിക്കുന്നുണ്ട്. അവിടെ വ്യക്തികള്‍ വീടുകളില്‍ നിന്ന് പിഴുതെറിയപ്പെടുകയും അപരിചിതമായ സാഹചര്യങ്ങളിലേക്ക് ഒട്ടും യുക്തിയോ ഹേതുവോ ഇല്ലാതെ തള്ളിവിടപ്പെടുകയും ചെയ്യുന്നു.

സാംസയുടെ അസ്തിത്വപരമായ പോരാട്ടങ്ങള്‍ അഗാധമായ അന്യവത്കരണത്തിന്റെയും അര്‍ത്ഥശൂന്യതയുടെയും ബോധത്തിനാണ് അടിവരയിടുന്നത്. ഈ അനുഭവങ്ങള്‍ പ്രവാസത്തിന്റെ അനുഭവങ്ങള്‍ക്കൊപ്പം സഹജമാണ്. പ്രവാസാനുഭവത്തിന്റെ രൂപകമായി ഗ്രിഗര്‍ സാംസയുടെ പരിണാമത്തെ വ്യാഖ്യാനിക്കുന്നതിലൂടെ, പ്രവാസജീവിതം നയിക്കുന്ന വ്യക്തികള്‍ അഭിമുഖീകരിക്കുന്ന അഗാധമായ മാനസിക, വൈകാരിക വെല്ലുവിളികളെക്കുറിച്ചും ഒറ്റപ്പെടല്‍, സ്ഥാനഭ്രംശം, അസ്തിത്വപരമായ ഉത്കണ്ഠ എന്നിവയുടെ വിശാലമായ തീമുകളെക്കുറിച്ചും നമുക്ക് ഉള്‍ക്കാഴ്ച ലഭിക്കും.

തങ്ങളുടെ സുപരിചിത ചുറ്റുപാടുകളില്‍ നിന്ന് പിഴുതെറിയപ്പെടുകയും അജ്ഞാത സാഹചര്യങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു എന്നതിനാല്‍, പ്രവാസം എന്നത് പലപ്പോഴും ആഴത്തിലുള്ള ആന്തരിക പ്രക്ഷുബ്ധതയാല്‍ അടയാളപ്പെടുത്തപ്പെടുന്ന ഒരു യാത്രയാണ്. ഇതിന്റെ പശ്ചാത്തലം പലതാവാം. സാമ്പത്തികമായ അപര്യാപ്തതകള്‍, രാഷ്ട്രീയമായ അസ്വസ്ഥതകള്‍, വ്യക്തിപരമായ നിരാശതകള്‍ ഇങ്ങനെ പലതും. പശ്ചാത്തലങ്ങള്‍ മാറുന്നതനുസരിച്ച് കുടിയേറ്റത്തിന്റെ മാനസികവും സാമൂഹികവുമായ പ്രതിഫലനങ്ങളും ആഘാതങ്ങളും വ്യത്യസ്തമായിരിക്കും.

ഈ എല്ലാ സാഹചര്യങ്ങളും ലോക സാഹിത്യത്തില്‍ വിഷയമായിട്ടുണ്ട്. ആന്റണ്‍ ചെക്കോവ് മുതല്‍ മിലന്‍ കുന്ദേര വരെയുള്ളവര്‍ സ്വാനുഭവങ്ങളെ ആവിഷ്‌കാരങ്ങളും ചിന്തകളുമാക്കി മാറ്റി. ഇന്ത്യന്‍ സാഹചര്യത്തിലും മുല്‍ക് രാജ് ആനന്ദ് മുതല്‍ കിരണ്‍ ദേശായി വരെയുള്ളവര്‍ പ്രവാസങ്ങള്‍ എഴുതിയിട്ടുണ്ട്. ആഗാ ശാഹിദ് അലിയുടെയും ഫൈസ് അഹ്മദ് ഫൈസിന്റെയും കവിതകളിലും കാണാം പ്രവാസജീവിതങ്ങളുടെ വ്യഥകളും പൊരുളുകളും. കാബൂളിവാല മുതല്‍ക്ക് രബീന്ദ്രനാഥ ടാഗോറിന്റെ കുറേയേറെ രചനകളും പ്രവാസത്തെ ഇതിവൃത്തമാക്കുന്നുണ്ട്. ചെക്കോവിന്റെ In Exile, അല്‍ബേര്‍ കാമുവിന്റെ The Guest തുടങ്ങിയവയിലും പ്രവാസ ജീവിതങ്ങള്‍ കടന്നുവരുന്നുണ്ട്.

മഹാമാന്ദ്യത്തില്‍ ഒക്ലഹോമയിലെ വീട് ഉപേക്ഷിച്ച് മെച്ചപ്പെട്ട ജോലിയും ജീവിതവും തേടി കലിഫോര്‍ണിയയിലേക്ക് കുടിയേറാന്‍ നിര്‍ബ്ബന്ധിതരായ ജോഡ് കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ജോണ്‍ സ്റ്റെയ്ന്‍ബക് തന്റെ The Grapes of Wrath എന്ന നോവല്‍ രചിച്ചത്. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന മനുഷ്യാത്മാക്കളുടെ ആഖ്യാനത്തിലേക്ക് അത് വികസിക്കുന്നു.

സോവിയറ്റ് അധിനിവേശത്തെത്തുടര്‍ന്ന് പിതാവിനൊപ്പം ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്യുന്ന ആമിര്‍ എന്ന അഫ്ഗാനി ചെറുപ്പക്കാരന്റെ യാത്രയെ പിന്തുടരുകയാണ് ഖാലിദ് ഹുസൈനി, The Kite Runner എന്ന നോവലില്‍. ജന്മനാടുമായുള്ള തന്റെ ബന്ധം അവനെ പിന്തുടരുന്നത് ബാലകാല സുഹൃത്തിനോട് ചെയ്യുന്ന വഞ്ചനയുടെയും അതിന് നിമിത്തമായ ഭീരുത്വത്തിന്റെയും പേരിലുള്ള കുറ്റബോധത്തിന്റെ രൂപത്തിലാണ്.


ജന്മദേശവുമായുള്ള ബന്ധത്തിനായി ബോധത്തിലും അബോധത്തിലും തീവ്രകാംക്ഷ പുലര്‍ത്തുന്നതിനിടയില്‍, ആമിര്‍ തന്റെ സ്വത്വത്തിന്റെയും താന്‍ തെരഞ്ഞെടുത്ത ദേശത്തിന്റെയും അകലം സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കുന്നുണ്ട്.

യു.എസിലേക്കും യു.കെയിലേക്കും കുടിയേറിയ നൈജീരിയക്കാരായ ഇഫെമെലു, ഒബിന്‍സെ എന്നിവരുടെ ജീവിതം ആഖ്യാനം ചെയ്യുകയാണ് ചിമാമന്‍ഡ ങ്‌ഗോസി അദീചി, തന്റെ അമേരിക്കാന എന്ന നോവലില്‍. കുടിയേറ്റക്കാരെന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ട ജീവിതമാണവരുടേത്. ഈ വെല്ലുവിളികളിലൂടെ സഞ്ചരിക്കുമ്പോള്‍ പാശ്ചാത്യ ലോകത്തിലെ വംശം, സ്വത്വം, കുടിയേറ്റ അനുഭവം എന്നിവയുടെ പ്രമേയങ്ങളെയും നോവല്‍ പര്യവേഷണം ചെയ്യുന്നു. സത്യത്തില്‍ ജൂയിഷ് ഡയസ്‌പോറയെക്കാള്‍ തിക്തവും വേദനാകരവുമായ യാഥാര്‍ത്ഥ്യമാണല്ലോ ആഫ്രിക്കന്‍ ഡയസ്‌പോറ. ലോകത്തെ നിയന്ത്രിക്കുന്ന പാശ്ചാത്യ ശക്തികള്‍ക്ക് അതൊരു വിഷയമേ ആയിട്ടില്ലെങ്കിലും.

പ്രവാസ എഴുത്തുകള്‍ മലയാളത്തിലും ധാരാളമുണ്ടായിട്ടുണ്ട്. ഒ.വി വിജയനും എം.ടിയും ബഷീറുമൊക്കെ പ്രവാസത്തിന്റെ അനുഭവങ്ങളെഴുതിയിട്ടുണ്ട്. ഖസാക്കിലെ രവി തന്നെ ഒരു പ്രവാസിയാണല്ലോ. രവിയുടെ അസ്തിത്വാന്വേഷണങ്ങളെയും ആ രീതിയില്‍ കാണാം. മേല്‍പ്പറഞ്ഞതില്‍ സാമ്പത്തികമായ അപര്യാപ്തതകളോടും ഉപജീവനത്തോടും ബന്ധപ്പെടുന്നവയാണ് കേരളത്തിലെ ഗള്‍ഫ് പ്രവാസങ്ങള്‍. ഈ പശ്ചാത്തലത്തിലെ എഴുത്തുകളില്‍ ഏറെ ഹൃദ്യമായി എനിക്ക് തോന്നിയിട്ടുള്ളത് ടി.വി കൊച്ചുബാവയുടെ കഥകളാണ്. അതുപോലെ ബാബു ഭരദ്വാജിന്റെ അനുഭവക്കുറിപ്പുകളും. എന്തുകൊണ്ടോ അതുപോലെ ആസ്വദിച്ചു വായിച്ച ഒന്നാണ് സഗീറിന്റെ ഗള്‍ഫുംപടി പി.ഒ. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ കാര്‍ട്ടൂണ്‍ സ്ട്രിപ്പുകളായി വന്ന ഗള്‍ഫുംപടി പി.ഒ; പിന്നീട് ഒരു ഗ്രാഫിക് നോവല്‍ പോലെ പുസ്തകരൂപത്തിലും വന്നു.




കൊച്ചുബാവയുടെ കഥകളില്‍ നിന്നും സഗീറിന്റെ ഗള്‍ഫുംപടിയില്‍ നിന്നുമുള്ള സന്ദര്‍ഭങ്ങള്‍ കോപ്പി ചെയ്ത് തികച്ചും അമെച്വര്‍ ആയി പേസ്റ്റ് ചെയ്ത പോലെയാണ് പത്തേമാരി എന്ന സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ആ സിനിമയില്‍ ആകെ ആസ്വദിച്ച ഭാഗം അവസാനത്തിലെ ടി.വി ഇന്റര്‍വ്യൂ ആണ്. അതിനല്‍പം ജെന്യുവിനിറ്റി ഉള്ള പോലെ തോന്നി. കഥ പോലെ വായിക്കാവുന്ന അനുഭവക്കുറിപ്പുകളാണ് ബാബു ഭരദ്വാജിന്റെ പുസ്തകങ്ങള്‍. ബാബുവേട്ടന്റെ മനുഷ്യസ്‌നേഹവും അനുതാപവും അദ്ദേഹത്തിന്റെ വരികളില്‍ നിറഞ്ഞു നിന്നു. ആ സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക്.

ബെന്യാമിന്റെ ആടുജീവിതം വായിക്കാനുള്ള എന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. എന്റെ സംവേദന ശേഷിയെക്കാള്‍ എത്രയോ മുകളിലായിരുന്നിരിക്കണം ആ 'നോവല്‍'. അതിനാല്‍ എനിക്കൊട്ടും മുന്നോട്ടു പോകാനായില്ല. ഇപ്പോള്‍ ബ്ലെസ്സി അത് സിനിമയാക്കിയല്ലോ. ഒരുപക്ഷേ ഞാനത് കണ്ടേക്കാം, ചിലപ്പോള്‍ കാണാതിരുന്നെന്നും വരാം. എന്തെന്നാല്‍ ബ്ലെസ്സിയുടെ സിനിമകളോട് എനിക്കത്ര താല്‍പര്യമൊന്നുമില്ല. അക്കൂട്ടത്തില്‍ എനിക്ക് ആകെ ദഹിച്ചു കിട്ടിയത് കാഴ്ച മാത്രമാണ്. ബാക്കിയെല്ലാം എന്നെക്കാള്‍ ഉയരത്തിലായിരുന്നെന്ന് തോന്നുന്നു.

തന്മാത്ര എന്ന സിനിമയുടെ തുടക്കത്തില്‍ പി പത്മരാജന്റെ 'ഓര്‍മ' എന്ന കഥയില്‍ നിന്നുള്ള പ്രചോദനം 'അവകാശ'പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ, കാല്‍ നൂറ്റാണ്ട് മുമ്പ് വായിച്ചതാണ് ഞാനാക്കഥ. അതിന്റെ അനുഭൂതി ഇപ്പോഴും എന്റെ 'ഓര്‍മ'യിലുണ്ട്. എന്നാല്‍, ആ സിനിമയും എന്റെ ആസ്വാദനശേഷിയുടെ പിടി വിട്ടുപോയി. അതിനാല്‍ ആ ചലച്ചിത്രകാരനെ എനിക്ക് 'പേടി'യാണ്.


നോവല്‍ പൂര്‍ണമായി വായിച്ചിട്ടില്ലാത്തതിനാല്‍ അതിലെ ഇസ്ലാമോഫോബിയയുടെ അളവ് നിര്‍ണയിക്കാന്‍ എനിക്ക് പറ്റില്ല. എന്നാല്‍, സിനിമയായതോടെ ആ ഫോബിയ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. കാട്ടറബി (ആ സാധനം എന്താണെന്ന് സത്യമായും എനിക്ക് തിരിഞ്ഞിട്ടില്ല, മുസ്ലിംകളും അങ്ങനെ പറയാറുണ്ടെങ്കിലും), ആറാം നൂറ്റാണ്ട്, യുദ്ധക്കൊതി, ഹിംസ, അടിമക്കച്ചോടം, പ്രവാചകന്റെ കാമാസക്തി... ചര്‍ച്ചകളങ്ങനെ പൊടിപൊടിക്കുന്നതായി കാണുന്നുണ്ട്.

വായിച്ചിട്ടില്ലാത്തത് കൊണ്ട് പ്രതികരിച്ചില്ലെങ്കിലും ഇസ്ലാമോഫോബിയയുടെ കത്രികക്ക് ഇത്രയൊക്കെ മൂര്‍ച്ച കൂട്ടേണ്ടതുണ്ടോ എന്ന് ഞാന്‍ ആദ്യം ശങ്കിച്ചിരുന്നു. എന്നാല്‍, ഇത്തരം പ്രതികരണങ്ങള്‍ കണ്ടതോടെ, ഡോ. എ.കെ വാസുവിന്റെയും മറ്റും നിഗമനങ്ങള്‍ക്ക് പ്രവചനസ്വഭാവമുണ്ടായിരുന്നെന്ന് ബോധ്യപ്പെട്ടു.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇബ്‌നുസ്സബീല്‍ എന്നൊരു സംവര്‍ഗമുണ്ട് ഖുര്‍ആനില്‍. വഴിയുടെ മക്കള്‍ എന്ന് പദാര്‍ത്ഥം, വഴിയാത്രക്കാര്‍ എന്ന് അലസപരിഭാഷ. സത്യത്തില്‍ നാട്ടിലേക്കെത്തിപ്പെടുന്ന സഞ്ചാരികള്‍ തൊട്ട് അഭയാര്‍ത്ഥികള്‍ വരെ അടങ്ങുന്നതാണ് ഇബ്‌നുസ്സബീല്‍. ഇബ്‌നുസ്സബീലിന്റെ അവകാശങ്ങളെപ്പറ്റിയാണ് ഖുര്‍ആന്‍ പറയുന്നത്. ഒരുപക്ഷേ ഇന്നത്തെ ശൈഖുമാര്‍ക്ക് ഇത് തിരിഞ്ഞിരിക്കണം എന്നില്ല. എന്നാല്‍, ആറാം (ഏഴാം) നൂറ്റാണ്ടുകാരന്റെ അധ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും കൃത്യവും വ്യക്തവുമായിരുന്നു. എന്നാല്‍, രാജപദവിയുള്ള ശൈഖുമാര്‍ക്ക് തിരിയാത്ത ഇസ്ലാം 'കാട്ടറബിക'ളുടെ പക്കലുണ്ടായിരുന്നു. അത് മനസ്സിലാവാന്‍ മരുഭൂമിയെപ്പറ്റി കവിതയെഴുതുന്നതിന് ബെന്യാമിന്‍ കോപ്പിയടിച്ചതായി ആരോപിക്കപ്പെട്ടിട്ടുള്ള മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത' ഒരാവര്‍ത്തി വായിച്ചാല്‍ മതി.


Read Alsoഅല്‍-നക്ബ; ഫലസ്തീനിന്റെ ജീവിതത്തിലേക്കുള്ള മടക്ക യാത്രയുടെ താക്കോല്‍

കഥ പോലെ വായിക്കാന്‍ പറ്റുന്നതെങ്കിലും ബാബു ഭരദ്വാജ് തന്റെ കുറിപ്പുകള്‍ കഥയുടെ കാറ്റിഗൊറിയില്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, 'ഭാവന ഒട്ടും ചേര്‍ക്കാതെ' നജീബിന്റെ അനുഭവങ്ങള്‍ പകര്‍ത്തിയ ബെന്യാമിന്‍ അതിനെ നോവലെന്ന് വിളിച്ചു കളഞ്ഞു. അതില്‍ തെറ്റില്ല. അതൊരു നോവലാണെന്ന് വായനക്കാര്‍ക്കും തോന്നിയാല്‍. എന്നാല്‍, ഇപ്പോഴത്തെ വിവാദങ്ങള്‍ പിന്തുടരുമ്പോള്‍ ഇതിന്റെ പബ്ലിസിറ്റിയുമായി ബന്ധപ്പെട്ട് വില കുറഞ്ഞ തന്ത്രങ്ങള്‍ നേരത്തേ തന്നെ പയറ്റിയിട്ടുണ്ടെന്ന് തോന്നുന്നു.

അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഏറ്റവും ഒടുവിലെ മൃഗരതി വിവാദം. തന്റെ നോവലിന്റെ ആത്മാവ് ആടുമായുള്ള രതിബന്ധമായിരുന്നെന്ന് നോവലിസ്റ്റ് പറയുന്നു.

ഞാന്‍ മനസ്സിലാക്കിയേടത്തോളം മൃഗരതി (zoophilia or bestiality) എന്നത് ഇണയുമായുള്ള വിരഹത്തിന്റെ ശമനൗഷധമല്ല, മറിച്ച് കൃത്യമായും അതൊരു പാരഫീലിയ ആണ്. ഒരു റോബിന്‍സണ്‍ ക്രൂസോക്കും ശവശരീരം കണ്ടാല്‍ ലൈംഗികാസക്തി തോന്നില്ല. പക്ഷേ, നക്രോഫൈലുകള്‍ക്ക് ആ ആസക്തി തോന്നാന്‍ വിരഹം ഉണ്ടാവണമെന്നില്ല താനും.


തന്റെ കഥാപാത്രത്തെ മഹത്വപ്പെടുത്താനും ഇകഴ്ത്താനും കഥാകൃത്തിനവകാശമുണ്ടാവാം. എന്നാല്‍ കഥയിലെ എഴുപത് ശതമാനം ഭാവനയാണ് എന്ന് കഥാകൃത്ത് പറയുന്നത് ഇപ്പോഴാണ്. തുടക്കത്തില്‍ അദ്ദേഹം (പുസ്തകത്തില്‍ത്തന്നെ) അവകാശപ്പെട്ടത് ഇതില്‍ ഭാവന ഇല്ലെന്നായിരുന്നു. 'നജീബിന്റെ ജീവിതത്തിന് മേല്‍ വായനക്കാരന്റെ രസത്തിന് വേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വെച്ചുകെട്ടുവാന്‍' തനിക്ക് തോന്നിയില്ലത്രേ. 'ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ്' എന്നദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ. നജീബിന്റെ യഥാര്‍ത്ഥ ജീവിതം പറയുന്നുവെന്ന തോന്നലുണ്ടാക്കി, നജീബിനെ (അഥവാ ഷുക്കൂറിനെ) ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടാണ് നോവലിസ്റ്റ് യഥാര്‍ത്ഥ നജീബിന്റേതല്ലാത്ത 'ഒരാത്മാവി'നെ നോവലില്‍ പ്രതിഷ്ഠിച്ചു പൂജിച്ചത്.

മുപ്പത് ശതമാനം യാഥാര്‍ത്ഥ്യവും എഴുപത് ശതമാനം ഭാവനയുമെന്നത് നേരെ തിരിച്ചിട്ട ഒരനുപാതത്തിലാണെങ്കില്‍പ്പോലും (നേരെ തിരിച്ചിട്ട ഒരനുപാതത്തിലാണെങ്കില്‍പ്പോലും -അടിവര) കഥാകൃത്ത് പറയുന്ന നജീബിന്റെ, കഥയല്ലാത്ത ജീവിതത്തിന് മേല്‍ ഇങ്ങനെയൊരു വെച്ചുകെട്ടല്‍ ജീവിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ അനുവാദം കൂടാതെ പറ്റില്ല. അല്ലെങ്കില്‍ അങ്ങനെയൊരു നജീബിനെ പൊതുസമൂഹത്തിന് മുന്നില്‍ ദൃശ്യപ്പെടുത്തരുതായിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടി ബോധപൂര്‍വം സൃഷ്ടിച്ച ഒരു നാടകം പോലെ കഥാകാരന്‍ പറയുന്നു തന്റെ കഥയുടെ 'ആത്മാവി'നെ ചിത്രീകരിച്ച ശേഷം വെട്ടിക്കളഞ്ഞുവെന്ന്. ചലച്ചിത്രകാരന്‍ പറയുന്നതാകട്ടെ, അങ്ങനെയൊരു രംഗം ചിത്രീകരിച്ചിട്ടേയില്ലെന്നും.

ആ സംഭവം തന്നെ വെച്ചുകെട്ടലാണെന്ന് കഥാപാത്രം നിഷ്‌കളങ്കമായി പ്രതികരിച്ചപ്പോഴാണ് കഥാകൃത്തിന് നജീബും ഷുക്കൂറും രണ്ടാണെന്ന ബോധമുണ്ടായത്. 'രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടളവിലുണ്ടായ' ഒരിണ്ടല്‍.

സത്യം പറഞ്ഞാല്‍ ഇപ്പോഴാണ്, ശരിക്കും ഇപ്പോള്‍ത്തന്നെയാണ് നജീബ് ശരിക്കും പ്രവാസിയായത്, ഗ്രിഗര്‍ സാംസയായത്. ഗ്രിഗര്‍ സാംസയുടെ പുതിയ രൂപം കണ്ട് പരിഭ്രാന്തരായി അയാളെ ഔട്കാസ്റ്റ് ആയി പരിഗണിച്ചിരുന്ന കുടുംബാംഗങ്ങള്‍ പിന്നീട് സാമ്പത്തികമായ ഉന്നമനത്തിനായി അയാളുടെ പുതിയ സാന്നിധ്യത്തെ ആശ്രയിക്കുന്നുമുണ്ടല്ലോ. നജീബിന്റെ കാര്യത്തില്‍ അത് സ്വന്തം കുടുംബാംഗങ്ങളല്ലെന്ന് മാത്രം.



TAGS :