Quantcast
MediaOne Logo

സക്കീര്‍ ഹുസൈന്‍

Published: 16 Feb 2024 3:01 PM GMT

സാര്‍ഥകമായ എട്ട് ദിനങ്ങള്‍; രാജ്യാന്തര നാടകോത്സവത്തിന് തിരശ്ശീല വീണു

കഴിഞ്ഞ നാടകോത്സവത്തിന്റെ തുടര്‍ച്ചയായി 14-ാം ദളം എന്നത് സംഘാടകരുടെ തൊപ്പിയിലെ തൂവലായി നില്‍ക്കും. | Itfok 2024

സാര്‍ഥകമായ എട്ട് ദിനങ്ങള്‍; രാജ്യാന്തര നാടകോത്സവത്തിന് തിരശ്ശീല വീണു
X

തുടക്കം നന്നായി; അതേക്കാള്‍ മികച്ചതായി ഒടുക്കം - ഇറ്റ്‌ഫോക്ക് 14-ാം എഡിഷനെ വിലയിരുത്തുമ്പോള്‍ ഏറ്റവും ലളിതമായി ഇങ്ങനെ പറയാം. പുതിയ കാഴ്ച്ചാനുഭവം പകര്‍ന്നാണ് നാടകോത്സവത്തിന് തിരശ്ശീല താഴ്ന്നത്. ഓര്‍മയെ ജ്വലിപ്പിച്ച് നിര്‍ത്താന്‍ പോന്ന ഏതാനും നാടകങ്ങളുണ്ടായി. ആ അര്‍ഥത്തില്‍ 14-ാം ദളം വിജയകരവും അര്‍ഥപൂര്‍ണവുമായി.

ഒബ്ജക്ട് തിയറ്ററിനെ പരിചയപ്പെടുത്തിയ നാടകങ്ങള്‍ ഇത്തവണത്തെ നാടകോത്സവത്തിന് പുതിയ ദൃശ്യാനുഭവമേകി. ദല്‍ഹി ട്രാം ആര്‍ട്‌സ് ട്രസ്റ്റ് അരങ്ങിലെത്തിച്ച ചോയ്തി ഘോഷിന്റെ 'മാട്ടി കഥ', മല്ലിക തനേജയുടെ 'ഡു യു നോ ദിസ് സോങ്ങ് ', ഇറ്റലി ഹോം ബ്രേ കളറ്റീവോ അവതരിപ്പിച്ച റിക്കാര്‍ഡോ റെയ്‌നയുടെ 'അല്ലേ ആര്‍മി ' എന്നിവ ഒബ്ജക്ട് തിയറ്റര്‍ അവതരണങ്ങളായിരുന്നു. ഇതില്‍ 'മാട്ടി കഥ'യും

'ഡു യു നോ ദിസ് സോങ്ങും പ്രേക്ഷക മനസില്‍ എന്നും തിളങ്ങി നില്‍ക്കും. ഒപ്പം പ്രേക്ഷകരില്‍ അവിസ്മരണീയ അനുഭവങ്ങളുണ്ടാക്കിയവയാണ് ഇനാത്ത് വെയ്‌സ്മാന്‍ സംവിധാനം ചെയ്ത ഫലസതീന്റെ 'ഹൗ റ്റു മെയ്ക്ക് എ റെവല്യൂഷന്‍', ചിലിയുടെ 'ഫ്യൂഗോ റോഹോ (മാര്‍ട്ടിന്‍ എറാസോ) എന്നിവ.

ദല്‍ഹി ഇഷ്‌റ പപ്പറ്റ് തിയറ്റര്‍ അരങ്ങിലെത്തിച്ച ഡാഡി ഡി പുതുംജിയുടെ 'റൂമിയാന', തുണീഷ്യയിലെ എല്‍ തിയറ്ററോ അവതരിപ്പിച്ച തൗഫീഖ് ജെബലിയുടെ 'ലേ ഫൗ', ബംഗ്‌ളുരൂ ക്വബീല അവതരിപ്പിച്ച നിഷ അബ്ദുല്ലയുടെ ഡിജിറ്റല്‍ നാടകം 'ഹൗ ലോങ്ങ് ഈസ് ഫെബ്രുവരി, എ ഫാന്റസി ഇന്‍ ത്രീപാര്‍ട്‌സ്', കൊല്‍ക്കത്ത സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റി അവതരിപ്പിച്ച സുമന്‍ മുഖോപാധ്യായയുടെ 'ബേച്ചാര ബിബി', എന്നിവയും മികച്ച നാടകങ്ങളായിരുന്നു. അതേസമയം, ഉദ്ഘാടന നാടകമായ ബ്രസീലിന്റെ 'അപട്രിഡസ് , ബംഗ്ലാദേശിന്റെ '4.48 മൊണ്‍ട്രാഷ് ', പോണ്ടിച്ചേരി ആദിശക്തിയുടെ 'ഊര്‍മിള' എന്നീ നാടകങ്ങള്‍ പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ഈ നാടകങ്ങള്‍ക്കുണ്ടായത്.


ഹൗ റ്റു മെയ്ക്ക് എ റെവല്യൂഷന്‍

ഫലസ്തീനിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അതേ തീ വ്രതയോടെ തന്നെ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ ഫലസ്തീന്‍ ആക്ടിവിസ്റ്റായ ഇസ്രായേല്‍ സംവിധായിക ഇനാത്ത് വെയില്‍സ്മാന് കഴിഞ്ഞുവെന്നിടത്താണ് ഹൗ റ്റു മെയ്ക്ക് എ റെവല്യൂഷന്റെ വിജയം. പ്രേക്ഷകര്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഫസ്തീന്‍ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഫലസ്തീനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കൊടും അക്രമങ്ങളെ കാണിച്ച ഡോകുഡ്രാമയാണ് ഹൗ റ്റു മെയ്ക്ക് എ റെവല്യൂഷന്‍. ഫലസ്തീനികളുടെ മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുന്ന ഇസ്സ ആംറോയുടെ പോരാട്ടവും നാടകം മറനീക്കി. 2016 ന് ഇസ്സയെ ഇസ്രയേല്‍ തടവിലാക്കി. ഇസ്രയേല്‍ കോടതി വിചാരണക്കു മുമ്പേ ഇസ്സക്കു ശിക്ഷ വിധിച്ചു. ഇസ്സ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞെങ്കിലും ഇസ്രയേല്‍ ഭീകരനാണെന്ന് വിധിക്കുകയായിരുന്നു. ഈ അനുഭവങ്ങളും ഫലസ്തീനില്‍ നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമാണ് നാടകത്തില്‍ അവതരിപ്പിച്ചത്.

അമേരിക്കന്‍ സാമ്രാജ്യത്തിന് എതിരെ

അമേരിക്കന്‍ സാമ്രാജ്യത്തിന് എതിരെ ഇത്തവണ അരങ്ങേറിയ നാടകങ്ങളിലൊന്നാണ് മാര്‍ട്ടിന്‍ എറാസോ സംവിധാനം ചെയ്ത ചിലിയുട 'ഫ്യൂഗോ റോഹോ. സര്‍ക്കസ് തിയറ്ററിന്റെ എല്ലാ പ്രകടനാത്മകതയും ദൃശ്യപരതയും ആസ്വാദനക്ഷമതയും പുറത്തെടുത്ത നാടകം മനോഹരമായ കാഴ്ച്ചാനുഭവമായി.

അമേരിക്കയുടെ കോളണി വാഴ്ച്ചയും ചൂഷണവും ചിത്രീകരിച്ച നാടകം ചിലിയുടെ പൂര്‍വ ചരിത്രത്തിലേക്കും പ്രേക്ഷകരെ കൊണ്ടുപോയി. താളക്കൊഴുപ്പാര്‍ന്ന തത്സമയ സംഗീതവും നൃത്തവും അവതരണത്തെ സമ്പന്നമാക്കുകയും മിഴിവേകുകയും ചെയ്തു. ഇറ്റലിയുടെ 'അല്ലേ ആര്‍മി 'യാണ് അമേരിക്കക്കെതിരെ അരങ്ങേറിയ മറ്റൊരു നാടകം.

'ഡു യു നോ ദിസ് സോങ്ങ് '

പ്രേക്ഷകരെ പൂര്‍ണമായും നാടകത്തില്‍ ലയിപ്പിക്കുക, പ്രേക്ഷകര്‍ ഒന്നടങ്കം ആ അവതരണത്തെ നെഞ്ചേറ്റുക -'ഡു യു നോ ദിസ് സോങ്ങ് ' എന്ന നാടകത്തിന് മാത്രം അവകാശപ്പെട്ടതാണ്. ബ്‌ളാക്ക്‌ബോക്‌സില്‍ ഏകപാത്ര അവതരണം നടത്തിയ മല്ലിക തനേജ എന്ന കലാകാരിയുടെ മാത്രം വിജയവുമാണത്. ഒരു താരാട്ട് പോലെ പര്യവസാനിച്ച 'ഡു യു നോ ദിസ് സോങ്ങ് ' തീര്‍ച്ചയായും പ്രേക്ഷകരുടെ ഹൃദയാരങ്ങില്‍ തുടര്‍ച്ചയായി ആവര്‍ത്തനാവതരണം നടത്തികൊണ്ടിരിക്കും.

ഒബ്ജക്ട് തിയറ്റര്‍ അംശങ്ങള്‍ കൂടി ചേര്‍ത്തുള്ള അവതരണം ദ്യമാക്കിയത് മല്ലികയുടെ ഹൃദ്യമായ ആലാപനം കൂടിയായിരുന്നു. ഗൃഹാതുരത്വമുളവാക്കുന്ന നഷ്ടസ്വര്‍ഗങ്ങളും അതിന്റെ സ്മരണകളും എല്ലാവരിലുമുണ്ടെന്നാണ് പാവകളും കൊച്ച് ഹാര്‍മോണിയവുമായി മല്ലിക സംവദിച്ചത്.

'ഹൗ ലോങ്ങ് ഈസ് ഫെബ്രുവരി, എ ഫാന്റസി ഇന്‍ ത്രീപാര്‍ട്‌സ് ',

പൗരത്വ നിയമത്തിനെതിരെ ദല്‍ഹിയിലെ ഷഹീന്‍ബാഗിലും മറ്റും വനിതകളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടവും അതിന്റെ തുടര്‍ച്ചയായി വര്‍ഗീയ ഫാഷിസ്റ്റുകള്‍ ആസൂത്രണം ചെയ്ത കലാപവും ഇന്നും ഏവരുടെയും മനസിലുണ്ട്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ആ സംഭവത്തെ 15 കൊല്ലം കഴിഞ്ഞാല്‍ രാജ്യം എങ്ങിനെ നോക്കി കാണും? അത് ആരൊക്കെ ഓര്‍ത്തെടുക്കും? നിഷ അബ്ദുല്ല ഡിജിറ്റല്‍ നാടകത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്.

തീര്‍ച്ചയായും ഇരകള്‍ മാത്രമായിരിക്കും ആ സംഭവം ഓര്‍ക്കുക എന്നതും രചയിതാവ് കൂടിയായ നിഷ പറയുന്നു. അരങ്ങിന്റെ കരുത്തില്‍ ചിലത് രേഖപ്പെടുത്തണമെന്നും ശക്തമായ പ്രതികരണമുണ്ടാക്കണമെന്നുള്ള തീരുമാനത്തിന്റെ ഫലം കൂടിയാണ് 'ഹൗ ലോങ്ങ് ഈസ് ഫെബ്രുവരി, എ ഫാന്റസി ഇന്‍ ത്രീപാര്‍ട്‌സ് ' എന്ന രാഷ്ട്രീയ നാടകം.

മാട്ടി കഥ

ഒബ്ജക്ട് തിയറ്ററും പാവനാടകവും സമന്വയിപ്പിച്ച മാട്ടി കഥയുടെ സംവിധായിക ചോയ്തി ഘോഷ് പ്രേക്ഷകരെ പുത്തന്‍ രസച്ചരടില്‍ കോര്‍ക്കുകയായിരുന്നു. പാവകളുടെ നാടായ പശ്ചിമ ബംഗാളില്‍ അതേക്കുറിച്ച് ഗവേഷണത്തിനെത്തിയ ചോയ്തിയെ ആകര്‍ഷിച്ചത് സുന്ദരവനം(സുന്ദര്‍ബന്‍) ദ്വീപ് വാസികളുടെ അതിജീവനത്തിന്റെ കഥകളായിരുന്നു.

പ്രകൃതിക്ഷോഭങ്ങളെയും അതുപോലെയുള്ള പ്രതികൂലാവസ്ഥകളെയും നേരിട്ട ദ്വീപ് വാസികള്‍ കലാപങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന വര്‍ഗീയ ഫാഷിസ്റ്റുകളുടെ കുടില പ്രവണതകളെയും അതിജീവിച്ചു. മാനവികതയും സ്‌നേഹവും ഐക്യവും വിളംബരം ചെയ്യുന്ന അവരുടെ ജീവിതത്തെക്കുറിച്ച് ആവിഷ്‌ക്കരിച്ച പാവ പ്രദര്‍ശനമാണ് പിന്നീട് നാടകമായി വികസിച്ചത്. വളരെ ലളിതമായ അവതരണമായിരുന്നുവെന്നതും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

കഴിഞ്ഞ നാടകോത്സവത്തിന്റെ തുടര്‍ച്ചയായി 14-ാം ദളം എന്നത് സംഘാടകരുടെ തൊപ്പിയിലെ തൂവലായി നില്‍ക്കും. നാടക സംബന്ധിയായി വളരെ ഗൗരവമുള്ള വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും ആസ്വാദകരെ, പ്രത്യേകിച്ച് യുവതയെ ത്രസിപ്പിച്ച സംഗീത പരിപാടികളും എട്ട് ദിനം നീണ്ട നാടകോത്സവത്തെ കൊഴുപ്പിച്ചു.

TAGS :