Quantcast
MediaOne Logo

ശ്യാം സോര്‍ബ

Published: 12 Dec 2023 5:11 AM GMT

അരങ്ങ് സംഘം; രാഷ്ട്രീയ 'ആട്ടം'

സിനിമയുടെ സംഭാഷണങ്ങളില്‍ പോലും വളരെ പച്ചയായി കൃത്യമായ രാഷ്ട്രീയമുണ്ട്. അതില്‍ ഉപരിയായി വളരെ തിയേറ്ററിക്കല്‍ ആണ് സിനിമ എന്നത് കൂടെയുണ്ട്.

നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ ആട്ടം
X

ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ വിഭാഗത്തിലാണ് നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ ആട്ടം സിനിമ പ്രദര്‍ശിപ്പിച്ചത്. കൃത്യമായ രാഷ്ട്രീയബോധം ഉള്‍ക്കൊണ്ടുകൊണ്ട് അതിന്റെ ഏറ്റവും മനോഹരമായ ആഖ്യാനത്തില്‍ പൂര്‍ത്തിയായ സിനിമയാണ് ആട്ടം. അരങ്ങ് എന്നൊരു നാടക സംഘവും, അവരുടെ നാടകവും അതിനുള്ളിലെ സംഭവ വികാസങ്ങളും കോര്‍ത്തിണക്കിയ ഒരു Clean Suspense Triller വിഭാഗത്തില്‍ ഉള്‍പെടുത്താന്‍ സാധിക്കും ആട്ടത്തെ. തന്റെ പ്രഥമ സംവിധാന സംരംഭം തന്നെ ഏറ്റവും മികച്ച രീതിയില്‍ സംവിധായകന്‍ ആനന്ദ് നിര്‍വഹിച്ചു എന്ന് അക്ഷരം തെറ്റാതെ പറയാന്‍ സാധിക്കും.

ആട്ടത്തിന് കൃത്യമായ ഒരു സ്ത്രീപക്ഷ രാഷ്ട്രീയം ഉണ്ട്. വളരെ സെന്‍സിറ്റീവ് ആയതും ക്രിയാത്മക ഇടങ്ങളില്‍ നാടകമോ സിനിമയോ എഴുത്തോ ആയൊക്കെ സ്ഥിരം ചര്‍ച്ച ചെയ്യപ്പെടുന്ന, അല്ലെങ്കില്‍ ആവിഷ്‌കരിക്കപ്പെടുന്ന ഒരു വിഷയം തന്നെ ആണ് ആട്ടത്തിലും സ്വീകരിച്ചിരിക്കുന്നത്. പക്ഷെ, എന്തുകൊണ്ട് ആട്ടം അവയില്‍ നിന്നും വ്യത്യസ്തമാകുന്നു എന്നതാണ് ചോദ്യം. അത് അതിന്റെ ഏറ്റവും മനോഹരമായ ആവിഷ്‌കാരം കൊണ്ട് തന്നെ ആണ്. ഇത്തരത്തില്‍ വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന ഒരു സിനിമ ഏതൊരവസരത്തിലും ഒരു സംഭാഷണത്തിലോ മറ്റൊ പാളിപ്പോകാന്‍ എല്ലാ സാധ്യതകളും ഉണ്ട് എന്നത് തന്നെ ആണ്. ആട്ടത്തിലും അത്തരത്തില്‍ സാധ്യതകള്‍ ഉണ്ടായിട്ട് പോലും വളരെ മനോഹരമായി അതിന് വഴി ഒരുക്കാതെ പൂര്‍ത്തിയാക്കിയ സംവിധായകന്‍ തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു.


സിനിമയിലെ അഭിനേതാക്കളില്‍ ബഹുഭൂരിപക്ഷം ആളുകളും നാടക പ്രവര്‍ത്തകര്‍ ആണ് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. നായികയായ സറിന്‍ ഉള്‍പ്പെടെ എല്ലാവരും കൃത്യമായ തിയേറ്റര്‍ പശ്ചാത്തലം ഉള്ള പരിശീലനം നേടിയ അഭിനേതാക്കള്‍ ആണ്. അത്തരം ഒരു എക്‌സ്പീരിയന്‍സഡ്് ടീമിന്റെ മുഴുവന്‍ എനര്‍ജിയും സിനിമയുടെ ഫ്രെയിമുകളില്‍ കാണനും സാധിക്കും. വിനയ് ഫോര്‍ട്ട് എന്ന നടന്റെ മനോഹരമായ ഒരു പെര്‍ഫോമന്‍സ് കൂടെ സൂചിപ്പിക്കേണ്ടതുണ്ട്. വളരെ അരകന്റ് ആയ ആണത്തതിന്റെ എല്ലാ അഹന്തകളും ഉള്ളില്‍ ഉള്ള, പൊസ്സസീവ് ആയ ഒരു നായകന്‍. എങ്കില്‍ പോലും അതിനെ പുറത്ത് കാണിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ നിലനില്‍ക്കുന്ന ഒരു അവസ്ഥ വളരെ മിനിമല്‍ ആയി ഏറ്റവും ഡെപ്ത്തില്‍ തന്നെ ചെയ്തിട്ടുണ്ട്.

സിനിമയുടെ സംഭാഷണങ്ങളില്‍ പോലും വളരെ പച്ചയായി കൃത്യമായ രാഷ്ട്രീയമുണ്ട്. അതില്‍ ഉപരിയായി വളരെ തിയേറ്ററിക്കല്‍ ആണ് സിനിമ എന്നത് കൂടെയുണ്ട്. സാങ്കേതികപരമായും അഭിനേതാക്കളുടെ അഭിനയത്തില്‍ ആയാലും കഥ ആയാലും സംവിധാനം ആയാലും പൂര്‍ണ്ണമായും വൃത്തിയായി അണിയിച്ചൊരുക്കിയ സിനിമ എന്ന് ആട്ടത്തെ പറയാം. എങ്കില്‍ പോലും ഒരു പ്രേക്ഷകന്‍ എന്നുള്ള രീതിക്ക് ഒരല്‍പം കല്ലുകടിയായി തോന്നിയ ക്ലൈമാക്‌സ് കൂടെ ഉണ്ട് എന്ന് പറയാതെ വയ്യ. ക്ലിഷേ ആയൊരു അവസാനം എന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്. പക്ഷെ, അതൊരിക്കലും ആസ്വാദനത്തെ ബാധിക്കുന്നതോ സിനിമയെ ഇല്ലാതെ ആക്കുന്നതോ ആയൊരു ക്ലൈമാക്‌സ് അല്ലാതാനും. ഈ സിനിമ ഇത്തരം ഒരു ക്ലൈമാക്‌സ് ആവശ്യപ്പെടുന്നുണ്ട്. എങ്കിലും അവിടെ ഒരു പുനഃപരിശോധന ആവശ്യമോ എന്നൊരു ചോദ്യം കൂടെ മുന്നോട്ട് വെക്കുന്നു. ആട്ടം കാണേണ്ട സിനിമയാണ്, ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമയാണ്.

TAGS :