Quantcast

'സി.എച്ച് കണാരനു വേണ്ടി ജാതീയ പ്രചാരണം': പ്രസ്താവന ചരിത്രവിരുദ്ധം; പിൻവലിച്ച് മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ

മീഡിയവൺ വാർത്താ അവലോകന പരിപാടിയായ 'ഔട്ട് ഓഫ് ഫോക്കസി'ൽ നടത്തിയ പരാമർശത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2024-05-09 14:54:39.0

Published:

9 May 2024 2:49 PM GMT

The DYFI Kerala State Secretariat said that the campaign of CPM leader CH Kanarans caste-based campaign and polarization for his election victory is unhistorical. DYFI demanded that MediaOne Managing Editor C Dawood and Reporter TV Executive Editor Smruthy Paruthikad withdraw their statement and apologize
X

കോഴിക്കോട്: സി.പി.എം നേതാവ് സി.എച്ച് കണാരന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ജാതീയമായ പ്രചാരണവും ധ്രുവീകരണവും നടന്നെന്ന പ്രചാരണം ചരിത്രവിരുദ്ധമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, റിപ്പോർട്ടർ ടി.വി എക്‌സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട് എന്നിവർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

മീഡിയവൺ വാർത്താ അവലോകന പരിപാടിയായ 'ഔട്ട് ഓഫ് ഫോക്കസി'ൽ നടത്തിയ പരാമർശത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതികരണം. 1957ൽ കേരളത്തിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ മത്സരിച്ച സി.എച്ച് കണാരന്റെ വിജയത്തിനായി ജാതീയമായ പ്രചാരണം നടത്തിയെന്നായിരുന്നു പരാമർശം. നാദാപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ

'കള്ളത്തിയ്യന് വോട്ടില്ല;

കൊടുവാത്തിയ്യന് വോട്ടില്ല;

സി.എച്ച് കണാരന് വോട്ടില്ല'

എന്ന തരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ പോസ്റ്ററുകൾ പതിച്ചു. ഇതിലൂടെ തിയ്യ ജാതി വോട്ടുകൾ അനുകൂലമായി ഏകീകരിക്കപ്പെടുകയും സി.എച്ച് കണാരൻ വിജയിക്കുകയും ചെയ്തുവെന്നും സി. ദാവൂദ് ചൂണ്ടിക്കാട്ടിയിരുന്നു.

നവോഥാനത്തിന്റെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും തൊഴിലാളി കർഷകസമര മുന്നേറ്റങ്ങളുടെയും ചരിത്രാനുഭവങ്ങളിലൂടെ വളർന്നുവന്ന കമ്യൂണിസ്റ്റ് നേതാവിനെതിരെ ഒരു വസ്തുതയുമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ വാദിച്ചു. ഇതുവഴി സമൂഹത്തിൽ തെറ്റിദ്ധാരണയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്കും നേതാക്കന്മാർക്കുമെതിരെ എന്തു നുണയും ഒരു അടിസ്ഥാനവുമില്ലാതെ വിളിച്ചുപറയുന്ന മനോരോഗ സമാനമായ മാനസികാവസ്ഥയിലാണ് കേരളത്തിലെ ചില മാധ്യമങ്ങൾ. ഇത്തരത്തിലുള്ള പ്രസ്താവന സമൂഹത്തിൽ പരസ്പര വൈരം സൃഷ്ടിക്കുന്നതും ജനനേതാക്കളെ അപമാനിക്കുന്നതുമാണെന്നം പ്രസ്താവനയിൽ പറഞ്ഞു.

ഡി.വൈ.എഫ്.ഐ പ്രസ്താവനയുടെ പൂർണരൂപം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ പരിഷ്‌കർത്താവുമായ സി.എച്ച് കണാരനെതിരെ റിപ്പോർട്ടർ ചാനലിലെ സ്മൃതി പരുത്തിക്കാടും മീഡിയവണിലെ സി. ദാവൂദും നടത്തിയ പ്രസ്താവനകൾ ചരിത്രവിരുദ്ധവും വർഗീയ ഉള്ളടക്കം നിറഞ്ഞതുമാണ്. 1957ൽ കേരളത്തിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽനിന്നു മത്സരിച്ച സി.എച്ച് കണാരന്റെ വിജയത്തിനായി ജാതീയമായ പ്രചാരണം നടത്തിയെന്നാണ് ഇവർ പറഞ്ഞത്.

ആ സമയത്ത് നാദാപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ

''കള്ളത്തിയ്യന് വോട്ടില്ല;

കൊടുവാത്തിയ്യന് വോട്ടില്ല;

സി.എച്ച് കണാരന് വോട്ടില്ല''

എന്ന രീതിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ പോസ്റ്ററുകൾ പതിക്കുകയും അതുവഴി തിയ്യ ജാതിയുടെ വോട്ടുകൾ ഏകീകരിക്കപ്പെട്ട് സി.എച്ച് വിജയിക്കുകയും ചെയ്തുവെന്നു യാതൊരു ചരിത്രരേഖകളുടെയും വസ്തുതകളുടെയും പിൻബലം ഇല്ലാതെയാണ് ആരോപിച്ചിരിക്കുന്നത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ വ്യാപകമായി പോസ്റ്റർ പ്രചാരണം നടന്നുവെന്നൊക്കെ തട്ടിവിടുന്നത് ഏത് ചരിത്രത്തിന്റെ പിൻബലത്തിലാണെന്നത് ഇവർ തന്നെയാണ് വിശദീകരിക്കേണ്ടത്.

ചില വർഗീയശക്തികളുടെ പിൻബലമുള്ള വ്യക്തികൾ സമൂഹമാധ്യമങ്ങളിൽ എഴുതിവിടുന്ന ചരിത്രവിരുദ്ധതയാണ് ആധികാരികമാമെന്ന വ്യാജേന ഇവർ എടുത്തുപറയുന്നത്. വാട്ട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റികളിൽ ലഭ്യമാകുന്ന ഇടതുവിരുദ്ധ നുണപ്രചാരണങ്ങൾ വസ്തുത പോലും അന്വേഷിക്കാതെ അവതരിപ്പിക്കുന്ന രീതി മാധ്യമധർമത്തിന് നിരക്കാത്തതാണ്.

നവോഥാനത്തിന്റെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും തൊഴിലാളി കർഷകസമര മുന്നേറ്റങ്ങളുടെയും ചരിത്രാനുഭവങ്ങളിലൂടെ വളർന്നുവന്ന ഒരു കമ്യൂണിസ്റ്റ് നേതാവിനെതിരെ യാതൊരു വസ്തുതയുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്കും അതിന്റെ നേതാക്കന്മാർക്കുമെതിരെ എന്തു നുണയും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചുപറയുന്ന മനോരോഗ സമാനമായ മാനസികാവസ്ഥയിലാണ് കേരളത്തിലെ ചില മാധ്യമങ്ങൾ ഇന്നുള്ളത്. ഇത്തരത്തിലുള്ള പ്രസ്താവന സമൂഹത്തിൽ പരസ്പര വൈരം സൃഷ്ടിക്കുന്നതും ജനനേതാക്കളെ അപമാനിക്കുന്നതുമാണ്.

കേരള രാഷ്ട്രീയ ചരിത്രത്തിലെ സമുന്നതമായ നേതൃത്വങ്ങളിൽ ഒരാളായ സി.എച്ചിനെതിരെ നടത്തിയിട്ടുള്ള ചരിത്രവിരുദ്ധമായ പ്രസ്താവന പിൻവലിച്ച് സ്മൃതി പരുത്തിക്കാടും സി. ദാവൂദും കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Summary: DYFI Kerala asks apology in the claim that caste-based polarization happened in the election of the late CPM leader CH Kanaran in Nadapuram in 1957

TAGS :

Next Story