LiveTV

Live

World

'മാറി നിൽക്കൂ!'; ട്രംപിനോട് പോർട്ട്‌ലാന്റ് മേയർ, കലാപം നേരിടാൻ ട്രംപിന്റെ പൊലീസ് വേണ്ടെന്നും നിലപാട്

'ദയവായി മാറിനിൽക്കൂ' എന്ന വാചകത്തോടെയാണ് കത്ത് അവസാനിക്കുന്നത്. കത്തിന്റെ പകർപ്പ് ടെഡ് വീലർ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.

'മാറി നിൽക്കൂ!'; ട്രംപിനോട് പോർട്ട്‌ലാന്റ് മേയർ, കലാപം നേരിടാൻ ട്രംപിന്റെ പൊലീസ് വേണ്ടെന്നും നിലപാട്

വംശീയ അതിക്രമങ്ങൾ അരങ്ങേറുന്ന യു.എസ് നഗരമായ പോർട്ട്‌ലാന്റ് നഗരത്തിൽ ഇടപെടാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങളെ എതിർത്ത് മേയർ ടെഡ് വീലർ. ആഫ്രിക്കൻ വംശജർക്കു നേരെ അമേരിക്കയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരായ പ്രക്ഷോഭം ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയതിനെ തുടർന്നാണ് ഒറിഗോൺ സ്‌റ്റേറ്റിലെ ഏറ്റവും വലിയ നഗരമായ പോർട്ട്‌ലാന്റിൽ സംഘർഷം ആരംഭിച്ചത്. കലാപം അടിച്ചമർത്താൻ ഫെഡറൽ പൊലീസിനെ അയക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തിന് 'പ്രശ്‌നങ്ങളെ രാഷ്ട്രീയവൽക്കരിക്കാതെ ദയവായി മാറി നിൽക്കൂ...' എന്നായിരുന്നു മേയർ ടെഡ് വീലറുടെ മറുപടി.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ സംസാരിക്കവെ, പോർട്ട്‌ലാന്റിലെ അക്രമസംഭവങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്ന വിധത്തിൽ ട്രംപ് പ്രതികരിച്ചിരുന്നു. ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന നഗരങ്ങളിൽ അക്രമ സംഭവങ്ങൾ സ്ഥിരമാണെന്നും പോർട്ട്‌ലാന്റിൽ നടക്കുന്ന 'കലാപം, കൊള്ളയടി, ആയുധപ്രയോഗം, അക്രമം' എന്നിവയെ റിപ്പബ്ലിക്കൻ പാർട്ടി അപലപിക്കുന്നതായും ട്രംപ് പറഞ്ഞു.

'മാറി നിൽക്കൂ!'; ട്രംപിനോട് പോർട്ട്‌ലാന്റ് മേയർ, കലാപം നേരിടാൻ ട്രംപിന്റെ പൊലീസ് വേണ്ടെന്നും നിലപാട്
'തെറ്റ് വരുത്തരുത്. നിങ്ങൾ ജോ ബിഡന് അധികാരം നൽകിയാൽ മൗലികവാദികളായ ഇടതന്മാർ അമേരിക്കയിലുടനീളം പൊലീസ് വകുപ്പുകൾക്ക് ലഭിക്കുന്ന ഫണ്ടുകൾ തടയും. രാജ്യത്തുടനീളം നിയമവാഴ്ച ഇല്ലാതാക്കുന്ന നിയമം അവർ പാസാക്കും. എല്ലാ നഗരങ്ങളെയും അവർ ഡെമോക്രാറ്റുകൾ ഭരിക്കുന്ന പോർട്ട്‌ലാന്റ് പോലെയാക്കും.'
ട്രംപ് പറഞ്ഞു.

ഇതിനു പിന്നാലെ ട്വിറ്ററിൽ ശക്തമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്.

'പോർട്ട്‌ലാന്റിലെ അയോഗ്യനായ ടെഡ് വീലർ എന്ന മേയർക്ക് തന്റെ നഗരത്തിന്മേൽ നിയന്ത്രണം ലഭിക്കുന്നില്ലെങ്കിൽ, അരാജകവാദികളും പ്രക്ഷോഭകരും കലാപകാരികളും കൊള്ളക്കാരും നിരപരാധികളായ ജനങ്ങളെ അപകടപ്പെടുത്തുന്നത് തടയുന്നില്ലെങ്കിൽ ഞങ്ങൾ അവിടെ പോയി കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും. നൂറു ദിവസം മുമ്പ് അവർ കാര്യങ്ങൾ ചെയ്യേണ്ടിയിരുന്നതു പോലെ...'

ഫെഡറൽ പൊലീസിനെ അയക്കാമെന്ന് ഔദ്യോഗികമായി ട്രംപ് അറിയിക്കുകയും ചെയ്തു. ഇതിനു മറുപടിയായാണ് രൂക്ഷമായ ഭാഷയിൽ ടെഡ് വീലർ പ്രതികരിച്ചത്.

'ഞങ്ങൾക്ക് താങ്കളുടെ തരംതാണ വിഭജനത്തിന്റെ രാഷ്ട്രീയം ആവശ്യമില്ല. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ താങ്കളുടെ വീണ്ടുവിചാരമില്ലാത്ത അനാസ്ഥ ഞങ്ങൾ കണ്ടതാണ്. അക്രമസംഭവങ്ങളുടെ ചിത്രങ്ങളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രമാണ് താങ്കൾ കാണുന്നതെന്ന് ഞങ്ങൾക്കറിയാം.'
ടെഡ് വീലര്‍
'മാറി നിൽക്കൂ!'; ട്രംപിനോട് പോർട്ട്‌ലാന്റ് മേയർ, കലാപം നേരിടാൻ ട്രംപിന്റെ പൊലീസ് വേണ്ടെന്നും നിലപാട്

അക്രമങ്ങൾ നടത്തുന്നവരെ നേരിടാൻ തങ്ങൾക്ക് കഴിയുമെന്നും വിഭാഗീയതക്കും വിവേചനത്തിനും പോർട്ട്‌ലാന്റിൽ സ്ഥാനമില്ലെന്നും കത്തിൽ പറയുന്നു. ഫെഡറൽ പൊലീസിന്റെ സാന്നിധ്യം ജനങ്ങളിൽ ഭീതി വർധിക്കാനാണ് കാരണമാവുകയെന്നും മുമ്പ് ഫെഡറൽ പൊലീസ് വന്നപ്പോൾ സ്ഥിതി അതാണ് സംഭവിച്ചതെന്നും കത്തിൽ പറയുന്നു. 'ദയവായി മാറിനിൽക്കൂ' എന്ന വാചകത്തോടെയാണ് കത്ത് അവസാനിക്കുന്നത്. കത്തിന്റെ പകർപ്പ് ടെഡ് വീലർ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.