LiveTV

Live

World

നരേന്ദ്ര മോദിക്ക് പുരസ്‌കാരം നൽകരുതെന്നാവശ്യപ്പെട്ട് ഗേറ്റ്‌സ് ഫൗണ്ടേഷന് ഒരുലക്ഷം പേർ ഒപ്പിട്ട നിവേദനം 

ഒരുലക്ഷം പേർ ഒപ്പിട്ട ഭീമഹർജി സംഘടനാ പ്രവർത്തകർ സീറ്റിലിലെ ഗേറ്റ്‌സ് ഫൗണ്ടേഷൻ ആസ്ഥാനത്ത് സമർപ്പിച്ചു.  

നരേന്ദ്ര മോദിക്ക് പുരസ്‌കാരം നൽകരുതെന്നാവശ്യപ്പെട്ട് ഗേറ്റ്‌സ് ഫൗണ്ടേഷന് ഒരുലക്ഷം പേർ ഒപ്പിട്ട നിവേദനം 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാർഷിക 'ഗോൾകീപ്പേഴ്‌സ് ഗ്ലോബൽ ഗോൾ' (ജി.ജി.ജി) പുരസ്‌കാരം നൽകാനുള്ള ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ തീരുമാനത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തം. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ പേരിലാണ് മോദിക്ക് പുരസ്‌കാരം നൽകുന്നത്. എന്നാൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണാധികാരിയാണ് മോദിയെന്നും കശ്മീരിൽ മോദി സർക്കാറിന്റെ തീരുമാനത്തെ തുടർന്ന് നടക്കുന്ന മനുഷ്യവാകാശ ലംഘനങ്ങൾ പരിഗണിച്ച്, മോദിക്ക് പുരസ്‌കാരം നൽകാനുള്ള നീക്കത്തിൽ നിന്ന് ഗേറ്റ്‌സ് ഫൗണ്ടേഷൻ പിന്മാറണമെന്നും 'ജസ്റ്റിസ് ഫോർ ആൾ' സംഘടന ആവശ്യപ്പെട്ടു. ഒരുലക്ഷം പേർ ഒപ്പിട്ട ഭീമഹർജി സംഘടനാ പ്രവർത്തകർ സീറ്റിലിലെ ഗേറ്റ്‌സ് ഫൗണ്ടേഷൻ ആസ്ഥാനത്ത് സമർപ്പിച്ചു.

'ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്ന് വ്യക്തമായ ഒരു വ്യക്തിയെ ബഹുമാനിക്കാനുള്ള ഗേറ്റ്‌സ് ഫൗണ്ടേഷന്റെ തീരുമാനം ദൗർഭാഗ്യകരമാണ്.' - മൈക്രോസോഫ്റ്റിലെ മുൻ ജീവനക്കാരനും ജസ്റ്റിസ് ഫോർ ആൾ പ്രവർത്തകനുമായ ജാവേദ് സിക്കന്ദർ പറഞ്ഞു. ഗേറ്റ്‌സ് ഫൗണ്ടേഷനെതിരെ രൂക്ഷവിമർശവുമായി മനുഷ്യവകാശ പ്രവർത്തകൻ അർജുൻ സേഥിയും രംഗത്തെത്തി.

'ചരിത്രം നിങ്ങളെ കരുണയോടെ ഓർക്കില്ല ഗേറ്റ്‌സ് ഫൗണ്ടേഷൻ. ദശലക്ഷക്കണക്കിന് കശ്മീരികൾ നിശ്ശബ്ദരാക്കപ്പെടുകയും അസമിൽ ദശലക്ഷങ്ങൾ രാജ്യമില്ലാതാക്കപ്പെടുകയും മുസ്ലിംകളും ദളിതുകളും തുറസ്സായി കൊല്ലപ്പെടുകയും ചെയ്യുമ്പോൾ അവർ മോദിയെ ബഹുമാനിക്കുകയാണ്. ഇത് എവിടെയുമുള്ള മനുഷ്യാവകാശത്തിനു മേലുള്ള ആക്രമണമാണ്.' സേഥി ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, പ്രതിഷേധം മുഖവിലക്കെടുക്കുന്നുവെന്ന് വ്യക്തമാക്കിയ ഗേറ്റ്‌സ് ഫൗണ്ടേഷൻ, പുരസ്‌കാരത്തിൽ നിന്ന് പിന്മാറാനില്ലെന്നു വ്യക്തമാക്കി.

യു.എൻ പൊതുസഭയ്ക്കിടെ സെപ്തംബർ 24, 25 തിയ്യതികളിൽ നടക്കുന്ന ചടങ്ങിലാണ് മോദിക്ക് പുരസ്‌കാരം നൽകുക. ഇതിൽ പ്രതിഷേധിച്ച് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പരിപാടിയിൽ പങ്കെടുക്കാമെന്നേറ്റിരുന്ന ഹോളിവുഡ് അഭിനേതാക്കളായ ജമീല ജമീലും റിസ് അഹമ്മദും പിന്മാറിയിരുന്നു. ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. മോദിക്ക് പുരസ്‌കാരം നൽകാനുള്ള ഫൗണ്ടേഷന്റെ നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.