LiveTV

Live

World

മുങ്ങിമരിക്കുന്നവരെ രക്ഷിച്ചാൽ ഭീമൻ പിഴ, അറസ്റ്റ്; വിവാദ നിയമവുമായി ഇറ്റലി 

നിയമത്തിനെതിരെ യു.എൻ അടക്കം നിരവധി ഏജൻസികൾ രംഗത്തുവന്നിട്ടുണ്ട്. കഷ്ടപ്പെടുന്ന ജനതയുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന നീക്കമാണിതെന്ന് ‘അതിരുകളില്ലാത്ത ദുരിതാശ്വാസം’ (എം.എസ്.എഫ്) സംഘടന

മുങ്ങിമരിക്കുന്നവരെ രക്ഷിച്ചാൽ ഭീമൻ പിഴ, അറസ്റ്റ്; വിവാദ നിയമവുമായി ഇറ്റലി 

കുടിയേറ്റം തടാൻ മനുഷ്യത്വരഹിത നിയമവുമായി ഇറ്റലിയിലെ വലതുപക്ഷ ഭരണകൂടം. കടലിൽ മുങ്ങിമരിക്കുന്ന അഭയാർത്ഥികളെ രക്ഷിച്ചാൽ ഒരു ദശലക്ഷം യൂറോ (7.90 കോടി രൂപ) വരെ പിഴയും തടവുശിക്ഷയും ലഭിച്ചേക്കാവുന്ന നിയമം ഇറ്റാലിയൻ സെനറ്റ് പാസാക്കി. ആഭ്യന്തരമന്ത്രി മാത്യു സാൽവിനി രൂപീകരിച്ച നിയമം 57-നെതിരെ 160 വോട്ടുകൾക്കാണ് വിജയിച്ചത്. പ്രസിഡണ്ട് സെർജിയോ മാറ്റരെല്ലയുടെ അനുമതി ലഭിച്ചാൽ നിലവിൽ വരുന്ന നിയമത്തിൽ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന അഭയാർത്ഥികൾ അപകടത്തിൽപ്പെടുന്നതും മരണപ്പെടുന്നതും സ്ഥിരം സംഭവമാകുന്നതിനിടെയാണ് പ്രതിസന്ധി രൂക്ഷമാക്കുന്ന ഇറ്റലിയുടെ നീക്കം. അഭയാർത്ഥികളെ രക്ഷിക്കാനായി നിരവധി എൻ.ജി.ഒകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ രക്ഷിക്കുന്ന അഭയാർത്ഥികളുമായി കരയിലെത്തുന്ന ബോട്ടുകളുടെ ക്യാപ്ടന്മാരെ അറസ്റ്റ് ചെയ്യാനും ഒന്നര ലക്ഷം മുതൽ ഒരു ദശലക്ഷം വരെ പിഴ ചുമത്താനുമുള്ള വകുപ്പുകൾ അടങ്ങുന്നതാണ് പുതിയ നിയമം.

നിയമത്തിനെതിരെ യു.എൻ അടക്കം നിരവധി ഏജൻസികൾ രംഗത്തുവന്നിട്ടുണ്ട്. കഷ്ടപ്പെടുന്ന ജനതയുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന നീക്കമാണിതെന്ന് 'അതിരുകളില്ലാത്ത ദുരിതാശ്വാസം' (എം.എസ്.എഫ്) സംഘടനയുടെ ഇറ്റാലി വിഭാഗം പ്രസിഡണ്ട് ക്ലോദിയ ലോഡിസാനി പറഞ്ഞു. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് ആംബുലൻസ് ഡ്രൈവറെ ശിക്ഷിക്കുന്നതു പോലുള്ള നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നാവിക നിയമങ്ങളും കടലിൽ മനുഷ്യജീവൻ രക്ഷിക്കാനുള്ള ദൗത്യങ്ങളും ലംഘിക്കാൻ ഇറ്റലി മുന്നിട്ടിറങ്ങുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് 'സീവാച്ച്' അഭിപ്രായപ്പെട്ടു.

ആഭ്യന്തര സംഘർഷം നിറഞ്ഞ ആഫ്രിക്കൻ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്നത്. ഇറ്റലി അടക്കമുള്ള ചില രാജ്യങ്ങൾ കടുത്ത കുടിയേറ്റ വിരുദ്ധത പ്രകടിപ്പിക്കുമ്പോൾ ജർമനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ താരതമ്യേന അനുഭാവപൂർവമായ സമീപനമാണ് കൈക്കൊള്ളുന്നത്. കഴിഞ്ഞമാസം, ഇറ്റലി പുറത്താക്കിയ നൂറുകണക്കിന് അഭയാർത്ഥികളെ സ്‌പെയിൻ സ്വീകരിച്ചിരുന്നു.