LiveTV

Live

World

ഇന്ത്യൻ മരുന്നുകളുടെ ഇറക്കുമതി നിയന്ത്രണം പാകിസ്താൻ നീക്കി 

നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു തൊട്ടുമുമ്പ് പാകിസ്താന്‍ കൂടിയ അളവിൽ ഇന്ത്യയിൽ നിന്ന് മരുന്നുൽപ്പന്നങ്ങൾ എത്തിച്ച് സ്റ്റോക്ക് ചെയ്തിരുന്നു.

ഇന്ത്യൻ മരുന്നുകളുടെ ഇറക്കുമതി നിയന്ത്രണം പാകിസ്താൻ നീക്കി 

കശ്മീരിലെ നരേന്ദ്ര മോദി സർക്കാർ നീക്കത്തെതുടർന്ന് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെക്കാനുള്ള നീക്കത്തിൽ നിന്ന് പാകിസ്താൻ പിന്മാറുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ജീവൻരക്ഷാ മരുന്നുകൾക്കും മറ്റ് ഫാർമസ്യൂട്ടിക്കൽ ഉപകരണങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇന്ത്യയിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യാത്ത സാഹചര്യം പാകിസ്താനിലെ ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. അതേസമയം, മറ്റ് മേഖലകളിലെ ഇറക്കുമതിനിയന്ത്രണം തുടരുമെന്ന് ഇംറാൻ ഖാർ ഭരണകൂടം വ്യക്തമാക്കി.

കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കുകയും മൊബൈൽ ഫോൺ - ഇന്റർനെറ്റ് സൗകര്യം വിച്ഛേദിക്കുകയും ചെയ്ത നരേന്ദ്ര മോദി സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് പാകിസ്താൻ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി ആഗസ്റ്റ് 9 മുതൽ തൽക്കാലത്തേക്ക് നിർത്തിവെച്ചത്. ഇതിനുപുറമെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള കാംപെയ്‌നും പാകിസ്താനിൽ നടക്കുന്നുണ്ട്.

നിയന്ത്രണം നിലവിൽ വരുന്നതിനുമുമ്പ് മരുന്നുൽപ്പന്നങ്ങളുടെ ഇറക്കുമതി വ്യവസ്ഥകൾ ആരോഗ്യമേഖലയുടെ ആവശ്യത്തെ തുടർന്ന് ഭരണകൂടം ഉദാരമാക്കിയിരുന്നു. തൊട്ടുപിന്നാലെ വിമാന - കപ്പൽ മർഗങ്ങളിലൂടെ കൂടിയ അളവിൽ ഇന്ത്യയിൽ നിന്ന് മരുന്നുൽപ്പന്നങ്ങൾ എത്തിച്ച് സ്റ്റോക്ക് ചെയ്തു. എന്നാൽ, ഈ സ്‌റ്റോക്കുകൾ തീരാൻ തുടങ്ങിയതോടെയാണ് ഇറക്കുമതി നിയന്ത്രണം ഒഴിവാക്കണമെന്ന് ആരോഗ്യമേഖല ആവശ്യപ്പെട്ടത്. മരുന്നുകൾക്ക് മാത്രമായി പ്രത്യേക ഇളവ് അനുവദിക്കുകയാണെന്ന് പാക് പ്രധാനമന്ത്രിയുടെ ആരോഗ്യകാര്യ പ്രത്യേക സഹായി ഡോ. സഫർ മിർസ പറഞ്ഞു. അതേസമയം, മറ്റു നിയന്ത്രണം തുടരുമെന്ന് വാണിജ്യ, വസ്ത്രനിർമാണ മന്ത്രാലയം സ്റ്റാറ്റിയുട്ടറി റെഗുലേറ്ററി ഓർഡറിലൂടെ വ്യക്തമാക്കി.