LiveTV

Live

World

ജർമനിയിലെ ബീഫ് വിവാദം; പൊലീസ് ഇടപെട്ടുവെന്ന വാർത്ത തെറ്റ് 

കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ വിശദീകരണത്തെ തുടർന്ന് മീഡിയ വൺ വെബ്‌സൈറ്റിൽ ഇതുസംബന്ധിച്ച് നേരത്തെ പ്രസിദ്ധീകരിച്ച വാർത്ത നീക്കം ചെയ്തു. 

ജർമനിയിലെ ബീഫ് വിവാദം; പൊലീസ് ഇടപെട്ടുവെന്ന വാർത്ത തെറ്റ് 

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ കേരള സമാജം സംഘടിപ്പിച്ച പരിപാടിയിൽ ബീഫ് വിളമ്പുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തിൽ വിശദീകരണവുമായി സംഘാടകർ. കേരള സമാജത്തിന്റെ മെനുവിലെ വിഭവമായ ബീഫ് കറിക്കെതിരെ ഉത്തരേന്ത്യക്കാർ പ്രതിഷേധം ഉയർത്തിയെന്നും ഇതിനെ അനുകൂലിച്ചുള്ള ഇന്ത്യൻ കോൺസുലേറ്റിന്റെ നിലപാടിനെതിരെ സമാജം പ്രവർത്തകർ പൊലീസിനെ വിളിച്ചെന്നുമുള്ള വാർത്ത തെറ്റാണെന്നും കേരള സമാജം ഫ്രാങ്ക്ഫർട്ട് വ്യക്തമാക്കി. ജർമൻ പൊലീസെത്തി 'ഇത് നിങ്ങളുടെ രാജ്യമല്ല' എന്നു പറഞ്ഞ് ബീഫ് വിരോധികളെ ഓടിച്ചുവിട്ടുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഫ്രാങ്ക്ഫർട്ട് ഈയിടെ സംഘടിപ്പിച്ച ഫെസ്റ്റിനു വേണ്ടി കേരള സമാജം തയ്യാറാക്കിയ മെനു സംബന്ധിച്ച് ചില ദുർവ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഓൺലൈൻ മീഡിയയിലും ഈ വാർത്ത പ്രചരിക്കുന്നതിനാൽ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. ഇന്ത്യൻ ഫെസ്റ്റിന് തയ്യാറെടുക്കുമ്പോൾ എല്ലാ ഇന്ത്യൻ സംഘാടകരോടും ആൽക്കഹോൾ ഒഴികെ ഓരോ സംസ്ഥാനത്തെയും പൊതു ഭക്ഷണങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പൊതുതാൽപര്യം അടിസ്ഥാനമാക്കിയുള്ള മെനുവാണ് കേരള സമാജം തയ്യാറാക്കിയത്. സ്ഥാപിത താൽപര്യക്കാരായ ചിലർ എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് കോൺസുലേറ്റ് ജനറൽ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ മെനു തിരുത്താൻ ഞങ്ങളോട് അഭ്യർത്ഥിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് സമാധാനകാംക്ഷികളായ 'ദൈവത്തിന്റെ സ്വന്തം നാടിനെ' പ്രതിനിധീകരിക്കുന്ന ഞങ്ങൾ മറ്റെന്തിനുംമുകളിൽ സമാധാനവും സഹവർത്തിത്തവും കാത്തുസൂക്ഷിക്കാൻ സമ്മതിക്കുകയും 'നാനാത്വത്തിൽ ഏകത്വം' എന്ന ഇന്ത്യയുടെ അടിസ്ഥാന മൂല്യം ഉയർത്തിപ്പിടിക്കാൻ തീരുമാനിക്കുകയുമായിരുന്നു. സമാധാനം ആഗ്രഹിക്കുന്ന ഉത്തരവാദിത്വബോധമുള്ള എല്ലാ പൗരന്മാരോടും പൗരന്മാർ അല്ലാത്തവരോടും, ഇതുസംബന്ധിച്ച വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. - എന്നാണ് കേരള സമാജത്തിന്റെ വിശദീകരണക്കുറിപ്പ്.

Dear Members, Friends and well-wishers of Kerala Samajam Frankfurt, During the recent Indien Fest organised by...

Posted by Kerala Samajam Frankfurt on Sunday, September 1, 2019

അതേസമയം, കോൺസുലേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ബീഫ് മെനുവിൽ നിന്ന് ഒഴിവാക്കിയ ശേഷം കേരള സമാജം ഇന്ത്യൻ ഫെസ്റ്റ് ബഹിഷ്‌കരിച്ചുവെന്നും ഒരുപറ്റം യുവാക്കൾ പ്രതിഷേധ പ്രകടനം നടത്തിയെന്നും ഫ്രാങ്ക്ഫർട്ടിൽ താമസിക്കുന്ന മലയാളി ഡോണി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ബീഫ് വിഭവം ഉൾപ്പെട്ട കേരള മെനു ശ്രദ്ധയിൽപ്പെട്ട വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരാണ് എതിർപ്പുമായി രംഗത്തുവന്നതെന്നും തുടർന്ന് കോൺസുലേറ്റ് ഇടപെടുകയായിരുന്നുവെന്നും ഡോണി ജോർജ് കുറിക്കുന്നു.

പടരുന്ന അസഹ്ഷ്ണുത ... ഇന്ത്യൻ കോൺസുലേറ്റ് ഫ്രാങ്ക്ഫുർട് സംഘടിപ്പിച്ച ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചു വലതു പക്ഷ തീവ്ര...

Posted by Donny George on Sunday, September 1, 2019

കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ വിശദീകരണത്തെ തുടർന്ന് മീഡിയ വൺ വെബ്‌സൈറ്റിൽ ഇതുസംബന്ധിച്ച് നേരത്തെ പ്രസിദ്ധീകരിച്ച വാർത്ത നീക്കം ചെയ്തു.