Top

ലതിക സുഭാഷിന് 'മാതൃക'യായ ആ പൊടിപ്പാറ ആരാണ്?

ഏറ്റുമാനൂരില്‍ ചരിത്രം ആവര്‍ത്തിക്കുമോ? പഴയ അട്ടിമറിക്കഥയിലെ ജോർജ് ജോസഫ് പൊടിപ്പാറ ആരാണ്?

MediaOne Logo

  • Published:

    15 March 2021 1:19 PM GMT

  • Updated:

    2021-03-15 13:19:38.0

ലതിക സുഭാഷിന് മാതൃകയായ ആ പൊടിപ്പാറ ആരാണ്?
X

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുകയാണ്. പ്രഖ്യാപനം വന്നതിന് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ താളുകള്‍ മറിക്കുന്നത്1987ലേക്കാണ്.

1987ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് വേദി. ഏറ്റുമാനൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ പോരാട്ടം. ജോസഫ് ഗ്രൂപ്പിലെ കെ.ടി. മത്തായിക്ക് സീറ്റ് അനുവദിച്ചതിൽ പ്രതിഷേധിച്ച്, കോൺഗ്രസ്സ് നേതാവ് ജോർജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതാണ് ആ തെരഞ്ഞെടുപ്പിനെ തീ പാറുന്ന പോരാട്ടത്തിലേക്ക് എത്തിച്ചത്.

അന്നത്തേതിന് സമാനമായ സാഹചര്യം വീണ്ടും ഏറ്റുമാനൂരില്‍ സംജാതമാകുമ്പോള്‍ 87 ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ പക്ഷം. അന്ന് സ്വതന്ത്രനായി നിന്ന് അട്ടിമറി വിജയം നേടിയ ജോർജ് ജോസഫ് പൊടിപ്പാറ ആരാണ്? അന്നത്തെ അട്ടിമറിക്ക് പിന്നിലെ കാരണം എന്താണ്?

ഏറ്റുമാനൂർ-അതിരമ്പുഴ-ആർപ്പൂക്കര പ്രദേശങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം ഓര്‍മ വരുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ജോർജ് ജോസഫ് പൊടിപ്പാറ. ഒന്നും രണ്ടും നിയമസഭകളിൽ ഏറ്റുമാനൂരിന്‍റെ കോൺഗ്രസ്സിന്‍റെ പ്രതിനിധി. അക്ഷരാര്‍ഥത്തില്‍ രാഷ്ട്രീയ പോരാളി എന്നെല്ലാം വിളിക്കപ്പെടാന്‍ അര്‍ഹതയുള്ള നേതാവ്. ഇന്നത്തെ കാലവുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ സൈബര്‍ അണികള്‍ ഭരിക്കുന്ന ഈ പുതിയ ലോകത്ത് 'പൊടിപാറ ആർമി' എന്ന് വിളിക്കാനും വേണ്ടി സ്വന്തമായി അനുചരവൃന്ദമുണ്ടായിരുന്ന അനിഷേധ്യ നേതാവായിരുന്നു അദ്ദേഹം.

കെ.കരുണാകരനുമായുണ്ടായ പടലപ്പിണക്കത്തിന്‍റെ പേരിലാണ് ഇത്രയും പിന്തുണ ഉള്ള നേതാവായിട്ടു കൂടി പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ പൊടിപ്പാറക്ക് സീറ്റ് നിഷേധിക്കപ്പെടുന്നത്. 1965ൽ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിൽ മുസ്തഫാ കനി റാവുത്തർ കോൺഗ്രസ്സിന്‍റെ സ്ഥാനാർത്ഥിയായി. ഇതില്‍ അമര്‍ഷം പൂണ്ട പൊടിപ്പാറ, മുസ്തഫാ കനിയുടെ തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടന ചടങ്ങില്‍ ഒരു പ്രഖ്യാപനം നടത്തി. "ഏറ്റുമാനൂരിൽ ഒരു മുസ്‍ലിമിന് സീറ്റ് നൽകിയതിൽ കത്തോലിക്കർക്ക് പ്രതിഷേധം ഉണ്ടെന്നറിയാം. ഞങ്ങൾ അത് കണക്കിലെടുക്കുന്നില്ല. കത്തോലിക്കരുടെ വോട്ട് കിട്ടിയില്ലേലും ജയിക്കാൻ പറ്റുമോ എന്ന് ഞങ്ങളൊന്ന് നോക്കട്ടെ" ആ പ്രസ്താവനയില്‍ തന്നെ കോണ്‍ഗ്രസ് അവിടെ തോറ്റു.

പിന്നീട് 1987 ൽ സ്വതന്ത്രനായി ഉദയ സൂര്യൻ ചിഹ്നത്തിലയിരുന്നു പൊടിപ്പാറയുടെ തെരഞ്ഞെടുപ്പ് പ്രവേശനം. ആവേശോജ്ജ്വലമായ പൊടിപ്പാറയുടെ പ്രചരണം ഏറ്റുമാനൂരിനെ പിടിച്ചു കുലുക്കി. "എന്‍റെ വോട്ട് പൊടിപ്പാറക്ക്" എന്ന സ്റ്റിക്കറുകൾ വാഹനങ്ങളിലും, കടകളിലും, വീടുകളിലും നിറഞ്ഞു..! മണ്ഡലത്തില്‍ നടന്ന ആവേശപ്പോരാട്ടത്തിൽ, ഇ.എം.എസിന്‍റെ അളിയനും സി.പി.എമ്മിന്‍റെ സ്ഥാനാര്‍ഥിയുമായ രാമൻ ഭട്ടതിരിപ്പാടിനെ പൊടിപ്പാറ മുട്ടുകുത്തിച്ചു. യു.ഡി.എഫിന്‍റെ മത്തായിക്ക് ആകട്ടെ കെട്ടിവെച്ച കാശു പോലും നഷ്ടമായി..!

സ്വതന്ത്രനായി ജയിച്ച് സഭയിലെത്തിയ പൊടിപ്പാറ, തന്‍റെ കന്നി പ്രസംഗത്തിൽ ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും ഇടയിൽ ഇരിക്കാൻ ഒരു കൊരണ്ടിയാണ് സ്പീക്കറോട് ആവശ്യപ്പെട്ടതെന്നതും നിയമസഭയിലെ മറ്റൊരു ചരിത്രം..! ഏറ്റുമാനൂർ മണ്ഡലത്തിൽ അന്ന് ജീവിച്ചിരുന്ന ആരും തന്നെ മറക്കാനിടിയില്ലാത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു 1987ലേത് എന്ന് നിസംശയം പറയാം. സ്വതന്ത്രനായി നിന്ന് ചരിത്രം രചിച്ച ജോര്‍ജ് ജോസഫ് പൊടിപ്പാറയുടെ ചരിത്രം ലതിക സുഭാഷിലൂടെ വീണ്ടും ആവര്‍ത്തിക്കുമോ?

1987ല്‍ നേരിട്ട അതേ പ്രതിസന്ധി 34 വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് നേരിടുകയാണ്. അന്ന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് പൊടിപ്പാറ വിമതനായി നിന്ന് ജയിച്ച ചരിത്രം വീണ്ടും ലതിക സുഭാഷിലൂടെ ഏറ്റുമാനൂരില്‍ ആവര്‍ത്തിക്കുമോ..? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

TAGS :
Next Story