Top

ആ 33 ശതമാനം ഫ്രീസറില്‍ തന്നെ..

പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണം എന്തിന്? കണക്കുകള്‍ പറയും ഉത്തരം..

MediaOne Logo

  • Updated:

    2021-03-08 04:16:39.0

Published:

8 March 2021 4:16 AM GMT

ആ 33 ശതമാനം ഫ്രീസറില്‍ തന്നെ..
X

ഇത്തവണത്തെ വനിതാദിനം കടന്നുപോകുന്നത് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചൂടിനിടെയാണ്. പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ്. മുന്നണികളുടെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചാല്‍ 10 ശതമാനം പോലുമില്ല ഇത്തവണയും കേരളത്തില്‍ സ്ത്രീപ്രാതിനിധ്യം. ഈ അവസരത്തില്‍ ഓര്‍ക്കേണ്ട ഒരു ദിനമാണ് 2010 മാര്‍ച്ച് 9- സുഷമ സ്വരാജും ബൃന്ദ കാരാട്ടും നജ്മ ഹെപ്ത്തുള്ളയും കൈകോര്‍ത്ത് ചിരിച്ചുനില്‍ക്കുന്ന ചിത്രം നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ചരിത്ര നിമിഷമായിരുന്നു. ബില്‍ വലിച്ചുകീറല്‍, ഉപരാഷ്ട്രപതിയെ ആക്രമിക്കല്‍, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍.. എല്ലാത്തിനെയും അതിജീവിച്ച് രാജ്യസഭ വനിതാ സംരണബില്‍ പാസാക്കിയ ദിവസം. രാജ്യസഭ അംഗീകരിച്ച ബില്‍ 11 വര്‍ഷമായിട്ടും പ്രാബല്യത്തിലായിട്ടില്ല.

എന്താണ് വനിതാ സംവരണ ബില്‍?

1993ലാണ് 73, 74 ഭരണഘടനാ ഭേദഗതി പ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ 33 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കിയത്. അതുവരെ തദ്ദേശ സ്ഥാപനങ്ങളില്‍ ഇല്ലാതിരുന്ന അവസര സമത്വം ഈ ഭേദഗതിയോടെ സാധ്യമായി. കേരളത്തില്‍ 1995ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് 33 ശതമാനം വനിതാ സംവരണം നടപ്പിലായത്. 2005ലെ പഞ്ചായത്തിരാജ് ആക്ടിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ വനിതാ സംവരണം 50 ശതമാനമായി കേരളം ഉയര്‍ത്തി. പക്ഷേ ഇന്നും നിയമസഭകളിലേക്കും ലോക്സഭകളിലേക്കുമുള്ള സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്താനുള്ള ബില്ല് പാസ്സായില്ല.

പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുക എന്നതാണ് ഈ സ്ത്രീസംവരണ ബില്‍ കൊണ്ടുദ്ദേശിക്കുന്നത്. 2008ല്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയില്‍ വന്ന ബില്‍, 2010ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഒന്നിനെതിരെ 186 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്. കോണ്‍ഗ്രസിന് പുറമേ ബി.ജെ.പി, ഇടതുപാര്‍ട്ടികള്‍, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളൊക്കെ ബില്ലിനെ പിന്തുണച്ചു. സമാജ്‍വാദി പാര്‍ട്ടിയും ആര്‍ജെഡിയും ജെഡിയുവുമാണ് അന്ന് അവതരിപ്പിച്ച ബില്ലിനെ പ്രധാനമായും എതിര്‍ത്തത്. അവരും എതിര്‍ത്തത് സ്ത്രീ സംവരണത്തെ അല്ല. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ക്വാട്ട വിത്ത് ഇന്‍ ക്വാട്ട അഥവാ സംവരണത്തിനുള്ളില്‍ സംവരണം വേണമെന്നാണ് ആ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ആ ബില്‍ ലോക്സഭ കണ്ടില്ല. യുപിഎ സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവാകുകയും ചെയ്തു.

ആ 33 ശതമാനത്തിന് എന്തുസംഭവിച്ചു?

ആദ്യ ഘട്ടത്തില്‍ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച പല പാര്‍ട്ടികളുടെയും എതിര്‍പ്പ് കാലക്രമേണ കുറഞ്ഞിട്ടുണ്ട്. പക്ഷേ ക്വാട്ട വിത്തിന്‍ ക്വാട്ട പോലെ വിയോജിപ്പുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ബില്‍ ഫ്രീസറില്‍ തന്നെ. ഇവിടെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആത്മാര്‍ഥത സംശയിക്കേണ്ടിവരുന്നത്. സ്ത്രീസംവരണത്തോട് എതിര്‍പ്പുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. പക്ഷേ ആരെങ്കിലും ബില്‍ പാസ്സാക്കാന്‍ മുന്‍കൈ എടുക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതും ഇല്ല. ഈ സ്ത്രീസംവരണ ബില്‍ അവതരണം 1996 സെപ്തംബര്‍ 12ന് തുടങ്ങിയതാണ്. എച്ച് ഡി ദേവഗൌഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരാണ് ബില്‍ ആദ്യം ലോക്സഭയില്‍ അവതരിപ്പിച്ചത്. പാസ്സായില്ല. 1998ലും 99ലും 2002ലും 2003ലും ബില്‍ അവതരിപ്പിക്കപ്പെട്ടു. പാസ്സായില്ല. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനകം വനിതാ സംവരണ ബില്‍ പാസ്സാക്കുമെന്നായിരുന്നു. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും ആദ്യ മോദി സര്‍ക്കാര്‍ ആ വാഗ്ദാനം പരിഗണിച്ചതേയില്ല. രണ്ടാം തവണയും അതേ വാഗ്ദാനം ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇതുവരെ ഒരുനീക്കവുമില്ല. അധികാരത്തിലെത്തിയതിന് പിന്നാലെ വനിതാ സംവരണ ബില്‍ എന്ന് അവതരിപ്പിക്കുമെന്ന് ലോക്സഭയില്‍ ചോദ്യമുയര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി, രാഷ്ട്രീയ പാര്‍ട്ടികളുടെ സമവായത്തോടെ ശ്രദ്ധാപൂര്‍വം പരിഗണിക്കേണ്ട വിഷയമാണ് ഇതെന്നാണ്. ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണക്കുന്ന വിഷയത്തിലാണ് മോദി സര്‍ക്കാരിന്‍റെ ഈ കരുതല്‍. കാര്‍ഷിക ബില്ലും പൌരത്വ ഭേദഗതി ബില്ലുമൊക്കെ പരിഗണിക്കുമ്പോള്‍ ഇല്ലാതിരുന്ന ഈ കരുതല്‍ സ്ത്രീസംവരണ വിഷയത്തില്‍ മാത്രമായി കാണിക്കുമ്പോള്‍, അതത്ര നിഷ്കളങ്കമല്ലെന്ന് വ്യക്തം.

എന്തിന് സ്ത്രീസംവരണം? മറുപടി ഈ കണക്കുകള്‍ പറയും..

എന്തിന് സ്ത്രീസംവരണം, ആണായാലും പെണ്ണായാലും കഴിവുള്ളവര്‍ വരട്ടെ എന്നെല്ലാം പറയുന്നവര്‍ക്കുള്ള മറുപടി ചില കണക്കുകളാണ്. 2019ല്‍ 542 അംഗ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ എംപിമാരുടെ എണ്ണം 78 ആണ്. അതായത് 14 ശതമാനം മാത്രം. ലോക്സഭയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണിതെന്ന് കൂടി പറയുമ്പോഴേ ചിത്രം പൂര്‍ണമാകൂ. 1952ലെ ആദ്യ ലോക്സഭയില്‍ അഞ്ച് ശതമാനമായിരുന്നു സ്ത്രീപ്രാതിനിധ്യം. സാക്ഷരത ഉള്‍പ്പെടെ പല രംഗത്തും ഒന്നാമതുള്ള നമ്മുടെ കേരളത്തിന്‍റെ കാര്യവും മെച്ചമല്ല. കേരളത്തിലെ ആദ്യ വനിതാ ലോക്‌സഭാ എം.പി ആനി മസ്‌ക്രീന്‍ ആണ്. 1957ലും 62ലും ഓരോ സ്ത്രീ മല്‍സരിച്ചു. പക്ഷേ ജയിച്ചില്ല. 1967ല്‍ സുശീല ഗോപാലന്‍ ജയിച്ചു. 1971ലെ അഞ്ചാം ലോക്‌സഭയിലെത്തിയ ഏക വനിത കെ. ഭാര്‍ഗവി തങ്കപ്പനാണ്. അന്ന് മല്‍സരിച്ചത് നാല് പേര്‍. 1977ല്‍ മൂന്ന് സ്ത്രീകള്‍ മല്‍സരിച്ചു. ആരും ജയിച്ചില്ല. 1980ല്‍ രണ്ട് സ്ത്രീകള്‍ മല്‍സരിച്ചു, സുശീല ഗോപാലന്‍ ജയിച്ചു. 1984ല്‍ മല്‍സരിച്ച എല്ലാ സ്ത്രീകളും തോറ്റു. 1989ല്‍ എട്ട് പേര്‍ മല്‍സരിച്ചു ഒരാള്‍ ജയിച്ചു- മുകുന്ദപുരത്തുനിന്നു സാവിത്രി ലക്ഷ്മണന്‍. 1991ല്‍ 10 പേര്‍ മല്‍സരിച്ചു, രണ്ട് പേര്‍ ജയിച്ചു- സുശീല ഗോപാലനും സാവിത്രി ലക്ഷ്മണനും. 1996ലും 10 സ്ത്രീകള്‍ മല്‍സരിച്ചു. ആരും ജയിച്ചില്ല. 1998ല്‍ 10 വനിതകള്‍ മല്‍സരിച്ചപ്പോള്‍ എ.കെ. പ്രേമജം ജയിച്ചു. 1999ല്‍ 13 പേര്‍ മല്‍സരിച്ചപ്പോള്‍ എ.കെ. പ്രേമജം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ 15 പേര്‍ മല്‍സരിച്ചു. രണ്ട് പേര്‍ ജയിച്ചു- പി. സതീദേവിയും സി.എസ്.സുജാതയും. 2009ലും 15 പേര്‍ മല്‍സരിച്ചു. ആരും ജയിച്ചില്ല. 2014ല്‍ കെ. സുധാകരനെ പരാജയപ്പെടുത്തി പി.കെ ശ്രീമതി ജയിച്ചു. നിലവില്‍ ലോക്സഭയിലുള്ളതും ഒരേയൊരു വനിതാ എംപി മാത്രം- രമ്യ ഹരിദാസ്.

നിലവിലെ വനിതാ എംഎല്‍എമാരുടെ കണക്കെടുത്താല്‍ 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 8ഉം യുഡിഎഫിന് ഒരു വനിതാ എംഎല്‍എയും മാത്രമാണുള്ളത്. കേരം തിങ്ങും കേരള നാട് ഗൗരിയമ്മ ഭരിച്ചീടും എന്ന മുദ്രാവാക്യം 1987ല്‍ ഉയര്‍ന്നു. പിന്നീട് സുശീല ഗോപാലന്‍റെ പേര് ഉയര്‍ന്നു. പക്ഷേ നമുക്കിതേവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. 1963ല്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ സുചേത കൃപലാനിയാണ് ഇന്ത്യയിലെ ആദ്യ ആദ്യ വനിതാ മുഖ്യമന്ത്രി. ബംഗാളില്‍ മമത ബാനര്‍ജിയും യു.പിയില്‍ മായാവതിയും തമിഴ്നാട്ടില്‍ ജയലളിതയും ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതും ഉള്‍പ്പെടെ 16 വനിതാ മുഖ്യമന്ത്രിമാര്‍ രാജ്യത്തുണ്ടായി. പക്ഷേ സ്ത്രീസാക്ഷരതയില്‍ ഏറെ മുന്നിലുള്ള കേരളത്തില്‍ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നത് നാണക്കേട് തന്നെയാണ്.

ആദ്യ ഇഎംഎസ് മന്ത്രിസഭ മുതല്‍ പിണറായി സര്‍ക്കാര്‍ വരെ നമുക്കുള്ളത് 8 വനിതാ മന്ത്രിമാര്‍ മാത്രം. ഗൗരിയമ്മ ആറ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഗൗരിയമ്മക്ക് ശേഷം സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ വനിത, കോണ്‍ഗ്രസിലെ എം കമലമാണ്- 1982 മുതല്‍ 87 വരെ. പിന്നീട് കോണ്‍ഗ്രസിലെ തന്നെ എം ടി പദ്മ രണ്ട് തവണ മന്ത്രിയായി. 1996ല്‍ നായനാർ മന്ത്രിസഭയില്‍ സുശീല ഗോപാലന്‍ മന്ത്രിയായിരുന്നു. 2006ലെ വിഎസ് മന്ത്രിസഭയില്‍ പി കെ ശ്രീമതിയും 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പി കെ ജയലക്ഷ്മിയും മന്ത്രിമാരായി. സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തിയത് പിണറായി വിജയന്‍ സർക്കാരിലാണ്- കെ.കെ ശൈലജയും ജെ മേഴ്സിക്കുട്ടിയമ്മയും. 14 നിയമസഭകളിലായി ആകെ എംഎല്‍എമാരുടെ എണ്ണം 88 മാത്രമാണ്.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് 33 അല്ല 50 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക പട്ടിക പ്രകാരം 10 ശതമാനം പോലുമില്ല വനിതാ സ്ഥാനാര്‍ഥി പ്രാതിനിധ്യം. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാത്തുകൊണ്ടുകൂടിയാണ് നിയമ നിര്‍മാണം വഴി സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ഉയരുന്നത്.

മാതൃകയാണ് ഒഡീഷ

സ്ത്രീസംവരണ നിയമം നടപ്പിലായിട്ടില്ലെങ്കിലും 2019ലെ തെരഞ്ഞെടുപ്പിലൂടെ ലോക്സഭയില്‍ 33 ശതമാനം സ്ത്രീകളെ എത്തിച്ച സംസ്ഥാനമുണ്ട് ഇന്ത്യയില്‍. ഒഡീഷയാണ് ആ സംസ്ഥാനം. 21 ലോക്സഭാ സീറ്റുകളുള്ള ഒഡീഷയില്‍ 7 സീറ്റ് സ്ത്രീകള്‍ക്ക് നല്‍കുമെന്ന ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്നായികിന്‍റെ പ്രഖ്യാപനം ആ പാര്‍ട്ടി പാലിച്ചു. ബിജു ജനതാദളിന്‍റെ 7 വനിതാ സ്ഥാനാര്‍ഥികളില്‍ 5 പേര്‍ ജയിച്ചു. ബിജെപിയുടെ രണ്ട് വനിതാ സ്ഥാനാര്‍ഥികളും വിജയിച്ചു. അങ്ങനെ 7 സ്ത്രീകളെ ഒഡീഷ ലോക്സഭയിലേക്ക് അയച്ചു. ഈ വര്‍ഷം തന്നെ ബില്‍ പാസാക്കണമെന്ന് ആ പാര്‍ട്ടി സര്‍വകക്ഷി യോഗത്തില്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെടുകയുമുണ്ടായി.

മത്സരിക്കാന്‍ ആവശ്യത്തിന് സ്ത്രീകളെ കിട്ടില്ല, ഭരണ പരിചയമില്ലാത്ത സ്ത്രീകള്‍ അധികാരത്തിലെത്തിയാല്‍ പിന്‍സീറ്റ് ഡ്രൈവിങാണ് നടക്കാന്‍ പോകുന്നത് എന്നിങ്ങനെയായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലേക്ക് വനിതാസംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യ കാലത്ത് ഉയര്‍ന്ന മുറവിളി. എന്നിട്ടെന്തായി? ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും കോര്‍പറേഷനുകളുമെല്ലാം ഭരിക്കുന്നു. ഭരണ നേട്ടങ്ങളില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്തുകള്‍ ഒന്നാമതെത്തുന്നു. പുറത്തിറങ്ങി ജനങ്ങളുടെ ആവശ്യങ്ങള്‍ അടുത്തറിഞ്ഞും ജനക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചും വോട്ടര്‍മാര്‍ക്ക് നീതി ഉറപ്പാക്കിയുമൊക്കെയാണ് ഒരാള്‍ നല്ല ഭരണാധികാരിയാകുന്നത്. അല്ലാതെ ജനാധിപത്യത്തില്‍ ആരും ഭരണാധികാരിയായി ജനിക്കുന്നില്ല.

എഴുത്തുകാരി കെ ആര്‍ മീര പറഞ്ഞതുപോലെ രാഷ്ട്രീയത്തിലെ സ്ത്രീവിരുദ്ധത എന്നാല്‍ സ്ത്രീയോടുള്ള വിരോധമല്ല, മറിച്ച് സ്ത്രീയുടെ അധികാരത്തോടുള്ള വിരോധമാണ്. ആ വിരുദ്ധത ഇപ്പോഴും തുടരുന്നതിനാല്‍ നിയമനിർമാണം വഴി സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയേ തീരൂ. പുരുഷന്മാര്‍ മാത്രം നിറയേണ്ട ഇടങ്ങളല്ല നിയമസഭകളും പാര്‍ലമെന്‍റുകളും. സ്ത്രീകളും ട്രാന്‍സ്ജെന്‍ഡേഴ്സും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുമൊക്കെ അവിടെ ഉണ്ടാകുമ്പോഴേ ജനാധിപത്യം പൂര്‍ണമാകൂ.

TAGS :

Next Story