LiveTV

Live

Web Special

വിഷയം മാറ്റാൻ ആയുധം തേടുന്ന സി.പി.എം

കൂറുമാറിയവരെ സ്വീകരിക്കുന്ന ബി.ജെ.പിയെക്കാളും അതിൽ ആഹ്ലാദം പ്രകടിപ്പിച്ചു പോരുന്നത് സി.പി.എമ്മുകാരാണ്

വിഷയം മാറ്റാൻ ആയുധം തേടുന്ന സി.പി.എം

ആർ.എസ്.എസ് ഇന്ത്യ ഭരിക്കുമ്പോഴും കേരളീയ പൊതു മണ്ഡലത്തിൽ സംഘപരിവാർ ബാന്ധവം എന്നത് രാഷ്ട്രീയ നേതാക്കളെ തേജോവധം ചെയ്യാൻ പ്രയോഗിച്ചു പോരുന്ന ആയുധമാണെന്നത് കൗതുകകരമാണ്. ഒരു പക്ഷെ ഇന്ത്യയിലൊരിടത്തും ഇത്തരമൊരു കാലിക രാഷ്ട്രീയം ഇപ്പോൾ നിലവിലില്ല എന്നതാണ് യഥാർത്ഥ്യം. മലയാളിയുടെ മതേതര പൊതുബോധത്തിനുള്ള അംഗീകാരമായി ഒരർത്ഥത്തിൽ ഈ രീതിയെ വിശേഷിപ്പിക്കാവുന്നതാണ്. ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാർ ബ്രാൻ്റിംഗിനിരയായവരുടെ പട്ടിക വലുതാണ്.

ക്ഷേത്രാരാധനയിലും കർമ്മങ്ങളിലും വിശ്വസിക്കുന്ന ഭക്തനായ ഹിന്ദുവിൻ്റെ മേൽ വർഗ്ഗീയ മുദ്ര ചാർത്തുന്ന പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജനകീയ അംഗീകാരത്തിനു പുറമെ, ജാതിയിൽ മുന്നോക്കമായിരിക്കുക എന്നത് കൂടി ഇരയെ തിരഞ്ഞെടുക്കുന്നവർ പരിഗണിക്കുന്ന ഒരു ഘടകമാണ്. ഗാന്ധിജിയുടെ കാലം മുതൽ ശത്രുക്കൾ കോൺഗ്രസ് നേതാക്കൾക്കു മേൽ ഇതു പയറ്റുന്നുണ്ട്. പ്രതാപകാലത്ത് കരുണാകരനെതിരെ പ്രയോഗിച്ച ആയുധം ഇന്ന് രമേശ് ചെന്നിത്തലക്കെതിരെയാണെന്നതാണ് വ്യത്യാസം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായിരുന്നുവെങ്കിൽ മൃദു ഹിന്ദു പട്ടികയിൽ വരുമായിരുന്നുവെന്നും, ഗൺമാന് അശുദ്ധിയുണ്ടെന്നുമുള്ള വിമർശനങ്ങൾ താരതമ്യേന പുതിയതാണ്. ലോക്ക് ഡൗൺ കാലത്ത് കോടിയേരിയുടെ വീട്ടിൽ നടന്ന ഉഗ്രപൂജകളും മഷിനോട്ടവും വഴി ലഭിച്ച വിവരങ്ങളാണോ എന്നറിയില്ല.

സംഘ പരിവാറിൻ്റെ സമഗ്രാധിപത്യത്തിനു മുമ്പിൽ നിലവിൽ രാജ്യത്തുള്ള ഏക തടസ്സം കോൺഗ്രസ്സാണ്. കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തിലൂടെ ബി.ജെ.പി അതിന് അടിവരയിട്ടിട്ടുണ്ട്. കോൺഗ്രസിനെതിരെ എവിടെയും ആർ.എസ്.എസ് പ്രയോഗിച്ചു പോരുന്ന ആയുധം ഹിന്ദു വിരുദ്ധർ എന്നും ന്യൂനപക്ഷ പ്രീണന പാർട്ടി എന്നുമാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയപ്പോൾ പച്ചപ്പതാകകൾ വിണ്ണിലുയർത്തിയാണ് ലീഗണികൾ സ്വീകരിച്ചത്. ലീഗ് പതാകയെ പാക്കിസ്ഥാൻ പതാകയായി ചിത്രീകരിച്ച് രാഹുൽ ഹിന്ദുക്കളെ കൈയ്യൊഴിഞ്ഞ് മുസ്ലിംകളെ തിരഞ്ഞു പോയിയെന്ന വലിയ നുണ ലക്ഷക്കണക്കിന് വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയാണ് ആർ.എസ്.എസ് പ്രചരിപ്പിച്ചത്. അവർക്ക് പ്രതീക്ഷിച്ച ഗുണവുമുണ്ടായി. വലിയ തോതിൽ ന്യൂനപക്ഷ ബ്രാൻറിംഗിന് വിധേയമാകുമ്പോഴും, അതിൻ്റെ ഗുണങ്ങൾ കോൺഗ്രസിനു ലഭിക്കാതിരിക്കാനുള്ള തന്ത്രങ്ങളും സംഘ് പരിവാർ മെനയുന്നുണ്ട്. ന്യൂനപക്ഷ കേന്ദ്രീകൃത മതേതര മേഖലകളിൽ കൃത്യമായി അത് നിറവേറ്റപ്പെടുന്നു. അറിഞ്ഞോ, അറിയാതെയോ കേരളത്തിൽ അതിൻ്റെ ഭാഗഭാക്കാകുന്നവരുണ്ട്.

കോൺഗ്രസിൽ നിന്നുള്ള കൂറുമാറ്റ വാർത്തകൾ സമീപ കാലങ്ങളിലായി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ആഘോഷിക്കപ്പെടുന്ന ഒന്നാണ്. കൂറുമാറിയവരെ സ്വീകരിക്കുന്ന ബി.ജെ.പിയെക്കാളും അതിൽ ആഹ്ലാദം പ്രകടിപ്പിച്ചു പോരുന്നത് സി.പി.എമ്മുകാരാണ്. സംഘ പരിവാര വിരുദ്ധ വോട്ടുകൾ കോൺഗ്രസിൽ കേന്ദ്രീകരിക്കരുതെന്ന ആഗ്രഹമാണ് കോൺഗ്രസിനെ സംശയമുനയിൽ നിർത്താൻ ഇവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ ബംഗാളിലും ത്രിപുരയിലും വൻതോതിൽ സി.പി.എം, ബി.ജെ.പിയായി രൂപം മാറുന്നത് ഇവിടെ ചർച്ചയാകുന്നില്ല. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ എല്ലാ കാലത്തും അധികാരത്തിനും പണത്തിനും വേണ്ടിയുള്ള കൂറുമാറ്റത്തിൻ്റെ കഥകൾ സുലഭമാണ്. കോൺഗ്രസിലേക്കും, പുറത്തേക്കും, വീണ്ടുമകത്തേക്കും എന്ന മട്ടിൽ ധാരാളം ഉദാഹരണങ്ങളുണ്ട്. ബഹുഗുണ പോയി, ഗുണവും പോയി. ജഗ്ജീവൻ പോയ്, ജീവൻ പോയി. നന്ദിനി പോയി, നന്മകൾ പോയി എന്ന് സി.പി.എമ്മുകാർ 77 ൽ മുദ്രാവാക്യവും വിളിച്ചു. കോൺഗ്രസ് വിട്ടു പോയ മൊറാർജി, ചരൺ സിംഗ്, വി.പി.സിംഗ്, എസ്. ചന്ദ്രശേഖർ എന്നിവർ ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി. അപ്പോഴൊന്നുമില്ലാത്ത തീക്ഷ്ണതയും, പുതുമയും പുതിയ കാലത്തെ കൂറു മാറ്റങ്ങളിൽ ഉൾച്ചേർക്കുമ്പോൾ അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ വ്യക്തമാണ്. അനുഭവങ്ങളുടെ വലിയ റാങ്ക് ആൻറ് ഫയൽ കൈവശമുള്ള കോൺഗ്രസ് പാർട്ടി ഈ പ്രതിസന്ധിയും അതിജീവിക്കും. രാജസ്ഥാൻ അതിനു തെളിവാണ്.

ഇന്ത്യയിൽ സംഘ പരിവാറുമായി തിരഞ്ഞെടുപ്പു ബാന്ധവമുണ്ടാക്കാത്ത ഏക മുഖ്യധാര രാഷ്ട്രീയപാർട്ടി കോൺഗ്രസാണെന്ന് കാണാൻ കഴിയും. പിണറായി വിജയനും, കെ.ജി. മാരാരും1977 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ അവിഭക്ത കണ്ണൂർ ജില്ലയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കളായിരുന്നു. മാരാർ പരാജയപ്പെട്ടു പോയി. എൽ.കെ. അധ്വാനി എൽ.ഡി.എഫ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്തതിന് സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പും അതായിരുന്നു. രാജ്യത്തിൻ്റെ വിവിധയിടങ്ങളിലെ ഒളിഞ്ഞും,തെളിഞ്ഞുമുള്ള ആർ.എസ്.എസ് ബാന്ധവത്തിന് ഇ.എം.എസ് നൽകിയ താത്വിക വിശദീകരണം ഏതു ചെകുത്താനെ കൂട്ടു പിടിച്ചും കോൺഗ്രസിനെ തോൽപ്പിക്കുമെന്നതായിരുന്നു.

സ്വന്തം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വേദിയ്ക്ക് ബോംബ് വെച്ച ആർ.എസ്.എസുകാർക്കെതിരെ കേസെടുക്കാത്തപ്പോഴും, ബാലികാ പീഡനക്കാരനായ സംഘ് അനുഭാവിക്കു മേൽ ലഘുവായ വകുപ്പ് ചുമത്തുമ്പോഴും, ശിലാന്യാസത്തിന് ട്രസ്റ്റിനെ ആശീർവദിച്ച പോളിറ്റ് ബ്യൂറോയിലെ കരുത്തനായ അംഗം പിണറായിക്കു വേണ്ടി പ്രതിരോധം തീർക്കുന്നവർ രമേശ് ചെന്നിത്തലക്കെതിരെ ദുരാരോപണം മെനയുന്നത് രാഷ്ട്രീയമായി ഗവേഷക പ്രധാന്യമർഹിക്കുന്ന വിഷയം തന്നെയാണ്.

കേരളത്തിൻ്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു സർക്കാറും നേരിടേണ്ടി വരാത്ത ആരോപണങ്ങളുടെ നിഴലിലാണ് ഇടതു ഗവർമ്മെൻ്റ്. മുഖ്യ പ്രതി സ്വപ്നക്ക് സർക്കാർ ഉന്നതങ്ങളിൽ വലിയ സ്വാധീനമാണെന്ന് കോടതി പരസ്യമായി നിരീക്ഷിച്ചു കഴിഞ്ഞു. ആരോപണത്തിൻ്റെ കുന്തമുന നെഞ്ചിനു നേരെ വരുമ്പോൾ മതം പറഞ്ഞ് പിടിച്ചു നിൽക്കാൻ വരെ കമ്മ്യൂണിസ്റ്റ് മന്ത്രിമാർ ശ്രമിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവിനെ വേട്ടയാടി ചർച്ചകളെ കളം മാറ്റാൻ സി.പി.എം ശ്രമിക്കുന്നത്. ആർ.എസ്.എസിനെതിരെ കോൺഗ്രസ് നടത്തിയ സായുധ പോരാട്ടത്തിൻ്റെ കണക്കു വരെ ഇവിടെ ചോദിക്കുന്നവരുണ്ട്. കോൺഗ്രസ് കുടുംബത്തിൽ പിറന്ന കുറ്റത്തിന് അസ്നയെന്ന കുരുന്നിൻ്റെ കാൽ, ആർ.എസ്.എസുകാർ ബോംബെറിഞ്ഞ് തകർത്തപ്പോൾ പ്രതികാരം ചെയ്തത് ആ കുഞ്ഞിനെ പഠിപ്പിച്ച് ഡോക്ടറാക്കിയതിലൂടെയാണ്. വാളിനൂണായവരുടെ കണക്കുകൾ വെച്ച് രാഷ്ട്രീയ വൈരത്തിൻ്റെ സാന്ദ്രതയളക്കുന്നവർക്കിടയിൽ കോൺഗ്രസ് ദുർബലമാണെന്നത് സത്യമാണ്.

പിന്നോക്ക, ന്യൂനപക്ഷ രാഷ്ട്രീയത്തെ കേരളത്തിൽ ഹനിച്ച പാരമ്പര്യമാണ് എന്നും സി.പി.എമ്മിന് കൂട്ടായുള്ളത്. കോൺഗ്രസിന് കേരളത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുണ്ടായപ്പോൾ ആ കുപ്പായം ധരിച്ചത് പിന്നോക്ക സമുദായക്കാരനാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നും മുഖ്യമന്ത്രിമാരുണ്ടായി. എന്നാൽ സി.പി.എമ്മിന് അത് ചിന്തിക്കാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറക്കേണ്ടി വന്നു. മലബാറിലെ ഗ്രാമങ്ങളിൽ അണികളാൽ സമ്പന്നമായിരുന്ന സുലൈമാൻ സേട്ടിൻ്റെ പാർട്ടിയെ ധൃതരാഷ്ട്രാലിംഗനം ചെയ്ത് അസ്ഥിപഞ്ജരമാക്കിയ ഖ്യാതി പ്രത്യേകം വിശദീകരിക്കേണ്ടതില്ല.

(കെ.പി.സി.സി മെമ്പറാണ് ലേഖകന്‍)