LiveTV

Live

Web Special

ദുരന്തങ്ങളെ 'അവസര'മാക്കുന്നവര്‍

സി.എ.എ - എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ നിയമപരമായി ശിക്ഷിക്കാന്‍ അധികാരം ഇല്ലാത്തതിനാല്‍ നോര്‍ത്ത് - ഈസ്റ്റ് ഡല്‍ഹിയിലുണ്ടായ കലാപത്തിനുത്തരവാധികളായി ചിത്രീകരിച്ചു കൊണ്ടാണ് വേട്ടയാടുന്നത്

ദുരന്തങ്ങളെ 'അവസര'മാക്കുന്നവര്‍

പൗരത്വഭേദഗതി വിരുദ്ധ സമരങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു അതിന്‍റെ നേതൃത്വം. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കില്‍ അതിന്‍റെ മുസ്‍ലിം നേതൃത്വം. മുസ്‍ലിം - ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലനില്‍പ്പ് ഇന്ത്യന്‍ ഫാസിസ്റ്റ് ഭരണകൂടത്തെ അരോചകപ്പെടുത്തിയ അതേതോതില്‍ തന്നെ ഇത്തരം സമരങ്ങളിലെ ഇക്കൂട്ടരുടെ മുന്‍നിരയിലെ സാന്നിധ്യം ഇവിടുത്തെ 'പുരോഗമന മതേതര' ഇടത്തിനെ അസ്വസ്ഥപ്പെടുത്തിയത് നമ്മള്‍ കണ്ടതാണ്. ഇതിന്‍റെ ഭീകരമായ ഭവിഷ്യത്തെന്തെന്ന് ഇന്ന് നമ്മള്‍ അറിഞ്ഞു കൊണ്ടിരിക്കുകയാണ്.

2 ലക്ഷത്തോളം ആളുകള്‍ ലോകത്തിലൂടനീളം മഹാമാരി ബാധിച്ച് മരിച്ചുകൊണ്ടിരിക്കുന്ന ഈ വേളയില്‍ ആരോഗ്യ അടിയന്തരാവസ്ഥ നടപ്പിലാക്കിയത് കൊണ്ട് ഇന്ത്യയിലും ആളുകള്‍ വീടുകളില്‍ ഒതുങ്ങാന്‍ നിര്‍ബന്ധിതരാണ്. ഇന്ത്യ പോലെ അടിസ്ഥാനവര്‍ഗ്ഗം തൊഴിലിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുന്നിടത്ത് യാതൊരു മുന്‍കരുതലുമില്ലാതെ പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വിമര്‍ശിക്കാന്‍ 'കൊറോണ കാലത്ത്' അനുവദനീയമല്ല എന്നിരിക്കെ അതിലേക്ക് കടക്കുന്നില്ല. എന്നാല്‍ ഇതേ കൊറോണ കാലത്ത് ഭരണപക്ഷ വിരുദ്ധ ( ദേശവിരുദ്ധം എന്ന് പ്രയോഗിച്ചുകൊണ്ട് ) സമരങ്ങളിലെ നേതാക്കളെ, പ്രത്യേകിച്ചും മുസ്‍ലിം നാമധാരികളെ തിരഞ്ഞുപിടിച്ചു വേട്ടയാടുന്നത് ഒരു സ്വാഭാവികതയാവുന്നു. സി.എ.എ- എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചതിന്‍റെ പേരില്‍ നിയമപരമായി ശിക്ഷിക്കാന്‍ അധികാരം ഇല്ലാത്തതിനാല്‍ നോര്‍ത്ത് - ഈസ്റ്റ് ഡല്‍ഹിയിലുണ്ടായ കലാപത്തിനുത്തരവാധികളായി ഇവരെ ചിത്രീകരിച്ചു കൊണ്ടാണ് സ്റ്റേറ്റ് പോലീസിനെ ഉപയോഗിച്ചുകൊണ്ട് ഇത് നടപ്പിലാക്കുന്നത്. ആളുകളെ എണ്ണിയെണ്ണി തിരഞ്ഞെടുക്കുന്ന ഈ സമയത്ത് പ്രതിരോധങ്ങളിലും ആ സൂക്ഷ്മത നമ്മള്‍ പാലിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജെ.എന്‍യുവിലെ ഗവേഷകവിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമില്‍ നിന്നു തുടങ്ങി ന്യൂനപക്ഷ കമ്മിറ്റി ചെയര്‍മാനായ സഫറുല്‍ ഇസ്‍ലാം ഖാനില്‍ എത്തിനില്‍ക്കുന്ന ഇരകളുടെ നിര കൃത്യമായി ഓര്‍മിക്കേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ ജെ.എന്‍യുവിലെ ഗവേഷകവിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമില്‍ നിന്നു തുടങ്ങി ന്യൂനപക്ഷ കമ്മിറ്റി ചെയര്‍മാനായ സഫറുല്‍ ഇസ്‍ലാം ഖാനില്‍ എത്തിനില്‍ക്കുന്ന ഇരകളുടെ നിര കൃത്യമായി ഓര്‍മിക്കേണ്ടതുണ്ട്

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ സമരക്കാരെ വെടി വെക്കാനുള്ള ആഹ്വാനം പ്രശ്നമല്ലാതാവുകയും അതേസമയം റോഡുപരോധിച്ച് സമരം ചെയ്യാനുള്ള ഷര്‍ജീല്‍ ഇമാമിന്‍റെ പ്രസംഗം അദ്ദേഹത്തിന് യു.എ.പി.എ വരെ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു. കൈ കൊട്ടിയും പ്ലേറ്റ് കൊട്ടിയും ആരോഗ്യവിദഗ്ധരെ പ്രോത്സാഹിപ്പിക്കാന്‍ ഇവിടത്തെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത അതേദിവസം തന്നെ അനധികൃതമായി തടവറയിലാക്കപ്പെട്ട ഡോക്ടര്‍ കഫീല്‍ ഖാന്‍ അദ്ദേഹത്തെ വിട്ടയക്കാനും അതുവഴി തൊഴിലിലേക്ക് തിരിച്ചു ചെന്ന് എന്തെങ്കിലും പ്രവര്‍ത്തിക്കാനും സന്നദ്ധത കാണിച്ചു കൊണ്ട് എഴുതിയ കത്ത് നിരസിക്കപ്പെടുന്നു. ഷഹീന്‍ബാഗുകളിലേക്ക് തോക്കുമായി ചെന്ന് വെടിയുതിര്‍ത്ത ഗുണ്ടകള്‍ക്ക് ( സംഘപരിവാര്‍ അനുയായികള്‍ക്ക് ) ജാമ്യവും പൊലീസിനോട് സംസാരിക്കാനായി നിരായുധനായി നടന്നുവന്ന ഖാലിദ് സെയ്ഫിക്ക് ( ആക്ടിവിസ്റ്റ്, യുനൈറ്റഡ് എഗൈന്‍സ്റ് ഹെയ്റ്റ് ) അറസ്റ്റും പീഡനവും. കസ്റ്റഡിയിലിരിക്കെ ഇരുകാലുകളും ഒടിഞ്ഞ് വീല്‍ചെയറില്‍ നീങ്ങുന്ന ഖാലിദിന്‍റെ ചിത്രം നമ്മള്‍ മറന്നിട്ടില്ല.

ദുരന്തങ്ങളെ 'അവസര'മാക്കുന്നവര്‍

ഇത്തരം ഒട്ടനവധി അനീതികള്‍ക്ക് ഇടയിലാണ് കൊറോണ വൈറസ് കടന്നുവന്നത്. നിര്‍ബന്ധിതരായി പ്രതിരോധത്തിന് ഒരു ഇടവേള പ്രഖ്യാപിച്ചപ്പോള്‍ പ്രതികാരത്തിനും അതുണ്ടാവുമെന്ന് പ്രതീക്ഷിച്ചത് വിഡ്ഢിത്തമാണെന്ന് പിന്നീടുള്ള ദിനങ്ങള്‍ തെളിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിനങ്ങളില്‍ തന്നെ ജാമിയ ക്യാമ്പസിലെ ( ദില്ലി പോലീസിനും എതിരായിട്ടുള്ള ) ചുമര്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ വെള്ളപൂശിയപ്പോള്‍ ഓര്‍മ്മകള്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചുകൊണ്ട് അക്കൂട്ടര്‍ ഒതുങ്ങുമെന്ന് തെറ്റിദ്ധരിച്ചു.

എന്നാല്‍ ക്യാമ്പസുകളിലെ ഗ്രാഫിറ്റികള്‍ക്ക് ( പ്രതിരോധങ്ങള്‍ക്ക് ) പിന്നിലെ കലാകാരന്മാരെ (കല ഒരു ആയുധമാണ് ) തിരഞ്ഞുപിടിച്ച് അവരെ കൂടി മായ്ച്ചുകളയാനാണ് ദില്ലി പോലീസ് ശ്രമിച്ചത്, അല്ലെങ്കില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഷഹീന്‍ബാഗുകളിലേക്ക് തോക്കുമായി ചെന്ന് വെടിയുതിര്‍ത്ത ഗുണ്ടകള്‍ക്ക് ( സംഘപരിവാര്‍ അനുയായികള്‍ക്ക് ) ജാമ്യവും പൊലീസിനോട് സംസാരിക്കാനായി നിരായുധനായി നടന്നുവന്ന ഖാലിദ് സെയ്ഫിക്ക് ( ആക്ടിവിസ്റ്റ്, യുനൈറ്റഡ് എഗൈന്‍സ്റ് ഹെയ്റ്റ് ) അറസ്റ്റും പീഡനവും. കസ്റ്റഡിയിലിരിക്കെ ഇരുകാലുകളും ഒടിഞ്ഞ് വീല്‍ചെയറില്‍ നീങ്ങുന്ന ഖാലിദിന്‍റെ ചിത്രം നമ്മള്‍ മറന്നിട്ടില്ല

കൊലപാതകക്കുറ്റം അടക്കം ചേര്‍ത്തുകൊണ്ട് ജാമിഅ ക്യാമ്പസിലെ വിദ്യാര്‍ഥികളായ മീരാന്‍ ഹൈദറിനേയും ഗര്‍ഭിണിയായാ സഫൂറ സര്‍ഗ്ഗറിനെയും ഇക്കഴിഞ്ഞ ഏപ്രില്‍ 21 ആം തീയതി നിര്‍ദ്ദയമായ യുഎപിഎ അടക്കം ചാര്‍ത്തിക്കൊണ്ട് കേസെടുത്തത്. ജാമിയ മില്ലിയ അലൂമിനി പ്രസിഡന്‍റ് ഷിഫാ ഉ റഹ്മാന്‍, വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഗുലിഫ്ഷ തുടങ്ങിയവരെും ഇതിനിടെ പോലീസ് അറസ്റ്റ് ചെയ്തു. യു പിയിലെയും ഡല്‍ഹിയിലെയും പ്രമുഖ മുസ്‍ലിം നേതാക്കളും ആക്ടിവിസ്റ്റുകളുമായ മുന്‍ അഅജ കൌണ്‍സിലര്‍ താഹിര്‍ ഹുസൈന്‍, രാഷ്ട്രീയ ഉലമ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മൗലാനാ താഹിര്‍ മദനി, യു.പിയില്‍ നിന്നുള്ള ആക്ടിവിസ്റ്റായ ഉമര്‍ ഖാലിദ്, അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റി മുന്‍ വിദ്യാര്‍ത്ഥിയായ ആമിര്‍ മിന്‍റ്യൂയി, എന്നിങ്ങനെ എന്നിങ്ങനെ പലരും ജയിലറക്കുള്ളിലാണ്. മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ്, മുസ്‍ലിംകള്‍ക്ക് എതിരെയുള്ള ഭരണകൂടത്തിന്‍റെ വേട്ടയ്ക്ക് എതിരെ പേനയെടുത്ത ജെ.എന്‍.യുവിലെ ഗവേഷകനായ ചങ്കിസ്ഖാനും കശ്മീരിനെ നേര്‍ക്കാഴ്ചകള്‍ ലോകത്തെ അറിയിക്കാനായി ക്യാമറ എടുത്ത മസ്രത് സഹ്റയും തുടങ്ങി പലരും വ്യത്യസ്തത കേസുകളിലായി വേട്ടയാടപ്പെട്ടു.

സഫറുല്‍ ഇസ്‍ലാം ഖാന്‍
സഫറുല്‍ ഇസ്‍ലാം ഖാന്‍

എത്രത്തോളമെന്നാല്‍ ഈ അനീതിക്കെതിരെ ചോദ്യംചെയ്തുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റിട്ടതിന്‍റെ പേരില്‍ ന്യൂനപക്ഷ കമ്മിറ്റി ചെയര്‍മാനായ സഫറുല്‍ ഇസ്ലാം ഖാനെ വരെ വേട്ടയാടി. കശ്മീരി പത്രപ്രവര്‍ത്തകരായ പീര്‍സാദ ആഷിഖിനെയും ഗൗഹര്‍ ഗീലാനിയെയും ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംടെയേയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഗൗതം നവ്ലാഖയെയും അറസ്റ്റ് ചെയ്തത് ഇതേ കോറോണ കാലത്തു തന്നെയായിരുന്നു.

സി.എ.എ - എന്‍.ആര്‍.സി നിയമങ്ങളിലൂടെ തന്നെ സംഘപരിവാര്‍ അതിന്‍റെ പ്രത്യയശാസ്ത്രം പ്രാവര്‍ത്തികവല്‍ക്കരിക്കാനൊരുങ്ങിയെന്ന് പ്രഖ്യാപിച്ചതാണ്. അതുകൊണ്ടുതന്നെ അക്കൂട്ടര്‍ക്കെതിരെ തെരുവിലിറങ്ങിയവര്‍ ഈ പകര്‍ച്ചവ്യാധി സമയത്ത് അവരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ പേര് പോലും പ്രശ്നമായ കൂട്ടര്‍ക്ക് പിന്നെ അവരുടെ നേതൃത്വത്തത്തിനോട് എത്രത്തോളം പകയുണ്ടാകുമെന്നും അതിനുവേണ്ടി അക്കൂട്ടര്‍ ഏതറ്റം വരെ പോകുമെന്നും ഊഹിക്കാം. എന്നാല്‍ ഇവിടെയാണ് തുടക്കത്തില്‍ പറഞ്ഞുവെച്ച 'ഇടതു-പുരോഗമന -വരേണ്യ ഫെമിനിസ്റ്റ് ' ഇടങ്ങളുടെ ഇരട്ടത്താപ്പ് കൂടുതല്‍ പ്രശ്നമാവുന്നത്.

ദുരന്തങ്ങളെ 'അവസര'മാക്കുന്നവര്‍

'പൊതുശബ്ദങ്ങള്‍' നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞു കൊണ്ടാണ് രാഷ്ട്രീയമായ നേട്ടങ്ങള്‍ക്കായി സമരങ്ങളെ ഇക്കൂട്ടര്‍ അപഹരിക്കാന്‍ ശ്രമിച്ചത്. ഇന്ന് മുസ്ലിമായതിന്‍റെ പേരില്‍, ന്യൂനപക്ഷ വിഭാഗത്തിലായതിന്‍റെ പേരില്‍ തടവറയിലേക്ക് ആളുകളെ അയക്കുമ്പോള്‍ ഈ നിലയങ്ങളൊക്കെയും നിശബ്ദമാണ്. ഈ നിശബ്ദതയുടെ ഭാഷ എന്താണ്? ഇവിടുത്തെ മുഖ്യധാരാ ഫെമിനിസ്റ്റുകള്‍ ഗര്‍ഭിണിയായ സഫൂറയ്ക്കുവേണ്ടി പോലും ശബ്ദിക്കാന്‍ വൈകുന്നതിനെ നമ്മള്‍ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? അര്‍ണബ് ഗോസ്വാമിയുടെ അവകാശത്തിനു വേണ്ടി പോലും ശബ്ദിച്ച കശ്മീരി പത്രപ്രവര്‍ത്തകരുടെ വിഷയത്തില്‍ ഉറക്കം നടിക്കുന്നവരെ എങ്ങനെയാണ് ഉണര്‍ത്തേണ്ടത്? ജാമിയ യിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെക്കാനുള്ള അളവുകോല്‍ അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലെ ' വര്‍ഗീയതയുടെ ഏറ്റകുറവല്ലെന്നും' അവരുടെ പേരുകള്‍ മാത്രമായിരുന്നെന്നും ഇനിയും എത്ര തവണ ആവര്‍ത്തിക്കണം?

ന്യൂനപക്ഷങ്ങളുടെ പ്രതിരോധങ്ങളെ അപരവല്‍ക്കരണവും അപഹരണവും ചെയ്യുന്നതിലൂടെ ഫാസിസ്റ്റ് വിരോധികള്‍ തന്നെ ഇതേ ഫാസിസത്തിന് വാഹകരായി മാറുന്ന ചിത്രം തിരിച്ചറിയേണ്ടതുണ്ട്.

രാഷ്ട്ര സങ്കല്‍പ്പത്തില്‍ ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് പോലും പ്രശ്നവത്കരിക്കുന്നതിനെതിരെ പ്രതികരിക്കുമ്പോള്‍ ഇരുതോണിയില്‍ കാലിടുന്ന കാപട്യം എത്ര ഭീകരമാണ്. അതുകൊണ്ടുതന്നെ വംശീയത, ഇസ്ലാമോഫോബിയ അടക്കമുള്ളവ ഏതു രൂപത്തിലും, സംക്രമിക്കുമ്പോള്‍ അവ പ്രത്യക്ഷത്തില്‍ തന്നെ ലക്ഷ്യമായി പ്രഖ്യാപിച്ച കൂട്ടങ്ങളിലേക്ക് മാത്രം അതിന്‍റെ ഉത്തരവാദിത്വം പരിമിതപ്പെടുത്താനാവില്ല. വിദ്വേഷ പ്രത്യയശാസ്ത്രം വ്യക്തികളിലൂടെയാണ് പ്രചരിക്കുന്നതെങ്കിലും അതിന്‍റെ നിലനില്‍പ്പിനാധാരം ആധിപത്യലൂന്നിയുള്ള ഘടനയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന സമയത്ത്, അന്താരാഷ്ട്ര വേദികളില്‍ പ്രതികൂലമായി ബാധിക്കും എന്ന് അറിഞ്ഞിട്ടും, മോദിയുടെ കൈകളില്‍ കലാപങ്ങളുടെ നിയന്ത്രണം ഒതുങ്ങാഞ്ഞത് ഇവിടെ ഓര്‍ക്കേണ്ടിയിരിക്കുന്നു.

കേവലം വിരോധമായി വംശീയതയെ ചുരുക്കുന്നിടത്താണ് മൗനം ഒരു തെറ്റല്ലാതാവുന്നത്. മറിച്ച് അത് കാലങ്ങളായുള്ള വ്യവസ്ഥയുടെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാല്‍, സ്വാഭാവികത നിര്‍മ്മിക്കപ്പെടുന്നതാണെന്ന് തിരിച്ചറിഞ്ഞാല്‍, നിശബ്ദത എങ്ങനെയാണ് ക്രൂരതയാവുന്നതെന്ന് വ്യക്തമാവും. ന്യൂനപക്ഷങ്ങളുടെ പ്രതിരോധങ്ങളെ അപരവല്‍ക്കരണവും അപഹരണവും ചെയ്യുന്നതിലൂടെ ഫാസിസ്റ്റ് വിരോധികള്‍ തന്നെ ഇതേ ഫാസിസത്തിന് വാഹകരായി മാറുന്ന ചിത്രം തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ കൊറോണ കാലം എന്നത് പ്രതികരണത്തിന് (മാത്രമുള്ള) വിലക്കായി ന്യായീകരിക്കാന്‍ പൊതുവിഭാഗത്തിന് സാധ്യമാവില്ല. മറക്കുന്നതുപോലെതന്നെ ഓര്‍ക്കാതിരിക്കുന്നതും തെറ്റാണെന്ന് അപ്പോള്‍ വ്യക്തമാകും.