LiveTV

Live

Web Special

ഖാലിദ് സെയ്ഫി: വിദ്വേഷ രാഷ്ട്രീയത്തോട് സന്ധിയില്ലാത്ത പ്രക്ഷോഭകാരി

ഖാലിദ് പോലീസുമായി മുഖാമുഖം നിന്ന് സംസാരിക്കുന്നതും റോഡിൽ നിന്നും അദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കൂട്ടി കൊണ്ടുപോവുന്നത് വ്യക്തമായി കാണാവുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എല്ലാവരും കണ്ടതുമാണ്

ഖാലിദ് സെയ്ഫി: വിദ്വേഷ രാഷ്ട്രീയത്തോട് സന്ധിയില്ലാത്ത പ്രക്ഷോഭകാരി

2020 ഫെബ്രുവരി 25ന് രാവിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വസതിക്ക് മുന്നിൽ ഡൽഹി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് കെജ്‍വാവാളിന്റെ പഴയ സഹപ്രവർത്തകനെ പിടിച്ച് കൊണ്ടുപോയി മണിക്കൂറുകളോളം ഡീറ്റെയിൻ ചെയ്യുകയുണ്ടായി. ഡല്‍ഹില്‍ മുസ്‌ലിം വംശഹത്യ നടക്കുമ്പോൾ പരിക്കേറ്റവരെ സഹായിക്കാൻ ചെന്ന സ്വകാര്യ ആംബുലൻസ് പോലീസ് തടഞ്ഞപ്പോൾ ആരോഗ്യ വകുപ്പിലെ തന്റെ സുഹൃത്ത് ഹർജീത്ത് സിങ് ബാട്ടിയെ ബന്ധപ്പെട്ട് എയിംസില്‍ നിന്നും ആംബുലൻസ് തരപ്പെടുത്തുന്നതും രാത്രി തന്നെ ഡൽഹി മുഖ്യമന്ത്രിയെ ഫോണിൽ മണിക്കൂറുകളോളം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട ശേഷമാണ് നേരം പുലരുമ്പോൾ സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയും കൂട്ടി മൂന്നാമതും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പഴയ സഹപ്രവർത്തകനെ കാണാൻ ഖാലിദ് സെയ്ഫി എത്തിയത്. കഴിഞ്ഞ ഫെബ്രുവരി 26 മുതൽ സംഘ്‍പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ ശക്തമായി ചെറുക്കുന്ന പൗരാവകാശ കൂട്ടായ്മ യുണൈറ്റഡ് എഗെയിൻസ്റ്റ് ഹെയിറ്റിന്റെ സ്ഥാപക സംഘാടകൻ കൂടിയായ ഈ യുവ ബിസിനസുകാരൻ ജയിലിൽ തടങ്കലിലാണ്.

രണ്ട് മാസക്കാലമായി കിഴക്കൻ ഡൽഹിയിലെ ഖുറേജിയി റെഡ് ലൈറ്റിൽ തന്റെ വീട്ടിന് മുന്നിൽ സ്ഥാപിച്ച ശാഹീൻ ബാഗ് മോഡൽ സമരപ്പന്തൽ പൊളിച്ച് മാറ്റാൻ എത്തിയ ഡൽഹി പോലീസിനോട് ആർ.എസ്.എസ് മുസ്‍ലിംകളെ ചുട്ടു കൊല്ലുമ്പോഴും സമാധാനപരമായി സമരം ചെയ്യുന്ന പന്തൽ പൊളിക്കാനാണോ പൊലീസിന് ധൃതി എന്ന് ഖാലിദ് സെയ്ഫി ചോദിച്ചു. തൽക്ഷണം അദ്ദേഹത്തെയും സഹപ്രവർത്തക ഇസ്രത് ജഹാനെയും അറസ്റ്റ് ചെയ്യുകയും അന്യായമായ രീതിയിൽ കുറ്റങ്ങൾ ചുമത്തി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ പ്രവശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ജാമ്യാപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഖാലിദ് പോലീസുമായി മുഖാമുഖം നിന്ന് സംസാരിക്കുന്നതും റോഡിൽ നിന്നും അദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കൂട്ടി കൊണ്ടുപോവുന്നത് വ്യക്തമായി കാണാവുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ എല്ലാവരും കണ്ടതുമാണ്. എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ വീൽ ചെയറിൽ രണ്ട് കാലുകളിലും മാരകമായ പരിക്കേറ്റ് പ്ലാസ്റ്റർ ചെയ്ത നിലയിലായിരുന്നു. ജഗത്പുരി സ്റ്റേഷനിലെ പോലീസുകാരുടെ വ്യക്തിപരമായ ശത്രുതയും പകയുമാണ് ഖാലിദിന്റെ ഈയൊരവസ്ഥക്ക് കാരണമെന്ന് സുഹൃത്തുക്കൾ കരുതുന്നു.

ഖാലിദ് സെയ്ഫി: വിദ്വേഷ രാഷ്ട്രീയത്തോട് സന്ധിയില്ലാത്ത പ്രക്ഷോഭകാരി

ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷക റബേക്ക ജോണും സഹപ്രവർത്തകരും പരിശ്രമിച്ചതിൻറെ ഫലമായി മാർച്ച് 21ന് കാർകർദൂമ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചെങ്കിലും അന്ന് തന്നെ പാട്യല കോടതിയിൽ അഭിഭാഷകരില്ലാതെ ഹാജരാക്കി 6 ദിവസത്തേക്ക് മറ്റ് പുതിയ കള്ളക്കേസുകളിലേക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അഭിഭാഷകരും സുഹൃത്തുക്കളും കുടുംബങ്ങളും അവിടേക്ക് ഓടിയെത്തിയെങ്കിലും നിരാശരായി. രാജ്യത്തെ ജനാധിപത്യവാദികൾ ഒന്നടങ്കം പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് കൊണ്ടിരിക്കുമ്പോൾ ശക്തമായ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും പൊതുജനാഭിപ്രായം രൂപീകരിക്കുവാൻ സാധ്യമാവുന്ന ഇടപെടൽ നടത്തുന്ന മുസ്‌ലിം സമൂഹത്തിൽ നിന്നുള്ളവരെ തെരെഞ്ഞുപ്പിടിച്ച് അറസ്റ്റ് ചെയ്യുകയാണ് ഡൽഹി, ഉത്തർ പ്രദേശ് പൊലീസുകാർ ചെയ്യുന്നത്.

ആരാണ് ഖാലിദ് സെയ്ഫി?

രാജ്യ തലസ്ഥാനമായ ഡൽഹി കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി നടക്കുന്ന നീതിനിഷേധങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിലെ, അഴിമതി വിരുദ്ധ സമരങ്ങളിലെ, ജനാധിപത്യ നിയമ പോരാട്ടങ്ങളിലെ സംഘാടകരിൽ ഒഴിച്ച് കൂടാനാവാത്ത പേരാണ് പേരാണ് ഖാലിദ് സെയ്ഫി. സദാ പുഞ്ചിരിക്കുന്ന, ഖാലിദ് വെളുത്ത തുണി തൊപ്പിയും, നീണ്ട താടിയും, നിസ്കാര തഴമ്പും, നല്ല അത്തറും പൂശി ജീൻസും ടീ ഷർട്ടുമിട്ട് സമര മുഖത്ത് കുടുംബ സമേതമാണ് വരാറുള്ളത്. കുട്ടികളുടെ സ്‌കൂൾ ക്ലാസുകൾ മുടങ്ങുന്നത് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ചാൽ പ്രൈമറി ക്ലാസിലാണെങ്കിലും മക്കൾ രാഷ്ട്രീയ വിദ്യാഭ്യാസവും ആർജ്ജിക്കട്ടെ എന്ന് തിരിച്ചടിക്കും. ചെറുപ്പം തൊട്ടേ തബ്‌ലീഗ് ജമാഅത്തിൽ ആകൃഷ്ടനായിരുന്നു മത ധാർമിക നിഷ്ഠ കണിശമായി പാലിക്കുന്ന ഖാലിദ്, കുടുംബ പരമായി ബിസിനസ് രംഗത്തുള്ള സെയിഫിക്ക് കഠിനാദ്ധ്വാനം കൊണ്ട് സ്വന്തമായി ഡൽഹിയിൽ ട്രാവൽ ബിസിനസ് രംഗത്ത് വളർച്ചയുടെ പടവുകൾ കയറുവാനായി. സാമൂഹ്യ സേവന മേഖലയിൽ വിദ്യാർഥികാലം തൊട്ടേ വലിയ പ്രതിബദ്ധത പുലർത്തി വരുന്നു.

2011 ൽ രൂപം കൊണ്ട അഴിമതി വിരുദ്ധ കാമ്പയിനിൽ തുടങ്ങി ആം ആദ്മി പാർട്ടിയുടെ ആരംഭകാലം മുതൽ കിഴക്കൻ ഡൽഹിയിലെ പാർട്ടിയുടെ ശക്തനായ വക്താവായി, ഡൽഹിക്ക് പുറമെ ഗോവ, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ മുസ്‌ലിം നേതാവ് എന്ന നിലയിൽ സമുദായ സ്വാധീന മേഖലകളിൽ ആം ആദ്മി പാർട്ടി കാഡറുകളെ സജ്ജമാക്കാനുള്ള ചുമതലകളും വഹിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ ശരീരമായിരുന്നു ആം ആദ്മിയുടേത് പാർട്ടിക്കുള്ളിലെ ഈ വൈവിധ്യത്തെ വ്യക്തിപരമായ സൗഹൃദങ്ങളിൽ കാത്തു സൂക്ഷിക്കുവാനും ഖാലിദ് സെയ്‌ഫിക്ക് സാധിച്ചു, കുറഞ്ഞ കാലം കൊണ്ട് അരവിന്ദ് കെജ്രിവാളിനും, മനേഷ് സിസോദിയയും, യോഗേന്ദ്ര യാദവിനും, ഗോപാൽ റായിക്കും, കുമാർ ബിഷ്വാസിനും, ആതിഷിക്കും, ഹാജി യൂനുസിനും എന്തും തുറന്നുപറയാൻ മികച്ച സാഹോദര്യം ഖാലിദിന് വളർത്തിയെടുക്കാൻ കഴിഞ്ഞു. വിവിധ ഘട്ടങ്ങളിൽ പാർട്ടിയിലെ സുഹൃത്തുക്കൾ പലവഴിക്ക് പിരിഞ്ഞെങ്കിലും ഖാലിദ് സെയ്‌ഫിയെ ആർക്കും എളുപ്പം പിരിയാൻ കഴിയില്ല, മ്യാൻമാറിൽ മുസ്‍ലിംകൾ കൂട്ടക്കൊലക്ക് വിധേയമായപ്പോൾ ഔദ്യോഗിക പ്രതികരണം നടത്താൻ തയ്യാറാവാതിരുന സാക്ഷാൽ കെജ്രിവാളിനെ ചോദ്യം ചെയ്തും, ഡൽഹി കോർപറേഷൻ ഇലക്ഷനിൽ സ്ഥാനാർഥി നിർണ്ണയത്തിൽ മുസ്‌ലിം വോട്ടുബാങ്കുകൾ കേന്ദ്രീകരിക്കുന്ന ഇടങ്ങളിൽ മുസ്‌ലിം സ്ഥാനാർത്ഥികളുടെ പേരുകൾ വെട്ടിയ ആം ആദ്മിയുടെ തീരുമാനത്തെ പാർട്ടിക്കുള്ളിൽ ശക്തമായി ചോദ്യം ചെയ്തുമൊക്കെ സെയിഫി മുന്നോട്ട് പോയി. അർഹമായ പ്രാതിനിധ്യം സമുദായത്തിന് ജനാധിപത്യ ഇടങ്ങളിൽ നിഷേധിക്കപ്പെടുന്നതിൽ കടുത്ത അമർഷവും, താൻ ഇടപെട്ട മറ്റ് വിഷയങ്ങളിലും സമുദായം എന്ന നിലക്ക് വലിയ അസ്തിത്വ പ്രതിസന്ധിയും അധിക ബാധ്യതയും ആം ആദ്മി തങ്ങളുടെ മുസ്‌ലിം പാർട്ടി അംഗങ്ങൾക്ക് നൽകുന്നു എന്ന് മനസ്സിലാക്കിയ ഖാലിദ് പാർട്ടിയിൽ നിന്നും പൂർണ്ണമായും അകന്നു. പഴയകാല പാർട്ടി ഓർമ്മകളും പേറികൊണ്ട് ഇപ്പോഴും ഖുറേജിയിലെ ഖാലിദിന്റെ വീടിന്റെ പുറത്ത് അരവിന്ദ് കെജ്രിവാളും ഹാജി ഖാലിദ് സെയ്ഫിയും ഒരുമിച്ച് ചിരിച്ച് നിൽക്കുന്ന വലിയ ഫ്ലെക്സ് ബാനർ തൂങ്ങി നിൽക്കുന്നുണ്ട്. നീതിക്കായുള്ള കേരളത്തിലെ ജനതയുടെ പോരാട്ടങ്ങളെ പലപ്പോഴും പാർലമെന്റിനു മുന്നിൽ അദ്ദേഹം അഭിവാദ്യം ചെയ്തിട്ടുണ്ട്.

Incarcerated. Beaten in Custody. Falsely Implicated. Crime: Speaking up against the divisive politics of Hate. Join Twitter campaign #ReleaseKhalidSaifi Today at 6PM

Posted by United Against Hate on Monday, March 23, 2020

2017 ജൂലൈ മാസത്തിൽ ഡൽഹിയിൽ നിന്നും ഹരിയാനയിലെ മേവാത്തിലേക്ക് നൂറുകണക്കിന് യുവാക്കൾ ബൈക്ക് റാലിയുമായി കടന്നു ചെല്ലുകയും ഹിന്ദുത്വ രാഷ്ട്രീയം പടച്ചു വിടുന്ന വിദ്വേഷ രാഷ്ട്രീയവും, ഇസ്‌ലാം ഭീതിയും ഇന്ത്യയിലെ സമാന മനസ്സുള്ള യുവാക്കൾ ഒന്നിച്ച് ചേർന്ന് എതിർക്കണമെന്നും പരസ്പര ബഹുമാനത്തിന്റെയും സഹോദര്യത്തിന്റേയും സഹകരണത്തിന്റെയും പുതിയ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥകൾ സാധ്യമാക്കേണ്ടതിന്റെയും ആവശ്യകതയും ഊന്നി പറയുകയും ചെയ്യുകയുണ്ടായി. ഈ ബൈക്ക് റാലിയുടെ മുഖ്യമായ ശീർഷകം "നഫ്‌റത്ത് കെ കിലാഫ് ഹം സബ് കെ ആവാസ്" (വിദ്വേഷത്തിനെതിരെ നമ്മുടെ ഏവരുടെയും ശബ്ദം) എന്നതായിരുന്നു, ഇംഗ്ലീഷ് ഭാഷയിൽ United Against Hate എന്നുള്ള വിവിധ ബാനറുകളും പ്രചാരണങ്ങളും ഉണ്ടായിരുന്നു. ഈ യാത്ര സംഘടിപ്പിച്ച സുഹൃത്തുക്കൾ അഥവാ സംഘാടകർ അനേകം കാലമായി ഒന്നിച്ച് സാമൂഹിക സാംസ്കാരിക സമര വേദികളിൽ ഒരുമിക്കാറുള്ള വർഷങ്ങളുടെ പരിചയമുള്ളവരാണ്. വിവിധ ആശയങ്ങളും, കാഴ്ചപ്പാടുകളും പിന്തുടരുമ്പോൾ തന്നെ ഫാഷിസത്തിനെതിരെ സാധ്യമാവുന്ന അളവിൽ യുവാക്കളെയും വിദ്യാർത്ഥികളെയും ഒരുമിപ്പിക്കുവാൻ ഇത്തരം ഒരു സ്ഥിരം വേദി സംഘടനാതീതമായി വികസിക്കേണ്ടതിന്റെ പ്രാധാന്യം നല്ലപോലെ മനസിയിലാക്കിയ ഇവർ ഈ കൂട്ടായ്മ തുടർന്നും മുന്നോട്ട് പോവാൻ തീരുമാനിക്കുന്നു.

മുഖ്യധാരാ രാഷ്ട്രീയ സാമുദായിക വേദികളുടെ സഹായമോ പിന്തുണയോ ഇല്ലാതെ തന്നെ വളരെ പെട്ടെന്ന് ഇടപെടാൻ സാധിക്കുന്ന യുവാക്കളുടെ സംഘാടനം വളരെ പെട്ടെന്ന് ഡൽഹിയിലെ സർവ്വകലാശാല വിദ്യാർത്ഥികളെയും സ്വതന്ത്രരായി ചിന്തിക്കുന്ന യുവാക്കളെയും സ്വാധീനിച്ചു. സാമൂഹ്യ മാധ്യമങ്ങളും, ഇടപെടലുകളിലെ ആത്മാർത്ഥതയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടിക്കാർക്ക് പോലും തലവേദനയായി. കാമ്പസുകളിൽ ന്യൂനപക്ഷ ദളിത് വിദ്യാർഥികളുടെ കർതൃത്വവും, രാഷ്ട്രീയ സംഘാടനവും ശക്തമാവുന്ന കാലയളവിൽ തന്നെയാണ് ഡൽഹിയിലെ സമര വേദികളിൽ ഭരണകൂടവും സംഘ്പരിവാറും നടത്തുന്ന വംശീയമായ ആക്രമണങ്ങളെയും അനീതികളെയും ചോദ്യം ചെയ്യുന്ന പൊതു വേദികൾ യുണൈറ്റഡ് എഗെയിസ്റ്റ് ഹെയിറ്റ്‌ രൂപീകരിക്കുന്നത്.

സാമൂഹ്യ പ്രശ്നങ്ങളിലെ മുസ്‍ലിം ജനകീയ ഇടപെടലുകളേയും, ജനാധിപത്യ ഇടങ്ങളിലെ ഇസ്‌ലാമിസ്റ്റുകളുടെ നേതൃപരമായ സംഘാടനത്തെയും സംശയത്തോടെയും കാണുന്ന ഇസ്ലാമോഫോബിയ ബാധിച്ച മതേതര നിരീക്ഷണങ്ങളെ ബോധപൂർവം അവഗണിച്ചുകൊണ്ട് സ്വതസിദ്ധമായ ശൈലിയിൽ മർദ്ദകർക്കെതിരെ മർദിതരുടെ ഒരു ഐക്യ നിര കെട്ടിപ്പടുക്കുകയും, സംഘടനാ - പാർട്ടികള്‍ക്കപ്പുറം സാമൂഹ്യ രാഷ്ട്രീയ സംവാദ ഇടങ്ങൾ രൂപപ്പെടുത്തുവാനും, വിശ്രമമില്ലാത്ത ഇടപെടലുകളും, നിയമ വിദ്യാഭ്യാസ ബോധവത്കരണ പ്രവർത്തനങ്ങളും മുന്നിൽ നിന്ന് നയിക്കുന്ന നദീം ഖാനും, ഖാലിദ് സെയ്ഫിയും ഏതാനും സുഹൃത്തുക്കളും രൂപം കൊടുത്ത ഈ കൂട്ടായ്മ ഇന്ന് ഇന്ത്യൻ പൗര രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്താണ്. ഇന്ത്യയിൽ ഇന്ന് സംഘപരിവാർ ആക്രമണങ്ങളിലെ ഇരകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന തരത്തിൽ അവരെ പൊതു ഇടങ്ങളിൽ സമര മുഖങ്ങളിൽ അണിനിരത്തുന്നതിൽ ധീരമായ പങ്കുവഹിക്കുന്നു. എല്ലാത്തിനപ്പുറം രാഷ്ട്രീയ അധികാരമുള്ള പാർട്ടികളെ വരെ മറികടന്ന് ഡൽഹിയിലെ പ്രക്ഷോഭ തെരുവിലെ "പ്രതിപക്ഷത്തിന്റെ" റോളാണ് അവർ നിർവഹിക്കുന്നത്. നീതിനിഷേധ പ്രക്ഷോഭങ്ങളിൽ നിസ്വാർഥമായി അണിനിരക്കുന്ന ഡൽഹിയിലെ വിവിധ കൂട്ടായ്മകളെയും വ്യക്തികളെയും, നിയമ വിദഗ്ദ്ധരേയും, വിദ്യാർഥികളെയും അണിനിരത്തുന്ന യുണൈറ്റഡ് എഗെയിൻസ്റ്റ് ഹേറ്റ് ഇന്ത്യയിൽ ഇവിടെ നിന്നും വിളിക്കാവുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന 1800 31336 0000 എന്ന ഹെൽപ്‌ ലൈൻ ഫോൺ നമ്പറിൽ വിളിക്കുന്നവർക്ക് നിയമ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. ഈ ഫാസിസ്റ്റ് കാലത്തെ കൊറോണ ഭീതിക്കിയിലും സജീവമായി സാമൂഹ്യ മാധ്യമങ്ങളിൽ പൗരത്വ പ്രക്ഷോഭങ്ങൾ സജീവമാക്കി നിർത്തുന്ന ഓരോരുത്തരും ഖാലിദ് സെയ്ഫിയടക്കമുള്ളവരുടെ മോചനത്തിന് വേണ്ടി സാധ്യമാവുന്ന കാമ്പയിനുകൾ നടത്തി അവരെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ്.