LiveTV

Live

Web Special

വർക് ഫ്രം ഹോം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അതിനാൽ, വീട്ടിൽ നിന്ന് ജോലി ചെയ്യണ്ടി വരുന്നവർക്ക് ചെറിയ ടിപ്സുകൾ വല്ലതും വേണമെങ്കിൽ ഏറ്റവും ക്വാളിഫൈഡ് ആയുള്ള വ്യക്തി ഞാനാണ്

വർക് ഫ്രം ഹോം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

13 കൊല്ലമായി വർക് ഫ്രം ഹോം ആണ്. ക്ലൈന്റ് ഓഫീസുകളിൽ നിന്ന് വർക് ചെയ്യുന്ന ചെറിയ ഇടവേളകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ പ്രധാനമായും വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. രാവിലെ ഓഫീസിലേയ്ക്കും തിരിച്ചും യാത്ര ചെയ്യണ്ട എന്നത് കൊണ്ട് എനിക്ക് വർക് ഫ്രം ഹോം മടുത്തിട്ടില്ല. അതിനാൽ, വീട്ടിൽ നിന്ന് ജോലി ചെയ്യണ്ടി വരുന്നവർക്ക് ചെറിയ ടിപ്സുകൾ വല്ലതും വേണമെങ്കിൽ ഏറ്റവും ക്വാളിഫൈഡ് ആയുള്ള വ്യക്തി ഞാനാണ്.

ആദ്യം. രാവിലത്തെ റുട്ടീനുകൾ മുടക്കാതിരിക്കുക എന്നതാണ്. കുളിച്ച് പല്ല് തേച്ച് ഓഫീസിൽ പോകുന്ന വസ്ത്രത്തിലേയ്ക്ക് മാറുക. ചുരുങ്ങിയത് ഒരു പാന്റ്സ് എങ്കിലും ധരിക്കുക. തലേന്ന് രാത്രി ഇട്ട് കിടന്ന ലുങ്കിയൊ, നൈറ്റിയൊ, പൈജാമയൊ ഇട്ടിരുന്ന് ഒരിക്കലും ജോലി ചെയ്യരുത്. ജോലി ചെയ്യുകയാണെന്ന ഒരു തോന്നലുണ്ടാവാൻ വേണ്ടിയാണ്. അതിലുപരി, വീട്ടിലിരുന്ന് തിന്ന് തടി വെയ്ക്കുന്നുണ്ടൊ എന്ന് നമ്മൾ ഉടനെ അറിയും. ഞാൻ ബിസ്സിനസ്സ് ട്രിപ്പിനൊക്കെ പോകാൻ ഇറങ്ങുമ്പോഴാണ്, കൈയ്യിലിരിക്കണ പാന്റ്സൊന്നും കയറാതായല്ലൊ എന്ന് തിരിച്ചറിയുന്നത്. അതിനാൽ ഓരോ ട്രിപ്പിനും പുതിയ വസ്ത്രങ്ങൾ വാങ്ങണ്ട ഗതികേട് വരാറുണ്ടായിരുന്നു.

ചെറുതെങ്കിലും ഒരു സെപ്പറേറ്റ് ഓഫീസ് സ്പേസ് ഉണ്ടാക്കുക. ഒരു ചെറിയ മേശ, ഒരു കസേര. നമ്മുടെ ലിവിങ് സ്പേസും, ഓഫീസ് സ്പേസുമായി കൃത്യമായ വേർതിരിവ് വേണം. ചെറിയ ക്ലോസറ്റൊ, ഡയിനിങ് റൂമിന്റെ ഒരു മൂലയൊ ഒക്കെ മതി. വാതലടയ്ക്കാൻ പറ്റുന്ന ഒരു സ്പേസ് ഉണ്ടെങ്കിൽ അത്യുത്തമം. ഈ ഏരിയയിൽ നിന്ന് വിട്ടാൽ നമ്മൾ പണി നിർത്തി എന്ന് തോന്നണം. ഒരിക്കലും നമ്മുടെ ലിവിങ് സ്പേസിലേയ്ക്ക് പണികൾ കൊണ്ട് വരാതിരിക്കുക. അതായത് സോഫ, ബെഡ്, മുതലായവയിൽ ഇരുന്ന് പണി ചെയ്യരുത്. പണികൾ ഒരിക്കലും തീരില്ല.

ഉച്ച ഭക്ഷണം സൂക്ഷിക്കണം. കഴിച്ച് കഴിഞ്ഞാൽ ഉറക്കം വരുന്ന ഭക്ഷണങ്ങൾ ഒഴുവാക്കുക. എനിക്ക് ചോറുണ്ടാൽ ഉറക്കം വരും. അതിനാൽ ഞാൻ ഉച്ചയ്ക്ക് ചോറുണ്ണില്ല. ഉച്ചയ്ക്ക് കിടന്നുറങ്ങി രാത്രിയിൽ പണിയാം എന്ന് കരുതുന്നതും മണ്ടത്തരമാണ്. രാത്രിയിലേയ്ക്കും പണി നീളും. പണി തീരുകയുമില്ല.

കൃത്യം ഒരു സമയം വെയ്ക്കുക. വൈന്നേരം ഇന്ന സമയത്തിന് പണി നിർത്തി എണീക്കുക. പിന്നെ ആ ഏരിയയിലോട്ട് തിരിഞ്ഞ് നോക്കരുത്. ആ സമയത്ത് പണി നിർത്താൻ എന്തൊക്കെ പൊടിക്കൈകൾ പ്രയോഗിക്കാവൊ, അത് ഒക്കെ ചെയ്യുക. സമയബന്ധിതമായി പണി നിർത്താൻ പറ്റിയില്ലെങ്കിൽ ഇതിങ്ങനെ ബാക് ഗ്രൌണ്ടിൽ ഇങ്ങനെ ഓടിക്കൊണ്ടിരിക്കും.

ഇനി ഉള്ള ടിപ് വളരെ ഇമ്പോർട്ടന്റാണ്. നമ്മൾ പണി ചെയ്യുന്നുണ്ടെന്ന് അറിയാവുന്നവരെ മുഴുവൻ അറിയിച്ചു കൊണ്ടിരിക്കുക. സ്ലാക്കൊ, മൈക്രോ സോഫ്റ്റ് ടീം പോലുള്ള ചാറ്റുപകരണങ്ങളുണ്ടെങ്കിൽ പ്രൈവറ്റ് ചാറ്റുകൾ കഴിവതും ഒഴുവാക്കുക. പബ്ലിക് ചാനലുകളിൽ വേണം ചോദ്യങ്ങളും ഉത്തരങ്ങളും. മാനേജ്മെന്റ് ഹൈരാർക്കിയിൽ ഏറ്റവും താഴെ ഉള്ളവർ ആയിരിക്കണം പബ്ലിക് ചാനലുകളിൽ ഏറ്റവും ആക്റ്റീവ് ആയി നിക്കണ്ടത്. നിങ്ങൾ ഡെവലപ്പറോ, പ്രോഡക്ഷൻ സപ്പോർട്ടൊ ഒക്കെ ആണെങ്കിൽ തലങ്ങും വിലങ്ങും ചെക്കിനുകളും, പുൾ റിക്വസ്റ്റുകളും അയക്കുക. പുൾ റിക്വസ്റ്റുകൾ സ്ലാക്കിലേയ്ക്ക് ഒക്കെ ബന്ധിപ്പിച്ചിരിക്കും. അതിനാൽ സ്ലാക് കിടന്ന് കല കല അടിച്ചോളും. കോണ്ഫറൻസ്സ് കോളിൽ സൈലന്റായി ഒരിക്കലും ഇരിക്കരുത്. എന്തെങ്കിലും പറയാനുണ്ടാവണം. വീഡിയൊ കോൾ ആണെങ്കിൽ കഴിയുമെങ്കിൽ വീഡിയൊ ഓണ് ചെയ്ത് മുഖം കാണിക്കുക. (നേരത്തെ വസ്ത്രം ധരിക്കണ്ടതിനെ കുറിച്ച് പറഞ്ഞത് ഇതിനാണ്). ഒരു കാര്യം ഓർക്കുക. ഔട്ട് ഓഫ് സൈറ്റ് ഈസ് ഔട്ട് ഓഫ് മൈന്റ്. നമ്മുടെ മാനേജർമ്മാരുടെ ഔട്ട് ഓഫ് സൈറ്റിൽ പോകാതിരിക്കാൻ ശ്രമിക്കുകക.

ടിപ്പുകളൊന്നും വർക്ക് ചെയ്യാത്ത സമയമാണെന്ന് അറിയാം. അബ്നോർമ്മൽ സമയമാണ്. കഴിവതും നോർമ്മലായി ഇരിക്കാൻ ശ്രമിക്കുക എന്നതെ നമുക്ക് ചെയ്യാൻ പറ്റു.