LiveTV

Live

Wayanad

രാഹുലിന്റെ സന്ദർശനം; കൽപ്പറ്റ നഗരത്തിൽ കനത്ത സുരക്ഷ  

ഇന്നലെ രാത്രി മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു.

രാഹുലിന്റെ സന്ദർശനം; കൽപ്പറ്റ നഗരത്തിൽ കനത്ത സുരക്ഷ  

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്നതിന്‍റെ ഭാഗമായി കല്‍പ്പറ്റ നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെ രാത്രി മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു.

നഗരപാതയയുടെ ഇരുവശത്തുമായി ഇന്നലെ ഉച്ചയോടെ തന്നെ ബാരിക്കേഡുകള്‍ ഉയര്‍ന്നിരുന്നു. കല്‍പ്പറ്റ പഴയ ബസ്റ്റാന്‍റ് മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള 2 കിലോമീറ്റര്‍ ദൂരം കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഹെലികോപ്റ്ററിലിറങ്ങുന്ന എസ്.കെ .എം.ജെ സ്കൂള്‍ ഗ്രൗണ്ട് പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലായിക്കഴിഞ്ഞു. വയനാട് ഡി.സി ഓഫീസിലും എസ്.പി. ജി സംഘം സുരക്ഷാ പരിശോധനകള്‍ നടത്തി.

രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദര്‍ശനത്തിന്‍റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണവും ഇന്നലെ രാത്രിയോടെ നിലവില്‍ വന്നു. നഗര പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. ഗതാഗതം ബൈപ്പാസ് വഴി തിരിച്ചുവിട്ടാണ് ജില്ലാ പോലീസ് മേധാവി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്.

രാഹുല്‍ ഗാന്ധിയെത്തുന്നത് കല്‍പ്പറ്റ നഗരത്തിലാണെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലയില്‍ ഉടനീളമുണ്ട് . മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അയല്‍ ജില്ലകളിലെ മലയോര മേഖലകളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.