LiveTV

Live

VOTE 2019

നിര്‍ണ്ണായക മണ്ഡലമായി ബീഹാറിലെ സീതാമഡി

കുശ്‌വാഹ സമൂഹത്തിന്‍റെ നിലപാട് നിര്‍ണ്ണായകമാകും. പ്രദേശിക വികസനവും ജാതി സമവാക്യങ്ങളും സീതാമഡിയെ ബാധിക്കും.

നിര്‍ണ്ണായക മണ്ഡലമായി ബീഹാറിലെ സീതാമഡി

കുശ്‌വാഹ സമൂഹത്തിന്‍റെ നിലപാട് ബീഹാറിലെ സീതാമഡി ലോകസഭ മണ്ഡലത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. 2014-ല്‍ ജെ.ഡി.യുവിനേയും ആര്‍.ജെ.ഡിയെയും പുറകിലാക്കി എന്‍.ഡി.എയ്ക്ക് വേണ്ടി ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പി വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥി ആര്‍.ജെ.ഡിയുടെ അജയ് റായ് ആണ്. പ്രദേശിക വികസനവും ജാതി സമവാക്യങ്ങളും സീതാമഡിയെ ബാധിക്കും.

മിഥലാഞ്ചലിന്‍റെ ഭാഗമാണ് സീതാമഡി. പുരാണത്തില്‍ മിഥിലയുടെ രാജാവായിരുന്ന ജനകന് കൃഷിയിടത്തില്‍ നിന്ന് സീതയെ ലഭിച്ച സ്ഥലമാണ് സീതാമഡിയെന്നാണ് വിശ്വാസം. പുരാണത്തിലായാലും ചരിത്രത്തിലായാലും കാര്‍ഷിക ജനതയാണ് സീതാമഡിയുടെ അടിത്തറ. 2009-ല്‍ ജെ.ഡി.യുവിന്‍റെ ഭാഗമായി സീതാമഡിയുടെ എം.പിയായിരുന്ന അജയ് റായ് 2014-ല്‍ ഒരു ലക്ഷം വോട്ട് തികച്ച് കിട്ടാതെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച ആര്‍.എല്‍.എസ്.പിയുടെ വോട്ടര്‍ അടിത്തറയായ കുശ്‌വാഹ സമുദായത്തിന്‍റെ പിന്തുണയും രണ്ടാം സ്ഥാനത്തെത്തിയ ആര്‍.ജെ.ഡിയുടെ ഉറച്ച വോട്ടുകളും പിന്തുണയാകുമെന്നാണ് അജയ്‌റായിയുടെ പ്രതീക്ഷ. ശരദ് യാദവ് ജെ.ഡി.യു വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ അനുയായി കൂടിയായ അജയ്‌റായ് ആര്‍.ജെ.ഡിയിലെത്തിയത്.

ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയാണ് സീതാമഡി എം.എല്‍.എയും സംസ്ഥാന മന്ത്രിയുമായിരുന്ന ബി.ജെ.പി നേതാവ് സുനില്‍കുമാര്‍ പിന്‍റുവിന് ജെ.ഡി.യു സീറ്റ് നല്‍കിയത്. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത് തലേദിവസം ജെ.ഡി.യുവില്‍ പിന്‍റു ഔദ്യോഗികമായി ചേര്‍ന്നു. എം.എല്‍.എ എന്ന നിലയില്‍ പ്രദേശികമായുണ്ടായിരുന്ന ബന്ധം തെരഞ്ഞെടുപ്പില്‍ തുണയാകുമെന്ന് പിന്‍റു കരുതുന്നു.

എന്നാല്‍ പലവട്ടം സംസ്ഥാന സര്‍ക്കാരിന്‍റെ പാര്‍ട്ടിയേയും കേന്ദ്രസര്‍ക്കാരിന്‍റ പാര്‍ട്ടിയേയും പിന്തുണച്ചിട്ടും വികസനം തീരെ കടന്ന് വരാത്ത സീതാമഡിയില്‍ കാര്‍ഷിക പ്രശ്‌നങ്ങളും ജാതി സമവാക്യങ്ങളും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമാകും.