LiveTV

Live

VOTE 2019

ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

രാജ്യത്ത് പലയിടത്ത് നിന്നും ഇ.വി.എമ്മില്‍‍ ബി.ജെ.പിക്ക് മാത്രം വോട്ടുകാണിക്കുന്നതായി ആരോപണങ്ങളുയര്‍ന്നു.

ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

മൂന്നാംഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ അക്രമം. മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. രാജ്യത്ത് പലയിടത്ത് നിന്നും ഇ.വി.എമ്മില്‍‍ ബി.ജെ.പിക്ക് മാത്രം വോട്ടുകാണിക്കുന്നതായി ആരോപണങ്ങളുയര്‍ന്നു. 117 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 61. 31 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ആറ് മണിയോടെ നിശ്ചിത സമയം അവസാനിച്ചെങ്കിലും ബൂത്തുകളിലെത്തുന്നവരുടെ വോട്ടിങ് പലയിടങ്ങളിലും വൈകിയേ പൂര്‍ത്തിയാകൂ.

ഗോവയില്‍ മോക്ക് പോളിങിനിടെ പോള്‍ ചെയതതിനെക്കാള്‍ കൂടുതല്‍ വോട്ട് ബി.ജെ.പിക്ക് ലഭിച്ചതിനെ തുടര്‍ന്ന് വോട്ട് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. ഓരോ സ്ഥാനാര്‍ഥിക്കും 9 വോട്ട് വീതം പോള്‍ ചെയ്തശേഷം പരിശോധിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 17 വോട്ട് ലഭിക്കുകയായിരുന്നു. രാജ്യത്ത് മൂന്നൂറ്റമ്പതോളം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലാവുകയോ ബി.ജെ.പിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുകയോ ചെയ്യുകയാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. കുറ്റകരമായ അനാസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പലയിടങ്ങളിലും അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. എസ്.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാരോപിച്ചായിരുന്നു മര്‍ദനം. ബംഗാളില്‍ ബോംബേറുണ്ടായി. സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറിലെ റാണിപില്‍ വോട്ട് ചെയ്തു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികും കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവും വോട്ട് ചെയ്തു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ അഹമ്മദാബാദിലും വോട്ട് രേഖപ്പെടുത്തി.