LiveTV

Live

VOTE 2019

അവസാന ദിനങ്ങളിലും സഖ്യത്തിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാതെ ബിഹാറിലെ കോശി മേഖല

രഞ്ജിതയുടെ ഭര്‍ത്താവും മധേപുരയിലെ എം.പിയുമായ പപ്പുയാദവ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി ശരദ് യാദവിനെതിരെ മത്സരിക്കുന്നതാണ് ആര്‍.ജെ.ഡി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.

അവസാന ദിനങ്ങളിലും സഖ്യത്തിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാതെ ബിഹാറിലെ കോശി മേഖല

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങളിലും മഹാസഖ്യത്തിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാതെ ബിഹാറിലെ കോശി മേഖല. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.പി രഞ്ജിതാ രഞ്ജന്‍ യാദവ് മല്‍സരിക്കുന്ന സുപൗള്‍ മണ്ഡലത്തിലും മധേപുരയിലുമാണ് ആഭ്യന്തര പ്രശ്‌നങ്ങള്‍ സഖ്യത്തിന് വെല്ലുവിളിയാകുന്നത്.

രഞ്ജിതയുടെ ഭര്‍ത്താവും മധേപുരയിലെ എം.പിയുമായ പപ്പുയാദവ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി ശരദ് യാദവിനെതിരെ മത്സരിക്കുന്നതാണ് ആര്‍.ജെ.ഡി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത് . സുപൗളില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മല്‍സരരംഗത്തുള്ള രഞ്ജിത രഞ്ജന്റെ പ്രചാരണ സംഘത്തില്‍ മണ്ഡലത്തിലെ ആര്‍.ജെ.ഡി നേതാക്കളില്‍ പലരും വിട്ടു നില്‍ക്കുന്നതാണ് കാണാനുള്ളത്.

രഞ്ജിതയുടെ ഭര്‍ത്താവ് രാജീവ് രഞ്ജന്‍ യാദവ് എന്ന പപ്പു യാദവ് മധേപുരയില്‍ ശരദ് യാദവിനെതിരെ മല്‍സരിക്കുന്നതാണ് ആര്‍.ജെ.ഡിക്കാരെ ചൊടിപ്പിക്കുന്നത്. മധേപുരക്കു പകരം സീമാഞ്ചല്‍ മേഖലയില്‍ നിന്നും മറ്റേതെങ്കിലും സീറ്റ് നല്‍കിയാല്‍ ജനാധികാര്‍ പാര്‍ട്ടി നേതാവായ പപ്പു മഹാസഖ്യത്തിലോ ഒരു വേള കോണ്‍ഗ്രസിലോ ചേരാന്‍ തയാറായിരുന്നു.

എന്നാല്‍ അതിന് സഖ്യം തയാറായില്ല. ആര്‍.ജെ.ഡിക്കാരുടെ രോഷം തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും തണുക്കുമെന്നും ആരുടെയും പിന്തുണയില്ലാതെ കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഒറ്റക്ക് ജയിച്ച മണ്ഡലത്തില്‍ ഇക്കുറിയും വിജയം ആവര്‍ത്തിക്കാനാവുമെന്നുമാണ് രഞ്ജിതയുടെ പ്രതീക്ഷ.

മഹാസഖ്യത്തിലെ മറ്റ് അംഗങ്ങളായ രാഷ്ട്രീയ ലോക്താന്ത്രിക് സമതാ പാര്‍ട്ടി, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവര്‍ രഞ്ജിതയോടൊപ്പമുണ്ട്. ഇവര്‍ക്ക് മണ്ഡലത്തില്‍ തരക്കേടില്ലാത്ത വോട്ടുബാങ്കുമുണ്ട്. ആര്‍.ജെ.ഡിക്കാര്‍ നിഷ്‌ക്രിയരായി മാറി നിന്നാലും എതിര്‍സ്ഥാനാര്‍ഥിയായ ജെ.ഡി.യുവിന്റെ ദിലേശ്വര്‍ കാമൈത്തിന് കൂറുമാറി വോട്ടു ചെയ്യാനിടയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. കോസി മേഖലയില്‍ മഹാസഖ്യത്തിനകത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്.