LiveTV

Live

VOTE 2019

മുലായത്തിന് വോട്ട് ചോദിച്ച് മായാവതി എത്തി

1995ലെ എസ്.പി, ബി.എസ്.പി സഖ്യ തകര്‍ച്ചക്ക് ശേഷം മുഖത്തോട് മുഖം നോക്കിയിട്ടില്ല ഇരുവരും.

മുലായത്തിന് വോട്ട് ചോദിച്ച് മായാവതി എത്തി

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ എസ്.പി നേതാവ് മുലായം സിംഗിന് വോട്ടഭ്യര്‍ഥിച്ച് ബി.എസ്.പി അധ്യക്ഷ മായാവതിയെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വേദി പങ്കിടുന്നത്. മോദിയെപ്പോലെ വ്യാജ നേതാവല്ല മുലായമെന്നും സാധാരണക്കാര്‍ക്കൊപ്പം നിന്ന നേതാവാണെന്നും മായാവതി പറഞ്ഞു.

യു.പിയില്‍ മഹാസഖ്യത്തിന്‍റെ റാലിയിലാണ് ചിരവൈരം മറന്ന് മുലായം സിംഗ് യാദവും മായാവതിയും ഒന്നിച്ച് പങ്കെടുത്തത്. മതം പറഞ്ഞ് വോട്ട് ചോദിച്ചെന്ന് കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഏര്‍പ്പെടുത്തിയ പ്രചാരണ വിലക്ക് ഇന്ന് രാവിലെ ആറ് മണിയോടെ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ മയിന്‍പുരിയില്‍ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി സഖ്യത്തിന്‍റെ റാലിക്ക് മായാവതി എത്തിയത്. മയിന്‍ പുരില്‍ സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി, സമാജ്‍വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് സാക്ഷാല്‍ മുലായം സിംഗ് യാദവ് ആണ്.

മുലായത്തിനായി വോട്ട് ചോദിച്ച് മായാവതി എത്തിയപ്പോള്‍ അതിന് പ്രാധാന്യമേറെ. 1995ലെ എസ്.പി, ബി.എസ്.പി സഖ്യ തകര്‍ച്ചക്ക് ശേഷം മുഖത്തോട് മുഖം നോക്കിയിട്ടില്ല ഇരുവരും. കഴിഞ്ഞ ദിവസങ്ങളില്‍ ദേവ് ബന്ദ്, ബദായൂന്‍ ആഗ്ര എന്നിവിടങ്ങളില്‍ നടന്ന സഖ്യ റാലിയില്‍ മായാവതിയും അഖിലേഷും എത്തിയിരുന്നെങ്കിലും മുലായത്തിന് അനാരോഗ്യത്തെ തുടര്‍ന്ന് പങ്കെടുക്കാനായിരുന്നില്ല.