LiveTV

Live

VOTE 2019

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഫോട്ടോഫിനിഷിലേക്ക്

ഒപ്പത്തിനൊപ്പമുളള പോരാട്ടത്തിൽ അവസാന ലാപ്പിൽ മേൽക്കൈ നേടാനുളള ഓട്ടത്തിലാണ് മുന്നണികൾ. വിഷയങ്ങൾ മാറിമറിഞ്ഞെങ്കിലും ശബരിമലയാണ് അവസാന ഘട്ടത്തിലും പ്രചാരണത്തിൻറെ കേന്ദ്രബിന്ദു

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഫോട്ടോഫിനിഷിലേക്ക്

പരസ്യപ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഫോട്ടോഫിനിഷിലേക്ക്. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തിൽ അവസാന ലാപ്പിൽ മേൽക്കൈ നേടാനുളള ഓട്ടത്തിലാണ് മുന്നണികൾ.

ആരോപണ-പ്രത്യാരോപണങ്ങൾ, വിവാദങ്ങൾ, അവകാശവാദ വാദങ്ങൾ ഇവയെല്ലാം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് മൂന്നു മുന്നണികളും. മൂന്നാം നാൾ കൊട്ടിക്കലാശം എന്നിരിക്കെ പ്രചാരണത്തിലെ മേൽക്കോയ്മ ആർക്കെന്ന പ്രവചനം നിലവിൽ അസാധ്യം.

പൊതു യോഗങ്ങളിലൂടെ അവസാനഘട്ടത്തിൽ കളം പിടിക്കാനാണ് എൽ.ഡി.എഫ് ശ്രമം. സംസ്ഥാനമെമ്പാടും ബൂത്തുകൾ കേന്ദ്രീകരിച്ച് 2000ത്തോളം ചെറുപൊതുയോഗങ്ങൾ സംഘടിപ്പിക്കാനാണ് മുന്നണി ഒരുങ്ങുന്നത്. കൊട്ടിക്കലാശ ദിനം റോഡ്ഷോയും ഉണ്ടാകും. ബൂത്തടിസ്ഥാനത്തിൽ കുടുംബയോഗങ്ങൾ നടത്തി യു.ഡി.എഫും കലാശ പോരാട്ടത്തിന് സജ്ജമായിക്കഴിഞ്ഞു.

നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വലിയ പൊതുയോഗങ്ങളും വരും ദിവസങ്ങളിൽ നടത്തും. എൻ.ഡി.എയുടെ സ്ഥാനാർഥി പര്യടനം നാളെയോടെയേ പൂർത്തിയാവുകയുളളു. ചിട്ടയായ ഗൃഹസന്ദർശനം വഴി പ്രചാരണത്തിലെ പോരായ്മകൾ നികത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ. ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിക്കാനായത് യു.ഡി.എഫിനും എൻ.ഡി.എയ്ക്കും ഒരുപോലെ നേട്ടമായി.

രാഹുൽ ഗാന്ധിയുടെ പര്യടനത്തിലൂടെ പ്രചാരണത്തിൽ ഓളമുണ്ടാക്കാനായെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ പ്രചാരണം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരള പര്യടനം എൻ.ഡി.എ ക്യാമ്പിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല.

മുതിർന്ന കേന്ദ്രമന്ത്രിമാരും എൻ.ഡി.എയ്ക്കായി സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയിരുന്നു. വിഷയങ്ങൾ മാറിമറിഞ്ഞെങ്കിലും ശബരിമലയാണ് അവസാന ഘട്ടത്തിലും പ്രചാരണത്തിൻറെ കേന്ദ്രബിന്ദു. ആചാര ലംഘനം യു.ഡി.എഫും എൻ.ഡി.എയും സജീവമായി ഉയർത്തുമ്പോൾ വർഗീയവിരുദ്ധ പ്രചാരണത്തിലൂന്നുകയാണ് ഇടതുമുന്നണി.