കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു; ദുബൈയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി
മാസ്ക് ധരിക്കാതെ ആളുകളെ കടത്തിവിടുകയും സാമൂഹ്യ അകലം പാലിക്കുന്നതിൽ അലംഭാവം കാട്ടിയതിനുമാണ് പിഴ ചുമത്തിയത്.

കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ദുബൈയിൽ റസ്റ്റോറൻറ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് പിഴ. ദുബൈ എക്കോണമി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്. മാസ്ക് ധരിക്കാതെ ആളുകളെ കടത്തിവിടുകയും സാമൂഹ്യ അകലം പാലിക്കുന്നതിൽ അലംഭാവം കാട്ടിയതിനുമാണ് പിഴ ചുമത്തിയത്. ഏറ്റവും പുതുതായി നടന്ന 580 സ്ഥാപനങ്ങളിലെ പരിശോധനയിൽ ചിലയിടങ്ങളിൽ അപാകതകൾ കണ്ടെത്തി. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ദുബൈ എക്കണോമി അധികൃതർ അറിയിച്ചു.
ദുബൈ എക്കണോമിക്ക് ചുവടെയുള്ള ഉപഭോക്തൃ സേവന വിഭാഗം പോയവർഷം ഒന്നര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. കോവിഡ് വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വാണിജ്യ വ്യവസായ കേന്ദ്രങ്ങളിലാണ് പരിശോധനകൾ നടന്നത്. 1,40,000 പരിശോധന ഇക്കാലയളവിൽ നടന്നു. ഇതിൽ ഭൂരിഭാഗം സ്ഥാപനങ്ങളും വ്യവസ്ഥകൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഗുരുതരമല്ലാത്ത വ്യവസ്ഥാ ലംഘനങ്ങൾ നടത്തിയ 424 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
1,810 സ്ഥാപനങ്ങൾക്ക് താക്കീതുംനൽകി. ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയ 180 ഓളം സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വകുപ്പു തലത്തിൽ നേരിട്ടും ഉപഭോക്താക്കളും പൊതുജനങ്ങളും വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും പരിശോധനകൾ കർശനമായിത്തന്നെ തുടരുമെന്ന് ദുബൈ സാമ്പത്തിക വകുപ്പിന്റെ വാണിജ്യ നിയന്ത്രണ വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ താനക് പറഞ്ഞു.
Adjust Story Font
16