നിക്ഷേപകരെയും പ്രതിഭകളെയും തേടി അബൂദബി
നിക്ഷേപകർക്കൊപ്പം മറ്റു മേഖലകളിലുള്ളവർക്കും ആകർഷക പദ്ധതികളാണ് കഴിഞ്ഞ ദിവസം അബൂദബി മുന്നോട്ടു വെച്ചത്

പ്രഫഷനലുകൾക്കും പ്രതിഭകൾക്കും കൂടുതൽ അവസരം ഒരുക്കാനുള്ള അബൂദബിയുടെ തീരുമാനത്തിന് മികച്ച പ്രതികരണം. നിക്ഷേപകർക്കൊപ്പം മറ്റു മേഖലകളിലുള്ളവർക്കും ആകർഷക പദ്ധതികളാണ് കഴിഞ്ഞ ദിവസം അബൂദബി മുന്നോട്ടു വെച്ചത്. ഇന്ത്യൻ പ്രൊഫഷനലുകളും വർധിച്ച താൽപര്യത്തോടെയാണ് അബൂദബിയെ ഉറ്റുനോക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രഫഷനലുകൾ, മികച്ച വിദ്യാർഥികൾ, പ്രതിഭകൾ എന്നിവരെ ഉന്നംവെച്ചു കൊണ്ടുള്ളതാണ് അബൂദബി ആവിഷ്കരിച്ച പുതിയ പദ്ധതികൾ. വിവിധ തുറകളിലെ നിക്ഷേപകർക്കൊപ്പം പ്രതിഭകൾക്കും മിടുക്കർക്കും ദീർഘകാല വിസയും പൗരത്വവും നൽകാനാണ് പദ്ധതി.
വിവിധ മേഖലകളിൽ പ്രാപ്തി തെളിയിച്ച വിദേശപൗരൻമാർക്ക് പൗരത്വം നൽകുമെന്ന് അടുത്തിടെയാണ് യു.എ.ഇ പ്രഖ്യാപിച്ചത്. ഇതിന്റെ തുടർച്ചയെന്ന നിലക്കാണ് അബൂദബിയുടെ പദ്ധതികൾ. പ്രാവീണ്യം തെളിയിച്ച പ്രഫഷനലുകൾ, വിദ്യാർഥികൾ, ഗവേഷകർ, സംരംഭകർ തുടങ്ങിയവർക്ക് കുടുംബേത്താടൊപ്പം അബൂദബിയിൽ താമസിക്കാൻ അവസരം ഒരുങ്ങും. അക്കാദമിക് തലത്തിൽ മികവ് തെളിയിച്ചവർ, ലോകോത്തര കലാകാരൻമാർ, പുരാവസ്തു ഗവേഷകൾ എന്നിവർക്കും അവസരം ലഭിക്കും. അബൂദബിയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക, സന്ദർശകരുടെ പങ്കാളിത്തം കൂട്ടുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് 'ക്രിയേറ്റേഴ്സ് വിസ' പദ്ധതി നടപ്പാക്കുക.