യു.എ.ഇ - ഇസ്രായേൽ വാണിജ്യ ബന്ധം: റോഡ് മാർഗവും പരിഗണനയിൽ
വ്യോമ, ജല മാർഗമുള്ള ബന്ധം നടപ്പായതോടെയാണ് റോഡ് സാധ്യതകൾ കൂടി കണ്ടെത്താനുള്ള ഇസ്രായേൽ നീക്കം.
യു.എ.ഇ, ഇസ്രായേൽ വാണിജ്യ ബന്ധം മെച്ചപ്പെടുത്താൻ റോഡ് മാർഗമുള്ള സാധ്യതകളും പരിഗണനയിൽ. വ്യോമ, ജല മാർഗമുള്ള ബന്ധം നടപ്പായതോടെയാണ് റോഡ് സാധ്യതകൾ കൂടി കണ്ടെത്താനുള്ള ഇസ്രായേൽ നീക്കം. യു.എ.ഇയിലെ ഇസ്രായേൽ അംബാസഡർ ഈതാൻ നഈഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചുരുക്കം മാസങ്ങൾക്കകം തന്നെ യു.എ.ഇ, ഇസ്രായേൽ വാണിജ്യ രംഗത്ത് കാര്യമായ മുന്നേറ്റം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. കപ്പൽ മാർഗമുള്ള ചരക്കുകടത്തിന് 16 ദിവസമെടുക്കും. ഈ സാഹചര്യത്തിൽ റോഡ് മാർഗമുള്ള വാണിജ്യം ഉറപ്പാക്കുക പ്രധാനമാണെന്ന് യു.എ.ഇയിലെ ഇസ്രായേൽ സ്ഥാനപതി അറിയിച്ചു. മൂന്ന് ദിവസം കൊണ്ട് ട്രക്കുകളിൽ ചരക്ക് കൈമാറ്റം സാധ്യമാകും. അറേബ്യയുടെ കിഴക്കൻ ഭാഗത്തുള്ള യു.എ.ഇയും ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഇസ്രായേലും തമ്മിൽ വാണിജ്യ കോറിഡോർ യാഥാർഥ്യമാക്കാൻ സാധിക്കണം. എങ്കിൽ ഉഭയകക്ഷി വ്യാപാരത്തിനും വിനോദ സഞ്ചാരത്തിനും അത് വലിയ മുതൽക്കൂട്ടാകുമെന്നും ഇസ്രായേൽ അംബാസഡർ ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരം ഉൾപ്പെടെ എല്ലാ തുറകളിലും ഇരു രാജ്യങ്ങളും ഏറെ മുന്നോട്ടു പോയതായും ഇസ്രായേൽ അംബാസഡർ കൂട്ടിച്ചേർത്തു.