രാജ്യത്തേക്ക് വരുന്നവർക്കും പോകുന്നവർക്കും കോവിഡ് പരിശോധന; പുതിയ യാത്രാ പ്രോട്ടോകോളുകള് പുറത്തിറക്കി ദുബൈ
ദുബൈയുടെ ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബൈ പുതിയ യാത്രാ പ്രോട്ടോകോൾ പ്രഖ്യാപിച്ചു. ഈ മാസം 31 മുതൽ ദുബൈയിൽ നിന്ന് നാട്ടിലേക്ക് വരാൻ കോവിഡ് പരിശോധന വേണം. നാട്ടിൽ നിന്ന് ദുബൈയിലേക്ക് പോകുന്നവർക്കും പരിശോധന നിർബന്ധമാണ്. പിസിആർ ഫലത്തിന്റെ കാലാവധി 72 മണിക്കൂറാക്കി ചുരുക്കാനും തീരുമാനിച്ചു.
ദുബൈയുടെ ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ദുബൈയിലേക്ക് വരുന്നവർക്കും പോകുന്നവർക്കും ഈമാസം 31 മുതൽ കോവിഡ് പരിശോധന നിർബന്ധമാവുകയാണ്.
നിലവിൽ ദുബൈയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധനയില്ല. എന്നാൽ, 31 മുതൽ ഇത് മാറും. ദുബൈയിൽ നിന്ന് വിദേശത്തേക്ക് പോകുന്നവരെല്ലാം പിസിആർ പരിശോധനക്കോ, റാപിഡ് ആന്റിജൻ പരിശോധനക്കോ വിധേയമാകണം. ഏത് രാജ്യത്തേക്കാണ് പോകുന്നത് എന്നത് അനുസരിച്ച് പരിശോധനാ രീതി തീരുമാനിക്കും. വിമാനമാർഗം മാത്രമല്ല, കര, കടൽ അതിർത്തികൾ കടന്നു വിദേശത്ത് പോകുന്നവർക്കും പരിശോധന നിർബന്ധമാണ്.
വിദേശത്ത് നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്നവർ യാത്ര തിരിക്കും മുമ്പ് പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം. യുഎഇ പൗരൻമാർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്. പിസിആർ ഫലത്തിന്റെ കാലാവധി നേരത്തേ 96 മണിക്കൂറായിരുന്നത് 72 മണിക്കൂറാക്കി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുബൈ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകാനായി യാത്രതിരിക്കുന്നവർക്കും ഈ നിബന്ധനകൾ ബാധകമാണ്. യുഎഇയിൽ പ്രതിദിന കോവിഡ് കേസ് ഇന്നലെ റെക്കോർഡിലെത്തി. 3,939 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്.