ദുബൈയില്‍ വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി; പിടിച്ചെടുത്തതിൽ മാസ്കുകളും ഗ്ലൗസുകളും
ആരോഗ്യ സംരക്ഷണ ഉപകരണങ്ങളുടെ ആവശ്യകത മുന്നിൽകണ്ട് ലാഭം കൊയ്യാൻ ശ്രമിച്ചവരാണ് ഇതോടെ വെട്ടിലായത്.

ദുബൈയില്‍ വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച നാലു ലക്ഷത്തോളം ഫേസ് മാസ്കുകളും ഗ്ലൗസുകളും മറ്റും കഴിഞ്ഞ വർഷം പിടികൂടിയതായി ദുബൈ പൊലിസ് പറഞ്ഞു. ആരോഗ്യ സംരക്ഷണ ഉപകരണങ്ങളുടെ ആവശ്യകത മുന്നിൽകണ്ട് ലാഭം കൊയ്യാൻ ശ്രമിച്ചവരാണ് ഇതോടെ വെട്ടിലായത്.
മൂന്ന് വില്ലകളിലായി സംഭരിച്ച 400,000 വ്യാജ ഫേസ് മാസ്കുകൾ, 25,000 ഗ്ളൗസുകൾ, പ്രമുഖ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച 29,187 വ്യാജ വാച്ചുകൾ എന്നിവയാണ് 2020ൽ ദുബൈയിൽ നിന്ന് പിടിച്ചെടുത്തത്. ദുബൈ പൊലിസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏഷ്യൻ രാജ്യത്ത് നിന്നുള്ള മൂന്നുപേരാണ് തട്ടിപ്പിന് പിന്നിൽ. വാട്ട്സ്ആപ്പ് മുഖേന ഒാർഡർ അനുസരിച്ച് വില്പന നടത്തുകയായിരുന്നു സംഘം. മൂന്നു പേരും പൊലിസ് പിടിയിലാണ്.
വ്യാജ ഉല്പന്നങ്ങൾക്കെതിരെ കർശന നടപടിയാണ് ദുബൈ പൊലിസ് െകൊക്കൊള്ളുന്നത്്. ഇതുമായി ബന്ധപ്പെട്ട് 320 പേർ കഴിഞ്ഞ വർഷം അറസ്റ്റിലായി. 2.6 ബില്യൺ ദിർഹം മൂല്യം വരുന്ന വ്യാജ വസ്തുക്കളാണ് പിടികൂടിയത്. ദുബൈ സാമ്പത്തിക വികസന വകുപ്പുമായി ചേർന്നാണ് ദുബൈ പോലീസ് വ്യാജ ഉൽപന്നങ്ങൾക്കെതിരായ പോരാട്ടം തുടരുന്നത്