LiveTV

Live

UAE

വാക്സിനേഷൻ ഊർജിതമാക്കി യു.എ.ഇ; ഒമ്പത് ലക്ഷത്തോളം പേര്‍ വാക്സിൻ സ്വീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പേർക്കാണ് യു.എ.ഇ കോവിഡ് വാക്സിൻ നൽകിയത്

വാക്സിനേഷൻ ഊർജിതമാക്കി യു.എ.ഇ; ഒമ്പത് ലക്ഷത്തോളം പേര്‍ വാക്സിൻ സ്വീകരിച്ചു

കോവിഡ് കേസുകൾ ഉയരുന്നതിനിടെ യു.എ.ഇയിൽ കോവിഡ് വാക്സിനേഷൻ നടപടികൾ ഊർജിതമായി. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി എൺപത്തി ഏഴായിരം കടന്നു. റഷ്യയുടെ സ്ഫുട്നിക്ക് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനും യു.എ.ഇയിൽ തുടക്കമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പേർക്കാണ് യു.എ.ഇ കോവിഡ് വാക്സിൻ നൽകിയത്. ഡിസംബറിൽ ആരംഭിച്ച വാക്സിൻ യഞ്ജത്തിന്‍റെ ഭാഗമായി ഇതുവരെ 887,696 പേർ വാക്സിൻ സ്വീകരിച്ചു. റഷ്യയുടെ സ്ഫുട്നിക് വാക്സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം അബൂദബിയിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ സന്നദ്ധരായി എത്തുന്ന 500 പേരിലാണ് റഷ്യൻ വാക്സിൻ പരീക്ഷിക്കുന്നത്. ഇവർ 18 വയസ് പിന്നിട്ടവരും ആരോഗ്യമുള്ളവരുമായിരിക്കണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മറ്റ് രോഗങ്ങളുണ്ടായിരിക്കരുത്. മറ്റു വാക്സിനുകൾ കുത്തിവെക്കാത്തവരുമായിരിക്കണം.

ഇന്ന് 2,950 പേർക്ക് കൂടി യു.എ.ഇയിൽ കോവിഡ് സ്ഥീരികരിച്ചു. മൂന്ന് മരണവും സ്ഥിരീകരിച്ചു. മരണസംഖ്യ ഇതോടെ 697 ആയി. 2,218 പേർക്ക് ഇന്ന് രോഗം ഭേദമായി. മൊത്തം രോഗബാധിതർ 224,704 ലെത്തിയപ്പോൾ രോഗമുക്തർ 201,396 ആയി. നിലവിൽ 22,611 പേരാണ് കോവിഡിന് ചികിൽസയിൽ കഴിയുന്നത്.