ഖത്തറുമായുള്ള ഭിന്നത അവസാനിപ്പിച്ചു; നേട്ടങ്ങള് പ്രതീക്ഷിച്ച് യു.എ.ഇ
വാണിജ്യ-വ്യവസായം, നിക്ഷേപം, റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വൻ മുന്നേറ്റമാണ് യു.എ.ഇ പ്രതീക്ഷിക്കുന്നത്

ഖത്തറുമായുള്ള ഭിന്നത അവസാനിക്കുകയും വാക്സിൻ വിതരണം വ്യാപകമാവുകയും ചെയ്തതോടെ ഏറ്റവും മികച്ച നേട്ടം പ്രതീക്ഷിച്ച് ദുബൈ. പുതിയ സാധ്യതകൾക്കൊപ്പം കുതിക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ നഗരം. വാണിജ്യ-വ്യവസായം, നിക്ഷേപം, റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വൻ മുന്നേറ്റമാണ് യു.എ.ഇ പ്രതീക്ഷിക്കുന്നത്.
ദുബൈ എക്സ്പോയും ഖത്തറിലെ ഫിഫ ലോകകപ്പും ഒരുമിച്ച് ആഘോഷിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് അവസരം ലഭിച്ചതോടെ രണ്ടു സംരംഭങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സജീവമായി. ഒട്ടേറെ പദ്ധതികൾക്ക് ഇത് അവസരമൊരുക്കും. പദ്ധതികളിൽ ഇന്ത്യൻ കമ്പനികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കും. ജി.സി.സി റെയിൽ ഉൾപ്പെടെ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും വൈകാതെ പുനരാരംഭിച്ചേക്കുമെന്നതും ദുബൈ ഉൾപ്പടെയുള്ള യു.എ.ഇക്ക് ഗുണം ചെയ്യും. ഗൾഫ് രാജ്യങ്ങളിലെ വ്യാപാര-ഗതാഗത രംഗത്തും വൻമുന്നേറ്റമാകും രൂപപ്പെടുക. കുവൈത്ത് തീരത്തു നിന്നാരംഭിച്ച് സൗദി, യു.എ.ഇ വഴി ഒമാനിലെത്തി, അവിടെ നിന്ന് ഇതര മേഖലകളിലേക്കു പ്രവേശിക്കുന്നതാണ് ജി.സി.സി റെയിൽ പദ്ധതി. ഇതോടൊപ്പം യു.എ.ഇയുടെ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമാണം വടക്കൻ എമിറേറ്റുകളിലേക്ക് പുരോഗമിക്കുന്നതും ദുബൈ കേന്ദ്രമായ സ്ഥാപനങ്ങൾക്ക് ഉണർവ് പകരും. ചരക്കു നീക്കം പുനരാരംഭിക്കുന്നത് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്കും പ്രതീക്ഷ പകരും.
വിവിധ മേഖലകൾക്ക് ഇളവുകൾ നൽകി 31.5 കോടി ദിർഹത്തിന്റെ ഉത്തേജക പദ്ധതി കൂടി ദുബൈ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതോടെ പദ്ധതികൾക്കുള്ള മൊത്തം തുക 710 കോടി ദിർഹമായി. ഹോട്ടലുകൾക്കും വാണിജ്യ-വ്യവസായ മേഖലയ്ക്കും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ടൂറിസം രംഗത്ത് വലിയ നേട്ടമാകും.