കോവിഡ് 19; കർശന നിയന്ത്രണങ്ങൾ ദുബൈയിൽ പൂർണമായി നിർത്തലാക്കി
ഷോപ്പിംഗ് മാളുകളിൽ വയോധികർക്കും ഗർഭിണികൾക്കും പ്രവേശിക്കാമെന്ന നിർദേശമാണ് പുതുതായി പ്രഖ്യാപിച്ചത്

കോവിഡ് പ്രതിസന്ധി മറികടക്കാൻ ഏർപെടുത്തിയ കർശന നിയന്ത്രണങ്ങൾ ദുബൈയിൽ പൂർണമായി നിർത്തലാക്കി. ഷോപ്പിംഗ് മാളുകളിൽ വയോധികർക്കും ഗർഭിണികൾക്കും പ്രവേശിക്കാമെന്ന നിർദേശമാണ് പുതുതായി പ്രഖ്യാപിച്ചത്. മാളുകളിലെ പൊതു ഇരിപ്പിടങ്ങളും ഇനി മുതൽ സജ്ജമാവും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2020 ഏപ്രിൽ മാസത്തിലായിരുന്നു കർശന നിയന്ത്രണങ്ങളും സുരക്ഷ നിർദേശങ്ങളും പുറപ്പെടുവിച്ച് മാളുകളും വ്യാപാര സഥാപനങ്ങളും വിനോദമേഖലകളുമെല്ലാം ദുബൈയിൽ അടച്ചിട്ടത്. പിന്നാലെ ഘട്ടംഘട്ടമായി ഇളവുകൾ വരുത്തുകയായിരുന്നു.
ഈ ആഴ്ചയിൽ സ്കൂളുകൾ പുനരാരംഭിച്ചതിനു പിന്നാലെയാണ് ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തിൽ ചില വിഭാഗങ്ങൾക്ക് ഏർപെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞിരിക്കുന്നത്. 2020 ജൂൺ 3 മുതൽ ഷോപ്പിംഗ് മാളിലെ ശേഷിയുടെ 100 ശതമാനവും വീണ്ടും തുറക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതു ഇരിപ്പിടങ്ങൾ നിരോധിച്ചിരുന്നു. മാളുകളിൽ ദീർഘനേരം നടന്നതിന് ശേഷം വിശ്രമത്തിനായി ആളുകൾ ആശ്രയിക്കുന്ന പൊതു ഇരിപ്പിടങ്ങളും ഇനി സജീവമാകും. ഷോപ്പിംഗ് മാളുകൾ പിന്തുടരേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് മുൻ സർക്കുലറിൽ നിർദേശിച്ച നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായി ദുബൈ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ-സുരക്ഷാ വകുപ്പ് ഡയറക്ടർ ഡോ. നസീം മുഹമ്മദ് റാഫി സ്ഥിരീകരിച്ചു. ദുബൈയിലെ മാളുകളുടെയും ഷോപ്പിംഗ് സെന്ററുകളുടെയും ചുമതലയുള്ള എല്ലാവർക്കും ഇക്കാര്യത്തിൽ പ്രത്യേക വിജ്ഞാപനം നേരിട്ട് അയച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും പൊതു ഇരിപ്പിടങ്ങളിൽ ഇരിക്കുന്നവർ തമ്മിൽ തമ്മിലുള്ള സാമൂഹിക അകലം പാലിക്കൽ തുടരേണ്ടതുണ്ട്.