ആറ് മാസം രാജ്യത്തിന് പുറത്തുകഴിഞ്ഞവർക്ക് യു.എ.ഇലേക്ക് മടങ്ങാം
കോവിഡ് പ്രതിസന്ധിമൂലം രൂപപ്പെട്ട അനിശ്ചിതത്വത്തെ തുടർന്നാണ് പലർക്കും നിശ്ചിത സമയം തിരിച്ചു വരാൻ പറ്റാത്ത സാഹചര്യം രൂപപ്പെട്ടത്

ആറു മാസത്തിൽ കൂടുതൽ യു.എ.ഇക്ക് പുറത്തു താമസിച്ച താമസ വിസക്കാർക്ക് ഈ വർഷം മാർച്ച് 31നുള്ളിൽ തിരിച്ചുവരാനുള്ള അനുമതി ആയിരങ്ങൾക്ക് തുണയാകും. കോവിഡ് പ്രതിസന്ധിമൂലം രൂപപ്പെട്ട അനിശ്ചിതത്വത്തെ തുടർന്നാണ് പലർക്കും നിശ്ചിത സമയം തിരിച്ചു വരാൻ പറ്റാത്ത സാഹചര്യം രൂപപ്പെട്ടത്. സാധാരണ ഗതിയിൽ ആറു മാസത്തിൽ കൂടുതൽ വിട്ടുനിന്നാൽ താമസ വിസക്കാർക്ക് മടങ്ങി വരാൻ പറ്റില്ല.
കോവിഡ് മൂലം രൂപപ്പെട്ട യാത്രാവിലക്കും മറ്റും കാരണം താമസ വിസക്കാരായ പലരും തങ്ങളുടെ രാജ്യങ്ങളിൽ കുടുങ്ങിയ സാഹചര്യം പരിഗണിച്ചാണ് യു.എ.ഇയുടെ ഇടപെടൽ. എയര്‍ ഇന്ത്യാ എക്സ്പ്രസും ദുബൈയുടെ ബജറ്റ് എയർലൈൻസായ ഫ്ലൈ ദുബായും മറ്റും തങ്ങളുടെ വെബ് സൈറ്റിലും പുതുതായി പ്രഖ്യാപിച്ച ഇളവ് പരസ്യപ്പെടുത്തിയിട്ടുണ്ട്.
ആറു മാസത്തിൽ കൂടുതൽ നാട്ടിൽ കുടുങ്ങിയവർ ജി.ഡി.ആര്.എഫ്.എയില്‍ നിന്ന് അനുമതി വാങ്ങിക്കണമെന്നും വ്യക്തമാക്കി. പുതിയ തീരുമാനം കോവിഡ് പ്രതികൂല സാഹചര്യത്തിൽ ഇന്ത്യയിലും മറ്റും കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ഏറെ ഗുണകരമായേക്കും.