LiveTV

Live

UAE

ദുബൈയിൽ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു

315 മില്യൺ ദിർഹമിന്‍റെ പാക്കേജാണ് പുതുതായി പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി മുൻനിർത്തിയുള്ള അഞ്ചാമത് ഉത്തേജക പാക്കേജാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ചത്

ദുബൈയിൽ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു

കോവിഡ് മഹാമാരിയെതുടർന്ന് പ്രതിസന്ധി തുടരുന്ന വ്യവസായ, സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്നതിനായി ദുബൈയിൽ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. 315 മില്യൺ ദിർഹമിന്‍റെ ഉത്തേജക പാക്കേജാണ് പുതുതായി പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി മുൻനിർത്തിയുള്ള അഞ്ചാമത് ഉത്തേജക പാക്കേജാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ചത്.

ഇതോടെ പ്രതിസന്ധികാലത്തെ മറികടക്കുന്നതിന് ദുബൈ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് 7.1 ബില്യൻ ദിർഹമായി ഉയർന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്‍റെ നിർദേശാനുസരണമാണ് പുതിയ സാമ്പത്തിക സഹായം. വ്യവസായ മേഖലയെ ആഗോള പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള ശ്രമം തുടരുമെന്ന് ശൈഖ് ഹംദാൻ ട്വിറ്ററിൽ വ്യക്തമാക്കി.

നേരത്തെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളിലെ ചില സംരംഭങ്ങളുടെ സാധുത ആറുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെ തുടരാനാണ് തീരുമാനം. ആഗോള പ്രതിസന്ധിയെ തുടർന്ന് സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രത്യാഘാതങ്ങളെ ഫലപ്രദമായി ലഘൂകരിക്കാൻ സഹായിക്കുന്ന പ്രായോഗിക തന്ത്രങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിൽ ദുബൈ സർക്കാർ നിലവിലെ ആഗോള സാമ്പത്തിക സ്ഥിതിയും അസാധാരണമായ സാഹചര്യങ്ങളും വിവിധ സംഭവവികാസങ്ങളും വിലയിരുത്തുന്നത് തുടരുകയാണ്. ആഗോള പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും സർക്കാർ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.