LiveTV

Live

UAE

ദുബൈ മെട്രോ കൂടുതൽ ഹൈടെക്കാവുന്നു

യാത്രക്കാർക്ക് കാത്തിരിപ്പില്ലാതെ സുഗമ യാത്ര ഉറപ്പുവരുത്തുന്നതിന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി നിർമിതബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള തിടുക്കത്തിലാണ്

ദുബൈ മെട്രോ കൂടുതൽ ഹൈടെക്കാവുന്നു

ദുബൈ മെട്രോ കൂടുതൽ ഹൈടെക്കായി മാറുന്നു. യാത്രക്കാർക്ക് കാത്തിരിപ്പില്ലാതെ സുഗമ യാത്ര ഉറപ്പുവരുത്തുന്നതിന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി നിർമിതബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള തിടുക്കത്തിലാണ്. ഏറ്റവും തിരക്കുള്ള സമയം കണ്ടെത്തി യാത്രക്കാർക്ക് നിർദേശം നൽകുന്നതിനായി നിർമിത ബുദ്ധി, സിമുലേറ്റർ എന്നിവ പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതിയുടെ പരീക്ഷണം തുടങ്ങിയതായി ആർ.ടി.എ അറിയിച്ചു.

മെട്രോയുടെ സേവനം കൂടുതൽ പേരിലെത്തിക്കുന്നതിനും കാത്തിരിപ്പോ ബുദ്ധിമുട്ടോ ഇല്ലാത്ത സുഖയാത്ര ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്. പുതിയ സാങ്കേതികവിദ്യ മെട്രോ സ്റ്റേഷനുകളിലും പൊതു ഇവന്‍റുകളിലും തിരക്കേറിയ സമയങ്ങളിൽ ക്രൗഡ് മാനേജുമെന്‍റിന് സഹായകരമാകും.

മെട്രോ ഉപയോക്താക്കളുടെ യാത്രകൾ, നോൾ കാർഡുകളുടെ ഡാറ്റ, മെട്രോ ഡിമാൻഡ് അൽഗോരിതം എന്നിവ സമന്വയിപ്പിച്ചാണ് സാങ്കേതികവിദ്യയിലൂടെ ഏറ്റവും തിരക്കേറിയ സമയം നിർണയിക്കുക. ഭാവിയിൽ കൂടുതൽ മെട്രോ റൂട്ടുകളും ഇരട്ടിയോളം യാത്രക്കാരെയും പ്രതീക്ഷിക്കുന്നുണ്ട് ദുബൈ. പദ്ധതി യാഥാർഥ്യമാകുന്നതോടെ കാത്തിരിപ്പു സമയം 40 മുതൽ 80 ശതമാനം വരെ കുറക്കാനാവും.