LiveTV

Live

UAE

ദുബൈ സ്ഥാപനങ്ങളിലെ ദേഹോഷ്മാവ് പരിശോധന നിർത്തുന്നു

ജനുവരി ഒന്ന് മുതൽ തെർമൽ സ്കാനറുകൾ നിർബന്ധമില്ല

ദുബൈ സ്ഥാപനങ്ങളിലെ ദേഹോഷ്മാവ് പരിശോധന നിർത്തുന്നു

ദുബൈയിലെ സ്ഥാപനങ്ങൾ സന്ദർശകരുടെ ദേഹോഷ്മാവ് പരിശോധിക്കുന്നത് നിർത്തലാക്കുന്നു. പുതുവൽസര ദിനം മുതൽ വാണിജ്യ സ്ഥാപനങ്ങളിൽ തെർമൽ സ്കാനറുകൾ പിൻവലിക്കും. കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയ പനി പരിശോധനയാണ് നിർത്തലാക്കുന്നത്.

ദുബൈ സാമ്പത്തിക വകുപ്പാണ് ജനുവരി ഒന്ന് മുതൽ സ്ഥാപനങ്ങളിൽ ദേഹോഷ്മാവ് പരിശോധന വേണ്ടതില്ലെന്ന് തീരുമാനിച്ചത്. പനി പോലുള്ള കോവിഡ് ലക്ഷ്ണമുള്ളവരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നതിനാണ് പരിശോധന ഏർപ്പെടുത്തിയിരുന്നത്. തെർമൽ സ്കാനറുകളും, മറ്റ് ഊഷ്മാവ് പരിശോധനാ സംവിധാനങ്ങളും പുതുവർഷം മുതൽ നിർബന്ധമില്ലെന്ന് ദുബൈ ഇക്കോണമി അറിയിച്ചു. മറ്റു ചില കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. വാലേ പാർക്കിങ് നടത്തുന്നവർ വാഹനത്തിന്റെ സ്റ്റിയറിങും, സീറ്റും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിയണം എന്ന നിബന്ധനയും പിൻവലിക്കും. ദുബൈയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുന്നു എന്നാണ് സാമ്പത്തിക വകുപ്പ് വിലയിരുത്തിയത്. അടുത്തിടെയായി ഒരു സ്ഥാപനത്തിനും മുന്നറിയിപ്പും, പിഴയും നൽകേണ്ടി വന്നിട്ടില്ല. ഒരു സ്ഥാപനവും അടക്കേണ്ടതായും വന്നിട്ടില്ല. 449 സ്ഥാപനങ്ങൾ നിയന്ത്രണ നിർദേശങ്ങൾ സമ്പൂർണമായി പാലിക്കുന്നതായും ദുബൈ ഇക്കോണമി കണ്ടെത്തി.