വിമാന സര്‍വീസില്ല; ദുബൈ ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിൽ കുടുങ്ങിയ മലയാളികളുടെ കാര്യം അനിശ്ചിതത്വത്തില്‍
ദുബൈയില്‍ കുടുങ്ങിയ മലയാളികൾക്കായി വിവിധ സംഘടനകൾ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു.

കൊമേഴ്സ്യൽ വിമാന സർവീസ് നിർത്തിവെച്ച സാഹചര്യത്തിൽ ദുബൈ ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിൽ കുടുങ്ങിയവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ദുബൈയില്‍ കുടുങ്ങിയ മലയാളികൾക്കായി വിവിധ സംഘടനകൾ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു.
ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ വൈകീട്ടാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യല്‍ വിമാന സർവീസ് നിർത്തിവെച്ചത്. ദുബൈ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടത്താവളമാക്കി കുവൈത്തിലേക്ക് മടങ്ങാനിരുന്ന മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് പെട്ടെന്നുണ്ടായ തീരുമാനത്തിൽ പ്രയാസത്തിലായത്.
അതിനിടെ ദുബൈയിൽ നിന്ന് കുവൈത്തിലേക്ക് പ്രത്യേക വിമാനസർവീസ് ഏർപ്പെടുത്തിയതായും ഇതിനായി എയർ സ്പേസ് ഒരു ദിവസത്തേക്ക് തുറക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു എന്നാൽ കുവൈത്തികൾക്കും അവരുടെ ഗാർഹികത്തൊഴിലാളികൾക്കും ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കും ബന്ധുക്കൾക്കും മാത്രമാണ് പ്രത്യേക വിമാനത്തിൽ യാത്ര അനുവദിക്കുക എന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ യു.എ.ഇ, തുർക്കി തുടങ്ങി ഇടത്താവളങ്ങളിൽ ക്വാറന്റൈനിലുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ വിമാന സർവീസ് നിർത്തിവെച്ചത് മൂലം യു.എ.ഇയിൽ കുടുങ്ങിയ കുവൈത്ത് പ്രവാസികൾക്കായി ജി.കെ.പി.എ ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട് .