LiveTV

Live

UAE

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷന് കൈമാറി

പ്രതിസന്ധി നാളുകളിൽ ഉമ്മുൽഖുവൈനിലും പരിസര പ്രദേശങ്ങളിലുമായി ആയിരങ്ങൾക്കാണ് വിവിധ തുറകളിൽ അസോസിയേഷെൻറ സഹായം ലഭിച്ചത്.

മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷന് കൈമാറി

കോവിഡ് കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ്ഹാർട്ട് പുരസ്കാരം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷന് കൈമാറി. പ്രതിസന്ധി നാളുകളിൽ ഉമ്മുൽഖുവൈനിലും പരിസര പ്രദേശങ്ങളിലുമായി ആയിരങ്ങൾക്കാണ് വിവിധ തുറകളിൽ അസോസിയേഷെൻറ സഹായം ലഭിച്ചത്. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷൻ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ആയിരുന്നു അവാർഡ്ദാനം.

കോവിഡ് കാലത്ത് ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയാണ് ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ മാതൃകയായത്. ഭക്ഷണ വിതരണം, മരുന്നെത്തിച്ചു നൽകൽ, കൗൺസലിംഗ്, സൗജന്യ വിമാന ടിക്കറ്റുകൾ, ചാർട്ടേഡ് വിമാന സർവീസുകൾ തുടങ്ങി എല്ലാ മേഖലകളിലും ഒന്നിനൊന്നു മികച്ചതായിരുന്നു ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷന്‍റെ പ്രവർത്തനം. അസോസിയേഷൻ സാരഥികളുടെ നേതൃത്വത്തിൽ ഇരുപത്തിനാലു മണിക്കൂറും വിവിധ സേവന വിഭാഗങ്ങളെ കോർത്തിണക്കാൻ കഴിഞ്ഞതും നേട്ടമായി.

കോവിഡ് ബാധിതരെ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് ഉടൻ തന്നെ ആശുപത്രിയിലേക്കും ക്വാറന്‍റൈയിൻ കേന്ദ്രങ്ങളിലേക്കും മാറ്റാനും അസോസിയേഷൻ രംഗത്തുണ്ടായിരുന്നു. കോവിഡ് ബാധിച്ച് ഒറ്റ പ്രവാസി പോലും മരണപ്പെടാത്ത യു.എ.ഇ എമിറേറ്റ് കൂടിയാണ് ഉമ്മുൽഖുവൈൻ. പ്രസിഡൻറ് സജ്ജാദ് നാട്ടിക, വൈസ് പ്രഡിഡൻറ് ഷനൂജ് നമ്പ്യാർ, സെക്രട്ടറി മുഹമ്മദ് മുഹ്യുദ്ദീൻ, ട്രഷറർ രാജേഷ് ഉത്തമൻ എന്നിവർ അവാർഡ് സ്വീകരിച്ചു.

മീഡിയാ വൺ, ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ ട്രോഫി കൈമാറി. മീഡിയാവൺ മിഡിൽ ഈസ്റ്റ് മാർക്കറ്റിങ് ജനറൽ മാനേജർ ഷബീർ ബക്കർ പ്രശസ്തി പത്രം സമ്മാനിച്ചു. മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം സി എ നാസർ സ്വാഗതം പറഞ്ഞു.