LiveTV

Live

UAE

ദുബൈ കോൺസുലേറ്റില്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം തുറന്നു

365 ദിവസവും 24 മണിക്കൂറും സേവനം ലഭിക്കും

ദുബൈ കോൺസുലേറ്റില്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം തുറന്നു

ദുരിതത്തിലാവുന്ന പ്രവാസികൾക്കായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കെട്ടിടത്തിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം പ്രവർത്തനം പ്രവർത്തനം ആരംഭിച്ചു. എല്ലാ ദിവസവും 24 മണിക്കൂറും ഈ കേന്ദ്രത്തിൽ നിന്ന് പ്രവാസികൾക്ക് സഹായം തേടാം.

നേരത്തേ ജുമൈറ ലേക്ക് ടവറിൽ പുറംജോലി കരാർ നൽകി പ്രവർത്തിച്ചിരുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമാണ് ഇപ്പോൾ ദുബൈ കോൺസുലേറ്റിലേക്ക് മാറ്റി സ്ഥാപിച്ചത്. കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ പവൻ കപൂർ, കോൺസുൽ ജനറൽ ഡോ. അമൻ പുരി എന്നിവർ നിർവഹിച്ചു. ഇവിടെ നിന്ന് പ്രവാസികൾക്ക് സൗജന്യമായി നിയമം, മാനസികാരോഗ്യം, സാമ്പത്തികം എന്നീ മേഖലകളിൽ സൗജന്യ കൗൺസലിങ് ലഭ്യമായിരിക്കും. ഏഴ് അഭിഭാഷകരുടെ സൗജന്യ സേവനവും ഇവിടെ ലഭ്യമാക്കും. പ്രവാസികൾക്ക് പ്രത്യേകിച്ച് തൊഴിലാളികൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ വേണ്ടിയാണ് കേന്ദ്രം മാറ്റിയതെന്ന് അംബാസഡർ പറഞ്ഞു.

ജെഎൽടിക്ക് പുറമെ ഷാർജയിലുള്ള പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവും നിർത്തലാക്കിയിട്ടുണ്ട്. അവക്ക് പകരമാണ് പുതിയ കേന്ദ്രം. 80046342 എന്ന നമ്പറിൽ ഏത് സമയത്തും കേന്ദ്രത്തിന്‍റെ സഹായം തേടാം. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ സേവനം ലഭിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയും വാരാന്ത്യ അവധി ദിവസം ഉച്ചക്ക് രണ്ട് മുതൽ ആറ് വരെയും കേന്ദ്രത്തിൽ നേരിട്ടെത്തി സഹായം തേടാം. 0543090571 എന്നതായിരിക്കും കേന്ദ്രത്തിന്‍റെ പുതിയ വാട്ട്സ്ആപ്പ് നമ്പർ. ഇമെയിൽ വിലാസത്തിലും മാറ്റമുണ്ട്. pbsk.dubai@mea.gov.in എന്നതാണ് പുതിയ ഇമെയിൽ വിലാസമെന്നും അധികൃതർ അറിയിച്ചു