LiveTV

Live

UAE

കോവിഡ് കാലത്തും ദുബൈയിൽ വൻവികസന പദ്ധതികള്‍

200 കോടി ദിര്‍ഹമിന്റെ നഗര വികസന പദ്ധതികൾ ദുബൈ അധികൃതർ പ്രഖ്യാപിച്ചു

കോവിഡ് കാലത്തും ദുബൈയിൽ വൻവികസന പദ്ധതികള്‍

കോവിഡ് കാലത്തും ലോകത്തെ ഞെട്ടിക്കുന്ന വികസനവുമായി ദുബൈ മുന്നോട്ട്. ഒരു ഡസൻ ബീച്ചുകളുടെ നിർമാണം ഉൾപ്പെടെ 200 കോടി ദിര്‍ഹമിന്റെ നഗര വികസന പദ്ധതികൾ ദുബൈ അധികൃതർ പ്രഖ്യാപിച്ചു. പ്രകൃതി സംരക്ഷണം കൂടി ലക്ഷ്യമിട്ട് ഹരിത വനങ്ങളും പൂന്തോട്ടങ്ങളും നിർമിക്കാനും പദ്ധതിയുണ്ട്.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. സൈക്ലിങ് പാതകൾ, നീന്തൽ സ്ഥലങ്ങൾ, റണ്ണിങ് ട്രാക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

മംസാർ ബീച്ചിൽ നിന്ന് ഉമ്മു സുഖീം -2 വരെ 12 കിലോമീറ്റർ നീളത്തിലാണ് ബീച്ച് വികസനം. 10 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ച് കിടക്കുന്നതായിരിക്കും ബീച്ച്. ഇതിന് മാത്രം 500 ദശലക്ഷം ദിർഹം ചെലവ് വരും. മൂന്ന് ഘട്ടമായി പദ്ധതി പൂർത്തിയാക്കും. 100 ദശലക്ഷം ദിർഹമിന്‍റെ വികസനമാണ് റാസൽഖോർ വന്യജീവി സങ്കേതത്തിൽ ലക്ഷ്യമിടുന്നത്. സങ്കേതത്തിന്‍റെ പരിസ്ഥിതി സന്തുലിതാവസ്ഥയും ജൈവ വൈവിധ്യവും കാത്തുസൂക്ഷിച്ചായിരിക്കും നവീകരണം.

അടുത്ത വർഷം തുടങ്ങുന്ന നഗര വികസന പദ്ധതികൾ നാല് വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ എമിറേറ്റിൽ എട്ട് ദശലക്ഷം ചതുരശ്ര മീറ്റർ ഹരിത പ്രദേശങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെടും. നിലവിൽ 425 കിലോമീറ്റർ സൈക്ലിങ് ട്രാക്കാണ് ദുബൈ നഗരത്തിലുള്ളത്. ഇത് 88 കിലോമീറ്റർ കൂടി വികസിപ്പിക്കാൻ കഴിഞ്ഞ ദിവസം പദ്ധതി തയാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബീച്ച് പദ്ധതികൾക്കൊപ്പം സൈക്കിൾ ട്രാക്കുകൾ നിർമിക്കുന്നത്.