LiveTV

Live

UAE

ദുബൈയിലേക്ക് വരാനുള്ള കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവ്

ദുബൈ ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്

ദുബൈയിലേക്ക് വരാനുള്ള കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവ്

ദുബൈയിലേക്ക് വരാനുള്ള കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. യു.എ.ഇ സ്വദേശികൾക്കാണ് ഇളവ് കൂടുതൽ സഹായകമാവുക. മറ്റു രാജ്യങ്ങളിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സ്വദേശികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല.

ദുബൈ ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികൾ ഏത് രാജ്യത്ത് നിന്നായാലും ദുബൈയിലേക്ക് പുറപ്പെടാൻ പി.സി.ആർ ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല. എന്നാൽ, ദുബൈയിൽ എത്തിയ ശേഷം ഇവർ പി.സി.ആർ പരിശോധനക്ക് വിധേയമാകണം.

അതേസമയം, ദുബൈയിലേക്ക് വരുന്ന റെസിഡന്റ് വിസക്കാർ, സന്ദർശക വിസക്കാർ, ടൂറിസ്റ്റ് വിസക്കാർ എന്നിവർക്ക് പുറപ്പെടുന്നതിന് മുമ്പേ പി.സി.ആർ കോവിഡ് ഫലം നിർബന്ധമാണ്. ദുബൈ വിമാനത്താവളം വഴി മറ്റിടങ്ങളിലേക്ക് യാത്രചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് അവർ പോകുന്ന രാജ്യത്തിന്റെ നിയമപ്രകാരമാണ് കോവിഡ് പരിശോധന ബാധകമാവുക. അതത് രാജ്യങ്ങൾ നിർദേശിക്കുന്നതിന് അനുസരിച്ച് ദുബൈയിലേക്ക് വരുന്നതിന് മുമ്പോ, ദുബൈയിൽ നിന്ന് ആ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പോ ഇവർ പരിശോധന നടത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി.