LiveTV

Live

UAE

സ്വർണക്കടത്ത് പ്രതികളെ വിട്ടുകിട്ടണമെന്ന് ഇന്ത്യ യു.എ.ഇയോട് ആവശ്യപ്പെടാത്തതില്‍ ദുരൂഹത

എന്‍ഐഎ സംഘം യു.എ.ഇയിൽ നിന്നു മടങ്ങിയ ശേഷം ഇതുമായി ബന്ധപ്പെട്ട് യാതൊരു തുടർനടപടിയും ഉണ്ടായിട്ടില്ല.

സ്വർണക്കടത്ത് പ്രതികളെ വിട്ടുകിട്ടണമെന്ന് ഇന്ത്യ യു.എ.ഇയോട് ആവശ്യപ്പെടാത്തതില്‍ ദുരൂഹത

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതികളെ വിട്ടുകിട്ടണമെന്ന ആവശ്യം യു.എ.ഇക്ക് മുന്നിൽ ഉന്നയിക്കാതെ ഇന്ത്യ. എന്‍ഐഎ സംഘം യു.എ.ഇയിൽ നിന്നു മടങ്ങിയ ശേഷം ഇതുമായി ബന്ധപ്പെട്ട് യാതൊരു തുടർനടപടിയും ഉണ്ടായിട്ടില്ല. അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ നടത്തിയ അന്വേഷണ വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയെന്നാണ് വിവരം.

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ മുഖ്യ പ്രതികളായി എണ്ണുന്ന ഫൈസൽ ഫരീദ്, റബിൻസ് ഹമീദ് ഉൾപ്പെടെയുള്ളവരെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ ഇനിയും യു.എ.ഇക്ക് മുമ്പാകെ സമർപ്പിച്ചിട്ടില്ല. ആഗസ്റ്റ് 10ന് രണ്ടംഗ എൻ.ഐ.എ സംഘം യു.എ.ഇയിലെത്തി തെളിവുകൾ ശേഖരിച്ചു മടങ്ങിയതാണ്. ഫൈസൽ ഫരീദിനെതിരെ മൂന്ന് ചെക്ക് കേസുകൾ യു.എ.ഇയിൽ ഉണ്ടെങ്കിൽ തന്നെയും ഇന്ത്യ ആവശ്യപ്പെട്ടാൽ തുടർ നടപടികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.

കോൺസുലേറ്റിന്‍റെ ചുമതലയിൽ ഉണ്ടായിരുന്ന അറ്റാഷെ ഉൾപ്പെടെയുള്ളവർ യു.എ.ഇയിൽ തന്നെയാണുള്ളത്. യു.എ.ഇ പ്രഖ്യാപിച്ച അന്വേഷണ ഭാഗമായി ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിൽ കേസുമായി ബന്ധപ്പെട്ട് മികച്ച ഏകോപനം ഉണ്ടെന്ന് യു.എ.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ കേസുമായോ പുതിയ വിവാദങ്ങളുമായോ ബന്ധപ്പെട്ട് പരസ്യ പ്രതികരണമൊന്നും നടത്തേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യു.എ.ഇ അധികൃതർ.