LiveTV

Live

UAE

കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ യു.എ.ഇ വിട്ടു

മാർച്ച് ഒന്നിന് ശേഷം വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർ ഇനി മുതൽ ഫെെൻ അടക്കേണ്ടി വരും

കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ യു.എ.ഇ വിട്ടു

കാലാവധി തീർന്ന സന്ദർശക വിസക്കാരിൽ നല്ലൊരു പങ്കും യു.എ.ഇ വിട്ടതായി അധികൃതർ. ഇവർ യു.എ.ഇയിൽ തങ്ങുന്നതിന് സർക്കാർ നീട്ടി നൽകിയ സൗജന്യ കാലാവധി വെള്ളിയാഴ്ചയാണ് അവസാനിച്ചത്.

മാർച്ച് ഒന്നിന് ശേഷം വിസകാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർ ഇനി മുതൽ ഫെെൻ അടക്കേണ്ടി വരും. ആദ്യ ദിവസം 200 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 100 ദിർഹമും വീതമായിരിക്കും ഫൈൻ. എന്നാൽ, മുൻകാലങ്ങളിലെ ഫൈൻ കൂടി ഈടാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മാർച്ച് ഒന്നിന് ശേഷം വിസിറ്റിങ് വിസയുടെ കാലാവധി അവസാനിച്ചവർക്കാണ് യു.എ.ഇ സെപ്റ്റംബർ 11 വരെ സൗജന്യമായി വിസ കാലാവധി നീട്ടിനൽകിയത്. ഭൂരിപക്ഷം പ്രവാസികളും വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, കേസുകൾ മൂലം നാടുവിടാൻ കഴിയാത്തവരാണ് ഇനിയും ഇവിടെ തങ്ങുന്നത്.

കഴിഞ്ഞ മാസം വിസ കാലാവധി നീട്ടി നൽകിയതിനാൽ ഇക്കുറിയും നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിൽ ഇവിടെ തങ്ങിയവരുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ട്രാവൽ ഏജൻസികളിൽ വൻതിരക്കായിരുന്നു അനുഭവപ്പെട്ടത്. അതേസമയം, മാർച്ച് ഒന്നിന് മുൻപ് വിസകാലാവധി അവസാനിച്ചവർക്ക് രാജ്യം വിടാൻ നവംബർ 17 വരെ സമയമുണ്ട്.