LiveTV

Live

UAE

ഷാർജയിൽ ഓൺലൈൻ പഠനം രണ്ടാഴ്​ച കൂടി നീട്ടി

എമിറേറ്റിലെ കോവിഡിന്‍റെ അവസ്​ഥയെ കുറിച്ച്​ പഠിച്ച ശേഷമാണ്​ തീരുമാനം

ഷാർജയിൽ ഓൺലൈൻ പഠനം രണ്ടാഴ്​ച കൂടി നീട്ടി

എമിറേറ്റിലെ സ്​കൂളുകളിൽ ഓൺലൈൻ പഠനം രണ്ടാഴ്​ച കൂടി നീട്ടിയതായി ഷാർജ പ്രൈവറ്റ്​ എഡ്യുകേഷൻ അതോറിറ്റി (എസ്​.പി.ഇ.എ) അറിയിച്ചു. സെപ്​റ്റംബർ 13 മുതൽ 24 വരെയാണ്​ നീട്ടിയത്​. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും ഓൺലൈനിനൊപ്പം ക്ലാസ്​ മുറികളിലെ പഠനം തുടങ്ങിയിരുന്നെങ്കിലും ഷാർജയിൽ മാത്രം സമ്പൂർണ ഓൺലൈൻ പഠനം തുടരുകയായിരുന്നു. ആഗസ്​റ്റ്​ 30 മുതൽ സെപ്​റ്റംബർ 12 വരെയായിരുന്നു ഓൺലൈൻ പഠനത്തിന്​ തീരുമാനിച്ചിരുന്നത്​. ഇത്​ അവസാനിക്കാൻ നാല്​ ദിവസം ബാക്കി നിൽക്കെയാണ്​ വീണ്ടും രണ്ടാഴ്​ച കൂടി നീട്ടിയത്​.

എമിറേറ്റിലെ കോവിഡിന്‍റെ അവസ്​ഥയെ കുറിച്ച്​ പഠിച്ച ശേഷമാണ്​ തീരുമാനമെന്ന്​ എസ്​.പി.ഇ.എയും ഷാർജ ദുരന്ത നിവാരണ സമിതിയും പുറത്തിറക്കിയ സംയുക്​ത അറിയിപ്പിൽ പറയുന്നു. ആഗസ്​റ്റ്​ 30ന്​ തന്നെ സ്​കൂൾ തുറക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്​. വിദ്യാർഥികളും അധ്യാപകരും കോവിഡ്​ പരിശോധന നടത്തണമെന്നും അറിയിച്ചിരുന്നു. എന്നാൽ, സ്​കൂൾ തുറക്കാൻ അഞ്ച്​ ദിവസമുള്ളപ്പോൾ ഓൺലൈൻ പഠനം മതി എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.