LiveTV

Live

UAE

അബൂദബിയില്‍ വിദ്യാർഥികൾ ഓൺലൈൻ ക്ലാസ് തെരഞ്ഞെടുത്താലും ഇനി ട്യൂഷൻ ഫീസ് നൽകണം

കുട്ടികൾ സ്കൂളിൽ പോയിട്ടില്ല എന്ന പേരിൽ സ്കൂൾ ബസ് ഫീസിൽ ഇളവ് നൽകാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി

അബൂദബിയില്‍ വിദ്യാർഥികൾ ഓൺലൈൻ ക്ലാസ് തെരഞ്ഞെടുത്താലും ഇനി ട്യൂഷൻ ഫീസ്  നൽകണം

അബൂദബിയിലെ സ്കൂൾ വിദ്യാർഥികൾ ഓൺലൈൻ ക്ലാസ് തെരഞ്ഞെടുത്താലും ട്യൂഷൻ ഫീസ് പൂർണമായും നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കുട്ടികൾ സ്കൂളിൽ പോയിട്ടില്ല എന്ന പേരിൽ സ്കൂൾ ബസ് ഫീസിൽ ഇളവ് നൽകാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളുകളിൽ അധ്യയനം ആരംഭിക്കാനിരിക്കെ അബൂദബി ഡിപ്പാർട്ടുമെന്റ് ഓഫ് എഡുക്കേഷൻ ആൻഡ് നോളജ് അഥവാ അഡക് നൽകിയ മാർഗനിർദേശങ്ങളെ ഉദ്ധരിച്ച് യു എ ഇ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രക്ഷിതാക്കൾ തെരഞ്ഞെടുക്കുന്നത് ഓൺലൈൻ പഠനമായാലും സ്കൂളിലെ പഠനമായാലും ട്യൂഷൻ ഫീസ് പൂർണമായും നൽകണം. ഫുൾഡേ, ഹാഫ്ഡേ, ഒന്നിടവിട്ട ദിവസങ്ങളിലെ പഠനം, ആഴ്ചകളിലെ പഠനം എന്നിങ്ങനെ ഏത് രീതി അവലംബിച്ചാലും ഫീസിൽ മാറ്റമുണ്ടാവില്ല. ബസ് ഫീസ് കുറക്കാനും സ്കൂളുകൾക്ക് കഴിയില്ലെന്ന് മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

കുട്ടികൾ സ്കൂളിൽ പോയ ദിവസങ്ങളുടെ അടിസ്ഥാനത്തിൽ ബസ് ഫീസ് നിർണയിക്കുന്നത് അപ്രായോഗികമാണ്. വിദ്യാർഥികളുടെ സുരക്ഷ കരുതി പകുതി വിദ്യാർഥികളെ മാത്രമാണ് സ്കൂൾ ബസുകളിൽ പ്രവേശിപ്പിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കൾ സ്കൂളിന്റെ പ്രിൻസിപ്പളുമായി ബന്ധപ്പെട്ട് നീക്കുപോക്കിന് ശ്രമിക്കണം. സ്കൂളിൽ വിടാതെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്ന രക്ഷിതാക്കൾ മക്കൾ സ്കൂൾ സിസ്റ്റത്തിലേക്ക് തിരിച്ചുവരുമ്പോൾ അവർക്ക് പഴയ ഗ്രേഡിൽ മാത്രമേ പ്രവേശനം ലഭിക്കൂ എന്ന കാര്യം ഓർക്കണമെന്നും അഡെക് മുന്നറിയിപ്പ് നൽകി.