LiveTV

Live

UAE

കോവിഡ് കാലത്ത് ദുബൈയില്‍ നിന്ന് രണ്ടേമുക്കാൽ ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

കൂടുതല്‍ ആളുകള്‍ നാട്ടിലേക്ക് എത്തിയത് ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ്

കോവിഡ് കാലത്ത് ദുബൈയില്‍ നിന്ന് രണ്ടേമുക്കാൽ ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

കോവിഡ് പശ്ചാതലത്തില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരില്‍ രണ്ടേമുക്കാല്‍ ലക്ഷം പേരെ നാട്ടിലെത്തിച്ചു. അഞ്ച് ലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ ആളുകള്‍ നാട്ടിലേക്ക് എത്തിയത് ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ്. അഞ്ചു ഷെഡ്യൂളുകളിലായി നൂറുകണക്കിന് വന്ദേഭാരത് വിമാനങ്ങളും സര്‍വീസ് നടത്തി.

നാട്ടിലേക്ക് തിരിച്ചവരിൽ ലക്ഷത്തിലേറെ മലയാളികൾ ഉൾപ്പെടും എന്നാണ് വിവരം. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കിയിട്ടില്ല. അഞ്ചുലക്ഷത്തിലേറെ പേർ രജിസ്റ്റർ ചെയ്തതിൽ 2.75 ലക്ഷമാണ് മടങ്ങിയത്.

രജിസ്റ്റർ ചെയ്ത പലരെയും കോൺസുലേറ്റിൽനിന്ന് വീണ്ടും വിളിച്ചിരുന്നു. എന്നാൽ യു.എ.ഇയിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനാൽ പലർക്കും മടങ്ങാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

വന്ദേ ഭാരത് മിഷൻ അഞ്ചാം ഷെഡ്യൂളിന്‍റെ ഭാഗമായി ആഗസ്റ്റ് 15 വരെ 90ഓളം വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൽ 36 എണ്ണം കേരളത്തിലേക്കാണ്. ഡൽഹി, ഗയ, വാരാണസി, അമൃത്സർ, ജയ്പൂർ, ഹൈദരാബാദ്, ട്രിച്ചി, ചെന്നൈ, മുംബൈ, അഹ്മദാബാദ്, ബംഗളൂരു, മംഗളൂരു, ലഖ്നോ തുടങ്ങിയ സ്ഥലങ്ങളിലേക്കും വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 16 മുതൽ 31 വരെ അടുത്ത ഷെഡ്യൂളിലും വിമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

ദുബൈ, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽനിന്ന് യു.എ.ഇ എയർലൈൻസുകളും സർവിസ് നടത്തുന്നുണ്ട്. എയർലൈനിന്‍റെ വെബ്സൈറ്റുകളിൽ നിന്നും ട്രാവൽ ഏജൻസികളിൽനിന്നും ആവശ്യക്കാർക്ക് ടിക്കറ്റ് ലഭിക്കും. ആഗസ്റ്റ് 10 കഴിഞ്ഞാൽ വിസയില്ലാതെ യു.എ.ഇയിൽ തങ്ങുന്നവർ പിഴ അടക്കേണ്ടിവരും.