LiveTV

Live

UAE

വന്ദേ ഭാരത് മിഷന്‍; നാളെ മുതൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ യു.എ.ഇയിലേക്കെത്തും

കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൂന്നു വിമാനങ്ങളാണ് യു.എ.ഇയിലെത്തുക, യു.എ.ഇ വിമാനങ്ങളിലും ഇന്ത്യക്കാർ നാളെ മുതൽ എത്തി തുടങ്ങും

വന്ദേ ഭാരത് മിഷന്‍; നാളെ മുതൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ യു.എ.ഇയിലേക്കെത്തും

വന്ദേ ഭാരത് ദൗത്യത്തിൽ നാളെ മുതൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ യു.എ.ഇയിലേക്ക്. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൂന്നു വിമാനങ്ങളാണ് യു.എ.ഇയിലെത്തുക. യു.എ.ഇ വിമാനങ്ങളിലും ഇന്ത്യക്കാർ നാളെ മുതൽ എത്തി തുടങ്ങും. റസിഡൻസ് വിസയുള്ളവർക്കാണ് യു.എ.ഇയിൽ എത്താൻ അനുമതി. കണ്ണൂർ, തിരുവനന്തപുരം, വിമാനത്താവളങ്ങളിൽ നിന്ന് ദുബൈയിലേക്കും കോഴിക്കോട് നിന്ന് ഷാർജയിലേക്കുമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. ഉച്ചതിരിഞ്ഞ് മൂന്നു വിമാനങ്ങളും യു.എ.ഇയിലെത്തും. മൂന്നു മാസത്തിലേറെയായി നാട്ടിൽ കുടുങ്ങിയവരിൽ തിരിച്ചു വരാനുള്ള അവസരം ആഹ്ലാദം പടർത്തുന്നുണ്ട്.

വരുന്നവർക്ക് കോവിഡ് നെഗറ്റീസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. എയർ ഇന്ത്യ എക്സ്പ്രസ് നാളെ മുതൽ ഈ മാസം 26 വരെയുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 52 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ നിന്ന് 21ഉം കോഴിക്കോട് നിന്ന് 15ഉം തിരുവനന്തപുരത്തു നിന്ന് ഒമ്പതും കണ്ണൂരിൽ നിന്ന് ഏഴും സർവീസുകളാണുള്ളത്. എമിറേറ്റ്സ് എയർലൈൻസ്, എയർ അറേബ്യ, ഇത്തിഹാദ്, ഫ്ലൈ ദുബൈ വിമാന കമ്പനികൾക്കും ഇന്ത്യക്കാരെ യു.എ.ഇയിൽ എത്തിക്കാൻ അനുമതിയുണ്ട്.

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറുകൾക്കുള്ളിൽ കോവിഡ് പി.സി.ആർ നെഗറ്റീവായവർക്കാണ് യു.എ.ഇയിലേക്ക് വരാൻ അനുമതി. കൂടാതെ ദുബെ സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യണം. ഹെൽത്ത് ഡിക്ലറേഷൻ ഫോം, ക്വാറന്‍റെയിൻ വിവരങ്ങൾ എന്നിവ കൈമാറുകയും വേണം.