LiveTV

Live

UAE

ഷാർജയിൽ മനോനില തെറ്റി അലഞ്ഞ കോഴിക്കോട് സ്വദേശിയെ ‘ഇൻകാസ്' ഏറ്റെടുത്തു

പാസ്പോർട്ട് ലഭിക്കുന്നില്ലെങ്കിൽ എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികൾക്കായി കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു

ഷാർജയിൽ മനോനില തെറ്റി അലഞ്ഞ കോഴിക്കോട് സ്വദേശിയെ ‘ഇൻകാസ്' ഏറ്റെടുത്തു

ഷാർജയിൽ മനോനില തെറ്റി അലഞ്ഞിരുന്ന കോഴിക്കോട് സ്വദേശിയെ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസ് ഏറ്റെടുത്തു. ഇദ്ദേഹത്തെ സുരക്ഷിതമായി ഷാർജയിലെ ഹോട്ടൽ മുറിയിലേക്ക് മാറ്റിയതായി പ്രസിഡന്റ് വൈ എ റഹീം അറിയിച്ചു. പാസ്പോർട്ട് കണ്ടുകിട്ടാത്തതിനാൽ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ശ്രമം തുടങ്ങി. 'മീഡിയവൺ' വാർത്തയെ തുടർന്നാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ. ഇന്നലെ രാത്രി ഷാർജ സജ വ്യവസായ മേഖലയിൽ എത്തിയ ഇൻകാസ് ഭാരവാഹികളായ ഷാന്റി, മധു, ജലീൽ, ഷാഫി, സിജോ, ഇടി പ്രകാശ് എന്നിവർ ഇദ്ദേഹത്തെ കണ്ടെത്തി കുളിപ്പിച്ച് വൃത്തിയാക്കി, വസ്ത്രങ്ങൾ മാറ്റി ഷാർജയിൽ എത്തിക്കുകയായിരുന്നു. ഷാർജ അൽഖാസിമി ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയാണ് ഹോട്ടൽ മുറിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ പാസ്പോർട്ടും, പഴ്സും, മൊബൈലും ലഭിക്കുന്നവർ 050632 0994 എന്ന നമ്പറിൽ അറിയിക്കണമെന്ന് വൈ.എ റഹീം അറിയിച്ചു.

പാസ്പോർട്ട് ലഭിച്ചാൽ രണ്ടുദിവസത്തിനകം കുന്ദമംഗലം സ്വദേശിയായ യുവാവിനെ നാട്ടിലേക്ക് കയറ്റിവിടാൻ സാധിക്കും. പാസ്പോർട്ട് ലഭിക്കുന്നില്ലെങ്കിൽ എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികൾക്കായി കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഷാർജ സജയിൽ ഒരു കാർപെന്ററി സ്ഥാപനത്തിൽ വിസിറ്റ് വിസയിൽ ജോലി ചെയ്തിരുന്ന യുവാവ് മാനസിക നില തെറ്റി അലയുന്നത് പ്രദേശത്തെ പ്രവാസികളുടെ നൊമ്പരമായിരുന്നു. മെഹ്റൂഫ്, രതീഷ് എന്നിവർ യുവാവിന് താമസവും ഭക്ഷണവും ഒരുക്കി നൽകിയെങ്കിലും യുവാവ് പലപ്പോഴും സ്വബോധം നഷ്ടപ്പെട്ട് ഇറങ്ങിപോകുന്നത് തലവേദന സൃഷ്ടിച്ചു. മീഡിയവൺ ഇദ്ദേഹത്തിന്റെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തതോടെ നാട്ടിൽ നിന്നും നിരവധി പേർ പ്രശ്നത്തിൽ ഇടപെട്ടു. സാമൂഹികപ്രവർത്തകൻ നൗഷാദ് തെക്കയിൽ യുവാവിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും, യു എ ഇയിലെ ഇന്ത്യൻ എംബസിക്കും നിവേദനവും നൽകിയിരുന്നു. ഇതിനിടിയിലാണ് ഇൻകാസ് പ്രവർത്തകർ യുവാവിനെ ഏറ്റെടുക്കാൻ തയാറായത്.