LiveTV

Live

UAE

മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം മിഷൻ വിങ്സ് ഓഫ് കംപാഷൻ ചാര്‍ട്ടേഡ് വിമാനം ഷാർജയിൽ നിന്ന്; ദുരിതബാധിതർക്ക് സൗജന്യയാത്ര

എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാറിന്‍റെ പിന്തുണയോടെയാണ് ഇതു സാധ്യമാക്കുന്നത്.

മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം മിഷൻ വിങ്സ് ഓഫ് കംപാഷൻ ചാര്‍ട്ടേഡ് വിമാനം ഷാർജയിൽ നിന്ന്; ദുരിതബാധിതർക്ക് സൗജന്യയാത്ര

ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് ആരംഭിച്ച മിഷൻ വിങ്സ് ഓഫ് കംപാഷന്‍റെ ഭാഗമായി ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനം ചാർട്ടർ ചെയ്യാനുള്ള ഒരുക്കങ്ങൾ ഊർജിതം. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാറിന്‍റെ പിന്തുണയോടെയാണ് ഇതു സാധ്യമാക്കുന്നത്.

ഈ മാസം 30ന് ഉയരുന്ന വിമാനത്തിൽ തികച്ചും അർഹരും അത്യാവശ്യക്കാരുമായ എൺപതിലേറെ പേർ കൊച്ചിയിലേക്ക് പുറപ്പെടും. പി.പി.ഇ കിറ്റ് ഉൾപ്പെടെ എല്ലാ സുരക്ഷാ മുൻകരുതലുകളും ഒരുക്കിയാണ് യാത്രക്കാരെ നാട്ടിലെത്തിക്കുക. എലൈറ്റ് ഗ്രൂപ്പ് ജീവനക്കാർക്കും അർഹരായ മറ്റു യാത്രക്കാർക്കുമായി കഴിഞ്ഞ ആഴ്ചയും പ്രത്യേക വിമാനം ചാർട്ടർ ചെയ്തിരുന്നു.

ഇതിനകം നൂറ്റമ്പതിലേറെ ആളുകളെയാണ് യു.എ.ഇയിൽ നിന്ന് മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിൽ നാട്ടിലെത്തിച്ചത്. സഹാനുഭൂതിയുടെ പാഠങ്ങൾ പ്രയോഗവത്കരിക്കേണ്ട നിർണായക ഘട്ടമാണിതെന്ന് എലൈറ്റ് ഗ്രൂപ്പ് മേധാവി ആർ.ഹരികുമാർ വിമാന പ്രഖ്യാപന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എംബസിയിൽ നിന്നും കോൺസുലേറ്റിൽ നിന്നും ടിക്കറ്റ് ലഭിക്കുവാൻ താമസിക്കുന്നത് പല പ്രവാസികളിലുമുണ്ടാക്കുന്ന പ്രയാസങ്ങളും മാനസിക സംഘർഷങ്ങളും ഗൗരവമായെടുത്താണ് യാത്ര വേഗത്തിലാക്കാൻ ചാർട്ടേഡ് വിമാനം ഒരുക്കുന്നതെന്ന് ഗൾഫ് മാധ്യമം - മീഡിയവൺ മിഡിൽ ഈസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ പട്ടിക ദേര ട്രാവൽസ് ജനറൽ മാനേജർ ടി.പി. സുധീഷ് ഏറ്റുവാങ്ങി. ലോക കേരള സഭാംഗം അഡ്വ.ഹാഷിക് തൈക്കണ്ടി, ഗൾഫ് മാധ്യമം - മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം ഒലയാട്ട്, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഹാഷിം ജെ.ആർ, ബ്യൂറോ ചീഫ് സവാദ് റഹ്മാൻ, സീനിയർ റിപ്പോർട്ടർ ടി.എ. ഷിഹാബ് തുടങ്ങിയവർ സംബന്ധിച്ചു.