LiveTV

Live

UAE

നിധിന്‍ യാത്രയായത് രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി; വിയോഗം താങ്ങാനാകാതെ പ്രവാസലോകം

നിധിൻ ചന്ദ്രന് പ്രവാസലോകം നൽകിയത് വികാര നിർഭരമായ യാത്രാമൊഴി.

നിധിന്‍ യാത്രയായത് രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി; വിയോഗം താങ്ങാനാകാതെ പ്രവാസലോകം

മലയാളി മനസിൽ കണ്ണീർ പടർത്തിയ നിധിൻ ചന്ദ്രന് പ്രവാസലോകം നൽകിയത് വികാര നിർഭരമായ യാത്രാമൊഴി. സാമൂഹിക പ്രവർത്തനങ്ങളിലൂടെ എല്ലാവരുടെയും ഹൃദയം കവർന്ന നിധിന്‍റെ വിയോഗം സൃഷ്ടിച്ച നടുക്കത്തിൽ തന്നെയാണ് പ്രവാസലോകം ഇപ്പോഴും.

ചൊവ്വാഴ്ച വൈകീട്ട് ദുബൈ മുഹൈസിനയിലെ എംബാമിങ് സെൻററിൽ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു നിധിന്‍റെ പ്രിയ സുഹൃത്തുക്കളും സഹപ്രവർത്തകരും. പ്രവാസലോകത്തെ കണ്ണീരണിയിക്കുന്ന ഓർമയായി മാറിയ നിധിനെ അവസാനമായി കാണാൻ കോവിഡ് വിലക്കുകൾക്കിടയിലും ഒത്തുചേരുകയായിരുന്നു ആളുകള്‍.

ജന്മദിനങ്ങൾ പോലും സാമൂഹിക സേവനത്തിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു നിധിൻ. തിങ്കളാഴ്ച നടക്കേണ്ട രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയാണ് യാത്രാമൊഴി പോലും പറയാതെ നിധിൻ അവസാന ഉറക്കത്തിലേക്ക് യാത്രയായത്. ദു:ഖം അടക്കാനാവാതെ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും ഇൻകാസിന്‍റെയും അംഗങ്ങൾ എംബാമിങ് സെൻററിൽ നിധിനെ നാട്ടിലേക്ക് അയക്കാൻ എത്തിയിരുന്നു.

ഒന്നുറപ്പ്. നിധിൻ കൂടെയില്ല എന്ന വലിയ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ അത്ര എളുപ്പമാകില്ല, പ്രവാസലോകത്തെ ഈ പ്രിയ കൂട്ടുകാർക്കും സഹപ്രവർത്തകർക്കും.

ആതിര നിധിനെ ഒരു നോക്ക് കണ്ടു

നാടിന്‍റെ നൊമ്പരമായി മാറിയ നിധിന്‍ ചന്ദ്രന് വിട. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍‌ മരിച്ച നിധിന്‍റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ച് ഭാര്യ ആതിരയെ കാണിച്ചു. തുടര്‍ന്ന് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിച്ചു

എല്ലാം ഉള്ളിലടക്കി ഒരു നോക്ക് കണ്ടു ആതിര തന്‍റെ പ്രിയതമനെ. അവസാന യാത്രയ്ക്കിടെ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ വെച്ച്. പിഞ്ചോമന പിറന്നതറിയാതെ ഈ ലോകത്ത് നിന്ന് മടങ്ങിയ തന്‍റെ നിധിന് ആതിര അന്ത്യചുംബനം നല്‍കി. അപ്പോഴേക്കും നിധിന്‍റെ നാടായ മുയ്പോത്ത് മുഴുവന്‍ സങ്കടക്കടലായി മാറിയിരുന്നു.

വീടിന് മുന്നിലേക്ക് മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് എത്തിയപ്പോഴേക്കും അതുവരെ അടക്കിവെച്ച സങ്കടങ്ങളെല്ലാം അണപൊട്ടി. അമ്മയും അച്ഛനും മകനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത് കണ്ട് നിന്നവരുടെ കണ്ണുകളെ നയിപ്പിച്ചു.

ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്ക് ഒപ്പം നാട്ടിലേക്ക് മടങ്ങാനുള്ള അവസരം പോലും അവശത അനുഭവിക്കുന്നവര്‍ക്കായി മാറ്റിവെച്ച നിധിന്‍റെ അവിചാരിതമായ മരണം എല്ലാവരേയും ഉലച്ചു കളഞ്ഞിരുന്നു. നിധിന്‍റെ അന്ത്യയാത്രയ്ക്കിടയിലും എല്ലാവരും പ്രാര്‍ത്ഥിച്ചത് അച്ഛന്‍ പോയതറിയാതെ പിറന്ന പിഞ്ചോമനയ്ക്കും നിധിന്‍റെ പ്രിയതമ ആതിരയ്ക്കും വേണ്ടി കൂടിയായിരുന്നു.